16വയസ്സു മാത്രം ആയുസ്സുള്ള തന്റെ ശിഷ്യനെ വധിക്കാൻ വന്ന കാലനെ പരമശിവൻ വധിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട് മഹാശിവക്ഷേത്രം.🌸
ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രത്യേകതകളുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ശിവഭക്തനായ മാർക്കണ്ഡേയനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. സന്താന ഭാഗ്യത്തിനായി മൃഗന്ധു മഹർഷി അനുഷ്ഠിച്ച കഠിന തപസ്സിന്റെ ഫലമായി ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും വരം ആവശ്യപ്പെടുകയും ചെയ്യുന്നു. തപസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് മഹർഷിയിൽ നിന്നറിഞ്ഞ ദേവൻ ദീർഘായുസ്സും മന്ദബുദ്ധിയുമായ മകനെയാണോ അതോ അൽപ്പായുസും ബുദ്ധിമാനുമായ മകനെയാണോ വേണ്ടതെന്ന് മഹർഷിയോട് ചോദിക്കുന്നു. അൽപായുസ്സും ബുദ്ധിമാനുമായ മകൻ മതി എന്ന മഹർഷിയുടെ തിരഞ്ഞെടുപ്പിന്റെ ഫലമായി ജനിക്കുന്ന പുത്രനാണ് മാർക്കണ്ഡേയൻ.
പതിനാറാമത്തെ വയസ്സിൽ തന്റെ ആയുസ്സ് തീരുന്ന ദിവസം എത്തിയ കാലനെ കണ്ട് ഭയന്ന മാർക്കണ്ഡേയൻ തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിലേക്കാണ് ആദ്യം ഓടുന്നത്. ഉടൻ ക്ഷേത്രത്തിൽ നിന്ന് 'തൃപ്രങ്ങോട്ടേക്ക് പൊയ്ക്കോളൂ, മഹാദേവൻ രക്ഷിക്കും 'എന്ന ഒരു അശരീരി ഉണ്ടായിതിനെത്തുടർന്ന് തൃപ്രങ്ങോട്ടെത്തി ശ്രീകോവിലിനുള്ളിൽ കുടികൊണ്ടിരുന്ന തൃപ്രങ്ങോട്ടപ്പനെ, മാർക്കണ്ഡേയൻ ഭക്തിപൂർവം കെട്ടിപ്പിടിക്കുകയായിരുന്നു.
എന്നാൽ ഇവിടെയെത്തിയ കാലൻ മാർക്കണ്ഡേയന്റെ മേൽ പാശം എറിയുകയും അബദ്ധത്തിൽ ശിവലിംഗത്തിൽ പതിക്കുകയുമായിരുന്നു. ഇതോടെ ഉഗ്രകോപത്താൽ പ്രത്യക്ഷപ്പെട്ട ശിവൻ കാലനെ വധിച്ച് തന്റെ ഭക്തനെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ നിലകൊള്ളുന്നു. കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളുകയായിരുന്നു. തൃപ്പാദങ്ങൾ വച്ച ക്ഷേത്രത്തിനുള്ളിലെ ഈ മൂന്നു സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. കാലനെ വധിച്ചതിനു ശേഷം എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച് , ശിവൻ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള കുളത്തിലിറങ്ങി ശൂലം കഴുകി സ്നാനം ചെയ്ത് മുഖ്യശ്രീകോവിലിൽ സ്വയംഭൂവായി അവതരിച്ചു എന്നും പറയുന്നു.
🌸🌸🌸🌸🌸
13ാം ശതകത്തിൽ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തിൽ സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു എന്നാണ് ചരിത്രം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി വന്ന ചാവേറുകൾ ചാകുംവരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തതും തൃപ്രങ്ങോട്ട് ആയിരുന്നു എന്നും പറയപ്പെടുന്നു. കോഴിക്കോട് സാമൂതിരിയുടെ കീഴിലായിരുന്ന ക്ഷേത്രം പിന്നീട് വെട്ടത്തുനാട് സാമൂതിരിയുടെ കീഴിൽ വന്നു. 18ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. മൂന്ന് കുളങ്ങളും മരങ്ങളും ചേർന്നുള്ള ക്ഷേത്ര മതിൽക്കെട്ടിനുൾവശം ഭക്തിക്കപ്പുറമുള്ള സ്വസ്ഥതയാണ് തീർഥാടകർക്ക് നൽകുന്നത്.
No comments:
Post a Comment