# *ശിലയിൽ നിന്ന്* # *ശിവനിലേക്ക് - 1*
🙏🌹🌺🌸💐🌹🙏
ഭൂമിയിൽ ലയിച്ചു ശയിക്കുന്നതിനാലാണ് ആ അവസ്ഥയെ ശിലയെന്നു പറയുന്നത്.ഭൂമി തന്നെയാണ് ശില. ഭൂമിയുടെ കാഠിന്യമായിരിക്കുന്ന അവസ്ഥയാണ് ശില.ഈ കാഠിന്യാവസ്ഥയെ പ്രപഞ്ചത്തിന്റെ മൂലാധാരമെന്ന് പറയുന്നു. "ലം " എന്നുള്ളതാണ് ഭൂമീതത്വത്തിന്റെ ബീജാക്ഷരം .ലയിച്ചു ശയിക്കുന്നതിനെ കാണിക്കാൻ വേണ്ടിയാണ് ശില എന്ന വാക്കിൽ ലകാരമുപയോഗിച്ചിരിക്കുന്നത്.ഇതിൽ എല്ലാം ലയിച്ചിരിക്കുന്നുവെന്ന് സാരം. ഈ ലകാരം ഭൂമിയിലെ എല്ലാത്തരത്തിലുമുള്ള കാഠിന്യാവസ്ഥയേയും സൂചിപ്പിക്കുന്നു. തന്ത്രശാസ്ത്രത്തിൽ ശോഷണാദി എന്നു പറയുന്ന ക്രിയകൾ പഠിച്ചവർക്ക് മനസ്സിലാക്കാം ശോഷണം, ദഹനം, പ്ലാവനം, കാഠിന്യം, സുഷിരീകരണം എന്നിവയിലെ തുരീയമെന്ന അവസ്ഥയാണ് കാഠിന്യമെന്നത്. ശിലയെന്നത് കാഠിന്യമായിരിക്കുന്നതും ദേവതത്വത്തിനും മീതേയുള്ള തുരീയമായിരിക്കുന്ന അവസ്ഥയാണ്. ആ തുരീയം തന്നെയാണ് 'അഹം ' എന്നത്.
ശില തന്നെ മൂന്ന് വിധമുണ്ടെന്ന് മയമതം,ശില്പ രത്നം, മുതലായ ഗ്രന്ഥങ്ങളിലും വാസ്തു സംബന്ധമായ ഗ്രന്ഥങ്ങളിലും പറയുന്നു.പുരുഷശില, സ്ത്രീശില, നപുംസക ശില എന്നിവയാണവ. നപുംസകമെന്നാൽ സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. പുരുഷനിൽ നിന്ന് വിട്ടു എന്നു മാത്രമേയുള്ളൂ, സ്ത്രീയൊട്ട് ആയിട്ടുമില്ല അതാണ് നപുംസകം.ബിംബം പുരുഷാത്മകവും പീഠം ശക്ത്യാത്മകവുമാണ്. ഷഡാധാരത്തിന്റെ ഏറ്റവും മുകളിലെ നപുംസക ശിലയിൽ തൊട്ടിരിക്കണം പീഠം .ഇത് താന്ത്രികമായ രീതിയാണ്. എന്നാൽ കാട്ടിൽ നിന്ന് കിട്ടുന്ന ഏത് കല്ലും ശിലയായി കണക്കാക്കാറുണ്ട്.യോഗിവര്യന്മാരാലോ അവധൂതന്മാരാലോ ചില ദർശനം ലഭിച്ചവരാലോ പുഴ മുതലായവയിൽ നിന്നടുക്കുന്ന ശിലകളെ പ്രതിഷ്ഠിക്കുമ്പോൾ അവ പുരുഷശിലയെന്നോ സ്ത്രീശിലയെന്നോ നപുംസകശിലയെന്നോ ചിന്തിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ശിലകളെ ഒഴുക്ക് ശിലകളെന്നാണ് പറയുന്നത്. ഒഴുക്ക് ശില മാറ്റുകയോ പുതിയ സാകാര ബിംബം പ്രതിഷ്ഠിക്കുകയോ ചെയ്യാൻ പാടില്ല.
ഭൂമിയുടെ തുരീയാവസ്ഥയായ ശിലയുടെ ആന്തരിക തത്വം ശിവത്വം തന്നെയാണ്.ശിലയുടെ ഈ സാന്ദ്രാവസ്ഥയെയാണ് ( ഒഴുക്ക്) ശക്തി, ഭഗവതി എന്നൊക്കെ പറയുന്നത്.കാഠിന്യമായിരിക്കുന്നതിന്റെ പ്ലാസ്മാ സ്റ്റേജെന്നൊക്കെ സാന്ദ്രാവസ്ഥയെ പറയാം. ജഡമായിരിക്കുന്ന അവസ്ഥയെ കാണിക്കുന്നതാണ് ശില.എന്നാൽ ജഡം എന്നുള്ളത് നിശ്ചലതത്വവുമല്ല.ചലനം ചലനരഹിതമായിരിക്കുന്നു എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ.ശ്രീ പത്മനാഭന്റെ യോഗനിദ്ര പോലെ! ലോകർക്ക് നിദ്രയെന്ന് തോന്നും പക്ഷേ അത് ലോകനിദ്രയല്ല യോഗനിദ്രയാണ്. ജാഗ്രദവസ്ഥയിലുള്ള സുഷുപ്താവസ്ഥയാണ് യോഗനിദ്ര. ഇതേ അവസ്ഥയാണ് ശിലക്കും പറയുന്നത്.
തുടരും....... 🙏🌹🌺🌸💐🌹🙏
No comments:
Post a Comment