Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 6, 2020

വ്യാളിമുഖ പ്രതിഷ്ഠ

*​ക്ഷേത്രങ്ങളുടെ മുകളില്‍ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ?*

=======================/=

*ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.. ഭാരതത്തിലെ വിളക്കുവച്ചു ആരാധിക്കുന്ന ദേവി-ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂലബിംബപ്രതിഷ്ഠക്കു മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും…നമ്മളില്‍ പലരും ഇതിനെ പലതരത്തില്‍ തെറ്റായി അര്‍ത്ഥം കണ്ടെത്തുന്നു..ക്ഷേത്രത്തിന്‍റെ അല്ലെങ്കില്‍ വിഗ്രഹത്തിന്‍റെ ദൃഷ്ടിദോഷം മാറുവാന്‍ ആണ് വ്യാളിമുഖ പ്രതിഷ്ഠ എന്നൊക്കെ

*ഐതിഹ്യം*

*സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. “തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി ”, ദേവി ആവശ്യപ്പെട്ടു. ”ഒരു സത്പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു*.

*ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌. സത്പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു*.

*ദേവിയുടെ ശാപമേല്ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. “ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് ‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ വ്യാളിമുഖത്തെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ*. *അങ്ങിനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ കിം- പുരുഷന്‍ വ്യാളിമുഖന്‍ വിരാജിക്കുന്നു*..
*ശിവഭഗവാന്‍ തന്‍റെ കിരീടവും കിം പുരുഷന്‌ നല്കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളിമുഖം – ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു*.

*ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ് കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥ മാക്കുന്നത്‌*. 
*ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌*. *അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍റെ വികൃതരൂപമോര്‍ത്തു ‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്ന്‌ കരുതുന്നു*..

*പ്രകൃതിക്ഷോഭത്തിന്‍റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്ക്കുൂകയാണ്‌. കിംപുരുഷന്‍റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ വെറും ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കു അധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിം-പുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവപുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌*..

*കാരിക്കോട്ടമ്മ -05-02-20*

No comments:

Post a Comment