Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, February 12, 2020

കടപ്പാട്ടൂരപ്പൻ

*⚜️കടപ്പാട്ടൂരപ്പൻ⚜️*
🎀♾️♾️📍♾️♾️🎀
*🏮{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}🏮*
ശിവഭഗവാനെ അധികവും ജ്യോതിർ ലിംഗ (അടയാള)  രൂപത്തിലാണ് ആരാധിക്കാറുള്ളത്. സകലചരാചരങ്ങളുടെയും, പ്രപഞ്ചത്തിൻ്റെ  തന്നെയും സൃഷ്ടി സംഹാരകാരകനായ ദേവനെ ഒരു പക്ഷെ  ഒരു പ്രത്യേക  രൂപത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കാൻ സാധിക്കാത്തതുകൊണ്ടാവും. ചിദംബരം ക്ഷേത്രത്തിലെ നടരാജ രൂപം തികച്ചും വ്യത്യസ്തമായി ആനന്ദ നടനം ചെയ്യുന്ന ഭഗവാൻ്റെ  സുന്ദരരൂപം നമുക്ക് കാട്ടിത്തരുന്നു. അതുപോലെ വ്യത്യസ്‍തമായ പ്രതിഷ്ഠയുള്ള  ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ, പാലായിൽ ഉള്ള കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം.

“പരിപാവനവും ശില്പകലാപാടവവും തുളുമ്പുന്ന കൃഷ്‌ണശിലാ  വിഗ്രഹം ദക്ഷിണാമൂർത്തിയുടേതാണ്. വാസുകിയെ കൊണ്ട് കുട ചൂടിയവനും, ജടയിൽ ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ടവനും, ഒരു കൈ കാൽമുട്ടിൽ വച്ചവനും, അഭയവര മുദ്ര ധരിച്ചവനും, ഭുവനേശ്വരിയാൽ ശിലാസനം സ്വീകരിച്ചവനും സർപ്പ കന്യകകളാൽ സേവിതനും ആയി കാണപ്പെടുന്നു.  വട വൃക്ഷത്തിനു കീഴെ ധ്യാനത്തിലിരിക്കുന്ന ഭഗവാൻ്റെ പിന്നിലേക്കു മാറി, സർപ്പങ്ങളാൽ സേവിക്കപ്പെട്ടു ഗംഗാപാർവ്വതിമാർ കാണപ്പെടുന്നു.“ ഇതാണ് ഏകദേശ വിഗ്രഹ വർണന.

പ്രത്യക്ഷത്തിൽ  ലക്ഷണ ശാസ്ത്ര പ്രകാരം കലിയുഗ വരദനായി തോന്നാമെകിലും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ “ ഭഗവാൻ കണ്ണുമടച്ച് ധ്യാനനിഷ്ഠയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം തേജഃപൂർണ്ണവും, പ്രശാന്തവുമാണ്. സമാധിയിൽ ഇരിക്കുന്നതിനാലാണ് പ്രസന്ന വദനൻ  ആയി കാണപ്പെടുന്നത്. പിൻഭാഗത്തു കാണുന്ന സർപ്പങ്ങൾ യോഗനാഡികളെ കുറിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ ആധാര ചക്രങ്ങളും കാണാം. ശിവൻ യോഗ സമാധിയിൽ ആയതുകൊണ്ടാണ് ഗംഗാ പാർവ്വതി ദേവിമാർ പിൻവാങ്ങി ഒഴിഞ്ഞു നിൽക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ. സമാധിസ്ഥരായ യോഗിയുടെ തലക്ക് മുകളിൽ ഫണം വിരിച്ചു സർപ്പങ്ങൾ നിൽക്കാറുണ്ട്. ജടയും  കലയും, ത്രിനേത്രങ്ങളും ശിവൻ്റെ അലങ്കാര ലക്ഷണങ്ങൾ ആണ്. അതിനാൽ ഈ വിഗ്രഹം ഏതോ ഒരു  യോഗി ധ്യാനത്തിൽ ദർശിച്ചതും, അദേഹത്താൽ പ്രതിഷ്ഠിപ്പിക്കപെട്ടതും ആണ്.  (ബ്രഹ്മശ്രീ കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്).

കണ്ടുകണ്ടു  മതിവരാത്ത ഈ വിഗ്രഹം,. മീനച്ചിൽ കർത്താക്കന്മാരുടെ ഭരണകാലത്തു, അവരുടെ പ്രാർഥന പ്രകാരം മീനച്ചിലാറിൻ്റെ തീരത്തു സാക്ഷാൽ ആദി ശങ്കരൻ പ്രതിഷ്ഠിച്ചതാണെന്നു കരുതപ്പെടുന്നു. കാലചക്രഗമനത്തിൽ ഈ ക്ഷേത്രം വിസ്മരിക്കപ്പെട്ടു. ക്ഷേത്രം ഇരുന്ന സ്ഥലം ഒരു വനമായി മാറി. ജനങ്ങൾ ഇങ്ങിനെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്ന എന്ന കാര്യം തന്നെ മറന്നു . ക്രമേണ ക്ഷേത്രമിരുന്ന സ്ഥലം മഠത്തിൽ തറവാട്ടു കാരുടേതായി. പല നായർ തറവാടുകളും ക്ഷയിച്ച കൂട്ടത്തിൽ മഠത്തിൽ തറവാടും ക്ഷയിച്ചു. അങ്ങിനെ മഠത്തിൽ പാച്ചുപിള്ള എന്ന അവകാശി,  ഈ സ്ഥലം അധ്വാനശീലനായ മാടപ്പാട്ടു ശ്രീ തൊമ്മന് കൈമാറി. കാടു പിടിച്ചു കിടന്ന ഈ സ്ഥലം വെട്ടി വെളുപ്പിച്ചു കൃഷിസ്ഥലം ആകണമെന്ന് അദ്ദേഹം വിചാരിച്ചു. പുരയിടത്തിൻ്റെ  നടുക്ക് തന്നെ ഒരു വലിയ അത്തി മരം നിന്നിരുന്നു. ആ മരത്തിൻ്റെ  വലിപ്പം വച്ചു നോക്കിയാൽ ഏകദേശം ഒരു 400 വർഷമെങ്കിലും പഴക്കം കാണും. അതങ്ങനെ ആ പ്രദേശം മുഴുവൻ വേരോടി പടർന്നു നിൽക്കുകയാണ്. ആ മരം വെട്ടിമാറ്റിയാൽ തന്നെ സ്ഥലം വൃത്തിയാകും  ഇത്രയും വലിയ മരം വെട്ടാൻ പറ്റിയ ആൾക്കാർ കുറവ്. പിന്നെ കാട് പിടിച്ചു കിടന്ന സ്ഥലം സർപ്പക്കാവ് ആണോ എന്ന് ചിലർക്ക് സംശയം. ഇന്നത്തെപ്പോലെ  എന്തിനെയും കേട്ടപാടെ പുച്ഛിച്ചു തള്ളുവാൻ അന്നത്തെ ആൾക്കാർ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ പലരും ആ കാട് വെട്ടുവാൻ തയ്യാറായിരുന്നില്ല. അങ്ങിനെ ആ നിയോഗം, സ്ഥലത്തിൻ്റെ  മുൻകാല ഉടമയായ ശ്രീ പാച്ചുപിള്ളയുടെ കൈകളിൽ തന്നെ എത്തി. അപ്പോഴേക്കും അദ്ദേഹം ഉപജീവനത്തിനുവേണ്ടി മരംവെട്ടു  ഒരു തൊഴിലായി സ്വീകരിച്ചിരുന്നു.

1960 ജൂലൈ 14 , എല്ലാവരും ഭയഭീതരായിരുന്നു , ലോകം എമ്പാടും ഉള്ള മനുഷ്യർ വീർപ്പടക്കിപിടിച്ചു ഏക മനസ്സോടെ പ്രാർഥനാ നിരതരായിരുന്ന ദിവസം.  കാരണം ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞമാർ അന്നേദിവസം ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്തായാലും ലോകം അവസാനിക്കാൻ പോകുകയല്ലേ. എന്നാൽ ഈ മരവും കൂടി വെട്ടിക്കളയാം എന്ന് വിചാരിച്ചാവാം പാച്ചുപിള്ള അന്നേദിവസം തന്നെ മരം വെട്ടുവാൻ തീരുമാനിച്ചത്. കോരിച്ചൊരിയുന്ന മഴയും കാറ്റും. പട്ടാപകൽ ആയിട്ടുപോലും സൂര്യപ്രകാശം വളരെ കുറവു ആകപ്പാടെ ഒരു ഭീകരത നിറഞ്ഞ അന്തരീക്ഷം.

പാച്ചുപിള്ള, അത്തിയുടെ  മടവെട്ടി. മരം വീഴാറായി. ഇനി വടം  കൂട്ടി വലിക്കുകയെ വേണ്ടൂ. പെട്ടുന്നുണ്ടായ അതിശക്തമായ കാറ്റിൽ ആ അത്തിമരം, മട വെച്ചതിനു നേരെ എതിർദിശയിൽ മറിഞ്ഞു വീണു. എതിർദിശയിൽ മരം വീണതുകണ്ടു ഭയാക്രാന്തനായ പാച്ചുപിള്ള തലകറങ്ങി താഴെ വീണു. ബോധം തെളിഞ്ഞു എഴുന്നേറ്റപ്പോൾ മരപ്പോടിനുള്ളിലെ   നയനമനോഹരവും , അതിദിവ്യവുമായ വിഗ്രഹം കാണായി. മട വെച്ച രീതിയിൽ മരം മറിഞ്ഞിരുന്നുവെങ്കിൽ ആ വിഗ്രഹം പല കഷണങ്ങൾ ആയി മുറിഞ്ഞേനെ, 

എന്തായാലും ദൈവ നിയോഗം മറിച്ചായിരുന്നു. അങ്ങിനെ ഭഗവൽ വിഗ്രഹം ആദ്യം ദർശിക്കാനുള്ള ഭാഗ്യം ശ്രീ പാച്ചുപിള്ളക്ക് തന്നെ ലഭിച്ചു.

വിവരം കേട്ടറിഞ്ഞു തദ്ദേശവാസികൾ തടിച്ചു കൂടുകയും, നിലവിളക്കു കൊളുത്തി പ്രാർഥനയും മറ്റും തുടങ്ങുകയും ചെയ്തു. വിഗ്രഹം പ്രത്യക്ഷപ്പെട്ട സ്ഥലം ദൈവവിശ്വാസിയായ  ശ്രീ. തൊമ്മൻ ആരാധകർക്ക് കൈമാറി. അവിടെ ഒരു മഹാക്ഷേത്രം ഉയർന്നു.

നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വരുന്ന ഈ ക്ഷേത്രം ഇപ്പോൾ NSS ആണ് നടത്തുന്നത്. പാലാ  നിവാസികൾക്കും മറ്റു ഭക്തർക്കും വരദായകനായി   വിളങ്ങുന്ന കടപ്പാട്ടൂരപ്പൻ്റെ  സന്നിധി  ഒരു ശബരിമല ഇടത്താവളം കൂടിയാണ്. അയ്യപ്പനും, ദേവിയും ഉപദേവന്മാർ ആണ്. വിശിഷ്ടമായ ഒരു സർപ്പകാവും ഉണ്ട്
🎀♾️♾️♾️📍♾️♾️♾️🎀
*"വിശ്വചൈതന്യ സാരസ്വരൂപിണി! ശാശ്വത പ്രേമമാധുരീ വർഷിണി! വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! വള്ളിയാനിക്കാട്ടമ്മേ നമോസ്തുതേ!"*
🎀♾️♾️♾️📍♾️♾️♾️🎀
*ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത്‌ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:* 

 *🔱🔥വള്ളിയാനിക്കാട്ടമ്മ🔥🔱*

🎀♾️♾️♾️📍♾️♾️♾️🎀

No comments:

Post a Comment