Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 27, 2019

മനീഷപഞ്ചകം

🏵🏵🏵🏵🏵🏵🏵🏵🏵


        *മനീഷപഞ്ചകം*


അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലം ആയിരുന്നതിനാല്‍ , ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്‍ ആവശ്യപ്പെട്ടു.“ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴിപോക്കന്‍ ചോദിച്ചു. തന്റെ മുന്നില് പ്രത്യക്ഷപ്പെട്ടത് ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.

പ്രാരംഭഃ

അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകര്‍ത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി

യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കില്‍ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കില്‍ അത് ചൈതന്യം മാത്രമാണ്.

കിം ഗംഗാംബുനി ബിംബിതേfമ്ബരമണൌ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോര്‍വാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാ‍വബോധാംബുധൌ
വിപ്രോfയം ശ്വപചോfയമിത്യപി മഹാന്‍ കോfയം വിഭേദഭ്രമഃ

ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വര്‍ണ്ണക്കുടത്തിലെ ആകാശത്തിനും മണ്‍‌കുടത്തിലെ ആകാശത്തിന്നും തമ്മില്‍ ഭേദമെന്ത്?തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണന്‍ ഇതു ചണ്ഡാലന്‍‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഞാന്‍ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാന്‍ സങ്കല്പിച്ചു കാണുന്നതാണ് ഈ സര്‍വ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിര്‍മ്മലവുമായ ബ്രഹ്മത്തില്‍ ആര്‍ക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍ന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

ഗുരുവിന്റെ ഉപദേശത്താല്‍ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാള്‍ സത്യബോധമാകുന്ന ജ്ഞാനാഗ്നിയില്‍, വന്നതും വരാന്‍ പോകുന്നതുമായ കര്‍മ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാ‍നുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമര്‍പ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോfചേതനാഃ
താം ഭാസ്യൈഃ പിഹിതാര്‍ക്കമണ്ഡലനിഭാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍
യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ

പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍’ എന്നിങ്ങനെ ഉള്ളില്‍ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യന്‍ മേഘപടലങ്ങളാല്‍ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാര്‍ത്ഥങ്ങള്‍ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.

യത്‌സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാഃ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍ന്നിര്‍വൃതഃ
യസ്മിന്‍ നിത്യസുഖാംബുധൌ ഗളിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ

ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദി ലോകപാലകര്‍ പോലും ആനന്ദനിര്‍വൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി വിട്ടുപോയ മനസ്സില്‍ സത്യദര്‍ശിയായ സന്ന്യാസി നിര്‍വൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞുചേര്‍ന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാല്‍ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.


                      (കടപ്പാട്)


🏵🏵🏵🏵🏵🏵🏵🏵🏵

No comments:

Post a Comment