Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 27, 2019

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം*  
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന *പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു *യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ)അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.*
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

No comments:

Post a Comment