Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 30, 2019

മാർക്കണ്ഡേയൻ

*🔥മാർക്കണ്ഡേയൻ*🔥

കടകം എന്ന നഗരത്തിൽ കുച്ഛകൻ എന്ന് പേരുള്ള ഒരു ഉത്തമ ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം മഞ്ജരിയെന്ന ബ്രാഹ്മണ കന്യകയെ വിവാഹം കഴിക്കുകയും അവർക്ക് കൗശികൻ എന്നു പേരുള്ള ഉത്തമനായ ഒരു പുത്രൻ ജനിക്കുകയും ചെയ്തു.

    വേദശാസ്ത്രങ്ങളെല്ലാം അഭ്യസിച്ച ശേഷം, കൗശികൻ ദൂരെ ഒരു തടാകക്കരയിലെത്തി, അവിടെയിരുന്ന് തപസ്സു ചെയ്യാനാരംഭിച്ചു. ഏകാഗ്രമായ തപസ്സിന്നിടയിൽ വന്യമൃഗങ്ങൾ അദ്ദേഹത്തിനരികിലെത്തി ശരീരത്തിൽ ദേഹമുരസുകയും, ക്രമേണ അദ്ദേഹത്തിന്റെ ദേഹം മുഴുവൻ  വ്രണമായി മാറുകയും ചെയ്തു. ഇതൊന്നുമറിയാതെ കഠിനതപം തുടർന്ന കൗശികന്, പരമേശ്വര നിയോഗത്താൽ മഹാവിഷ്ണു ദർശനമരുളുകയും, അദ്ദേഹത്തിന്റെ വ്രണങ്ങളെല്ലാം തഴുകി സുഖപ്പെടുത്തുകയും, വരം നൽകുകയും ചെയ്തു. ഇന്നു മുതൽ മൃകണ്ഡു എന്ന പേരിലറിയപ്പെടുമെന്നും, പരമേശ്വരന്റെ കടാക്ഷം എന്നും ഉണ്ടാവുമെന്നു മുള്ള വരം കൊടുത്ത മഹാവിഷ്ണു, അദ്ദേഹത്തെ നന്നായി അനുഗ്രഹിക്കുകയും ചെയ്തു.

   തപസ്സവസാനിപ്പിച്ച് തന്റെ ഗൃഹത്തിൽ തിരിച്ചെത്തിയ മൃകണ്ഡു ,അച്ഛന്റെ നിർബന്ധപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പുത്ര സൗഭാഗ്യത്തിനായി തപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സംപ്രീതനായ സർവ്വേശ്വരൻ പ്രത്യക്ഷപ്പെട്ട് ബുദ്ധിഹീനരായ ദീർഘായുസ്സോടു കൂടിയ നൂറ് പുത്രന്മാരെ വേണോ അതോ ബുദ്ധിയുള്ള അല്പായുസ്സായ ഒരു പുത്രൻ മതിയോ എന്ന് മൃകണ്ഡുവിനോട് ചോദിക്കുകയുമുണ്ടായി!

    ബുദ്ധിശക്തിയുള്ള അല്പായുസ്സുള്ള പുത്രൻ മതിയെന്ന മൃകണ്ഡുവിന്റെ
അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന് ലഭിച്ച മകനാണ് മാർക്കണ്ഡേയൻ!!

    ചെറുപ്പം മുതൽ കടുത്ത ശിവഭക്തനായിരുന്ന മാർക്കണ്ഡേയന്റെ ആയുസ്സിന്റെ കാലാവധി ആയതും യമകിങ്കരന്മാർ ആ കുമാരന്റെ  പ്രാണനെടുക്കാനായി എത്തി! ശിവഭക്തനായ മാർക്കണ്ഡേയന്റെ തപോശക്തി കാരണം, അടുക്കാൻ കഴിയാതെ യമകിങ്കരന്മാർ തിരിച്ചു പോവുകയും ചെയ്തു! അവസാനം യമധർമ്മൻ തന്നെ മാർക്കണ്ഡേയന് സമീപം പാശവുമായെത്തി. യമധർമ്മനെ കണ്ട സമയത്ത്
"ശിവഭക്തന്മാർ നിന്നെ ഭയപ്പെടില്ല യമധർമ്മാ, " എന്നു പറഞ്ഞുകൊണ്ട് മാർക്കണ്ഡേയൻ, താൻ നിത്യവും പൂജിച്ച് ആരാധിക്കുന്ന ശിവലിംഗത്തെ . ഗാഢമായി ആലിംഗനം ചെയ്തു! കോപാകുലനായ യമധർമ്മനാവട്ടെ പാശം ചുഴറ്റി കുമാരന് നേരെയെറിയുകയും ചെയ്തു! പാശം കുമാരന്റെ കഴുത്തിൽ പതിക്കുമെന്ന ഘട്ടമെത്തിയപ്പോൾ സാക്ഷാൽ ശ്രീ പരമേശ്വരൻ പ്രത്യക്ഷനാവുകയും, യമനെ വധിച്ച് കുമാരനെ രക്ഷിക്കുകയും ചെയ്തു !!
ശംഭോ മഹാദേവാ....

    ഭഗവാനെ നിസ്വാർത്ഥ ഭക്തിയോടെ പൂജിച്ചതിനാൽ മാർക്കണ്ഡേയന്റെ
ആയുസ്സു പോലും ഭഗവാൻ നീട്ടിക്കൊടുത്തു !!

 യമധർമ്മനില്ലാതെ വന്നാൽ പ്രപഞ്ച നിയമം തന്നെ മാറിപ്പോകും എന്നതിനാൽ ബ്രഹ്മാവ്, വിഷ്ണു, ദേവാദികൾ എല്ലാവരും ചേർന്ന് ഭഗവാനെ ശരണം പ്രാപിക്കുകയും, യമരാജനെ ജീവിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതിൻ പ്രകാരം മഹേശ്വരൻ യമധർമ്മന് പുനർജന്മം നൽകി അനുഗ്രഹിക്കുകയുമുണ്ടായി!!

ശംഭോ മഹാദേവാ....

No comments:

Post a Comment