Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 18, 2019

ശ്രീ ശങ്കരനും ചണ്ടാളനും നായ്ക്കളും* 🙏🌹🌺🌸💐🌹🙏

*ശ്രീ ശങ്കരനും ചണ്ടാളനും നായ്ക്കളും*
🙏🌹🌺🌸💐🌹🙏
കാശിവിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള ഇടുങ്ങിയ ഗലികളില്‍കൂടി ഗംഗാതീരത്തേക്കു പതിവുപോലെ ആചാര്യസ്വാമികള്‍ നടന്നുപോകുമ്പോഴാണ് അവിചാരിതമായി ഒരുനാള്‍ അതു സംഭവിച്ചത്. ഇടുങ്ങിയ ആ വഴി അടഞ്ഞുപോകുമാറ് ഭീമാകാരനായ ഒരു ചണ്ഡാളന്‍ വേട്ടനായ്ക്കള്‍ക്കൊപ്പം എതിരേ നടന്നുവരുന്നു. മാറിപ്പോകൂ… മാറിപ്പോകൂ… ആചാര്യസ്വാമികള്‍ ആജ്ഞാപിച്ചു. എന്നാല്‍ ആ ചണ്ഡാളനാകട്ടെ യാതൊരു കൂസലുമില്ലാതെ സ്വാമിയുടെ മുന്നില്‍ നിവര്‍ന്നു നിന്നുകൊണ്ട് ഏവരും കേള്‍ക്കുമാറ് ഇങ്ങനെ ചോദിച്ചു. ‘ അല്ലയോ സന്യാസി ശ്രേഷ്ഠാ അങ്ങ് മാറിപ്പോകാന്‍ ആജ്ഞാപിക്കുന്നത് ആരെയാണ്. ശരീരത്തെയാണോ ? അതോ ആത്മാവിനെയാണോ ? ശരീരത്തെ ആസ്പദമാക്കിയാണ് ഈ കല്‍പ്പനയെങ്കില്‍ അത് യുക്തിസഹമല്ലല്ലോ. ചണ്ഡാളനായ എന്റെ ശരീരവും ബ്രാഹ്മണനായ അങ്ങയുടെ ശരീരവും അന്നമയം തന്നെയാണ്. ഒരേ പദാര്‍ത്ഥം കൊണ്ടുനിര്‍മ്മിതമായ അവകളില്‍ ഭേദത്തിനു കാരണമില്ല. ആത്മാവിനോടാണ് മാറിപ്പോകാന്‍ പറയുന്നതെങ്കില്‍ അത് സര്‍വവ്യാപിയല്ലേ ? എന്നിലും അങ്ങയിലും എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം എങ്ങോട്ടു മാറിപ്പോകാനാണ് ? എങ്ങനെ മാറാനാണ് ? മാറേണ്ട കാരണമെന്താണ് ? ‘

അദൈ്വത ദര്‍ശനത്തെ അനുഭവേദ്യമാക്കുന്ന മൗലികമായ ചോദ്യങ്ങളാണിവ. ശരീരം ആത്മാവ് എന്നീ രണ്ടുഘടകങ്ങള്‍ ഏതൊരു ജീവിയിലും കണ്ടെത്താം. ശരീരം നിര്‍മ്മിതമായിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷങ്ങള്‍ തുടങ്ങി സമസ്ത ചരാചരങ്ങള്‍ക്കും അവ പലതല്ല. ഒന്നുതന്നെയാണ്. അതിനാല്‍ അതിന്റെ പേരില്‍ ആരും അസ്പൃശ്യരാകുന്നില്ല. ആത്മാവാകട്ടെ സര്‍വചരാചരങ്ങളിലും ഒരേപോലെ വ്യാപിച്ചുനില്‍ക്കുന്നു. ആത്മാവ് ഒന്നുമാത്രമേ ഉള്ളൂ. പലതില്ല. അതുകൊണ്ടുതന്നെ അത് നിശ്ചലമാണ്. ആത്മാവിനു പോകാനും വരാനുമാകില്ല. ഒന്നു മാത്രമാകയാല്‍ അതിലും അസ്പൃശ്യത ആരോപിക്കാന്‍ സാദ്ധ്യമല്ല. സമസ്തചരാചരങ്ങളും ഒരേ ഒരു പരമാത്മാവില്‍ ഉണ്ടായി നില്‍ക്കുന്നവ മാത്രമാണ്, അതിനാല്‍ ആത്മാവ്് മാത്രമേ ഉള്ളൂ, അതുമാത്രമാണു സത്യമെന്ന അദൈ്വത ദര്‍ശനം ഈ ചോദ്യങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നു.

ശിഷ്യന്‍മാരും ഭക്തന്‍മാരുമായി അനേകംപേര്‍ കണ്ടുംകേട്ടും നില്‍ക്കവേ ചണ്ഡാളന്റെ ഈ വിധമുള്ള ചോദ്യങ്ങള്‍ ധിക്കാരമായി മാത്രമേ മറ്റാര്‍ക്കായാലും തോന്നുകയുള്ളൂ. കോപം കൊണ്ട് ആളിക്കത്തുകയായിരിക്കും അതിന്റെ ഫലം. പക്ഷേ ശങ്കരാചാര്യസ്വാമികളില്‍  അതുളവാക്കിയത് അത്ഭൂതാനന്ദങ്ങളായിരുന്നു. കണ്ടുനിന്നവരെയെല്ലാം വിസ്മയത്തിലാക്കിക്കൊണ്ട് അദ്ദേഹം ചണ്ഡാളന്റെ പാദങ്ങളില്‍ ദണ്ഡനമസ്‌കാരം ചെയ്തു. ഇവിടെയാണ് നാം ആചാര്യസ്വാമികളുടെ മഹത്വം ദര്‍ശിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ഈ ചണ്ഡാളന്‍ അദൈ്വതാനുഭവരസം പകര്‍ന്നുതന്ന ഗുരുവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വ്യാഖ്യാനം. സമസ്ത ചരാചരങ്ങളിലും ഒരേ ഒരു ബ്രഹ്മവസ്തുവിനെ ദര്‍ശിക്കുന്ന വസ്തു ആരുതന്നെയായിരുന്നാലും അദ്ദേഹം ജന്മംകൊണ്ടു ചണ്ഡാളനായിരുന്നാലും ബ്രാഹ്മണനായിരുന്നാലും ഗുരുതന്നെയാണ് എന്നു തുടര്‍ന്നും ശ്രീ ശങ്കരാചാര്യസ്വാമികള്‍ പാടി.

ചണ്ഡാളോfസ്തു സതു ദ്വിജ്യോfസ്തു ഗുരുരി –
                              ത്യേഷാ മനീഷാ മമ
എന്നവസാനിക്കുന്ന ശ്ലോകങ്ങള്‍ അദ്ദേഹം അപ്പോള്‍ ചൊല്ലി. അതാണ് പ്രസിദ്ധമായ മനീഷാ പഞ്ചകം.
എല്ലാപേരുടെയും മുന്നില്‍ വച്ച് ചണ്ഡാളപാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ചണ്ഡാളകുലത്തില്‍ പിറന്ന അദ്ദേഹമാണ് ഗുരുവെന്ന് ഉദ്‌ഘോഷിച്ചിടത്താണ് ശ്രീശങ്കരന്‍ ജഗദ്ഗുരുവായിത്തീരുന്നത്. സര്‍വവിധത്തിലുമുള്ള ഉച്ചനീചത്വവിചാരങ്ങളുടെ ചങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിയാന്‍ കരുത്തുറ്റ മഹാമന്ത്രമാണ് ആചാര്യസ്വാമികളുടെ വാക്കുകള്‍. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഏകത്വത്തെ ദര്‍ശിക്കാന്‍ ശ്രീശങ്കരസ്വാമികളുടെ ഈ അവതാര ജയന്തിദിനം നമുക്കു ശക്തിപകരട്ടെ. വിശ്വശാന്തിക്കുതകുന്ന സച്ചതിത്രമാണ് ആചാര്യസ്വാമികളുടെ ജീവിതം.                                       🙏🌹🌺🌸💐🌹🙏

No comments:

Post a Comment