🔵🔵🔵🔵🔥🚩🔥🔵🔵🔵🔵
*🚩അയ്യപ്പ ചരിതം*🚩
*ഭാഗം - 3*
*വിഷ്ണുവിന്റെ മോഹിനീരൂപം*
*ഒട്ടേറെ പ്രയത്നിച്ച് പാൽക്കടൽ കടഞ്ഞു കിട്ടിയ അമൃത് അസുരൻമാർ തട്ടിപ്പറിച്ചോടിയതോടെ ദേവന്മാർ പരുങ്ങലിലായി. ഏതുവിധേനയെങ്കിലും അമൃത് വീണ്ടെടുത്തേ മതിയാകൂ. ഭഗവാൻ വിഷ്ണുവിനല്ലാതെ മറ്റാരാലും അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.*
*അസുരന്മാരിൽനിന്ന് അമൃത് വീണ്ടെടുക്കാൻ വിഷ്ണു, മോഹിനി എന്ന സുന്ദരിയായ ഒരു ദേവകന്യകയായി രൂപമെടുത്തു.! ആരും കൊതിച്ചുപോകുന്ന സൗന്ദര്യത്തിനുടമയായ മോഹിനി കണ്ണടച്ചുതുറക്കും മുൻപ് അസുരന്മാരുടെ സമീപമെത്തി നാണം കുണുങ്ങി നിന്നു. അവളുടെ സൗന്ദര്യത്തിൽ മതിമറന്ന അസുരന്മാർ ഒന്നടങ്കം അവളുടെ പുറകെകൂടി ചോദിച്ചു.*
*"ഹേ സുന്ദരീ, ഭവതി ആരാണ്? "*
*"ഞാൻ ധന്വന്തരിയുടെ കുഞ്ഞനുജത്തിയാണ്. വളരെ വൈകിയാണ് ഞാൻ പാലാഴിയിൽനിന്നും ഉയർന്നുവന്നത്. അപ്പോഴേക്കും പാലാഴി മഥിച്ച ദേവഗണങ്ങളും അസുരഗണങ്ങളുമെല്ലാം സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. തികച്ചും അനാഥയായിപ്പോയ ഞാൻ അനുരൂപനായ വരനെ തിരക്കിയാണ് നിങ്ങളുടെ സമീപത്തെത്തിയിരിക്കുന്നത്"*
*മോഹിനിയുടെ വാക്കുകൾ കേട്ട അസുരന്മാർ ഓരോരുത്തരും മത്സരബുദ്ധിയോടെ അവളുടെ വരൻ ആകാൻ രംഗപ്രവേശം ചെയ്തപ്പോൾ ആ സുന്ദരി ഇപ്രകാരം മൊഴിഞ്ഞു.*
*"നിങ്ങൾ എല്ലാവരും ഒരുപോലെ എന്നെ വിവാഹം കഴിക്കണം എന്നുപറഞ്ഞാൽ നടക്കുന്ന കാര്യമല്ല. അതിനാൽ ഞാൻ തന്നെ ഒരു ഉപായം നിർദ്ദേശിക്കാം. ഈ അമൃതകുംഭത്തിലെ അമൃത് ഞാൻ തന്നെ നിങ്ങൾക്കേവർക്കും വിളമ്പിത്തരാം. പക്ഷേ ഒരു വ്യവസ്ഥ: ഞാൻ അമൃത് വിളമ്പിത്തീരുന്നതുവരെ നിങ്ങളേവരും കണ്ണടച്ചിരിക്കണം. ഏറ്റവുമൊടുവിൽ കണ്ണുതുറക്കുന്ന ആളെ ഞാൻ ഭർത്താവായി സ്വീകരിക്കും."*
*മോഹിനിയുടെ വ്യവസ്ഥ അസുരന്മാർക്കേവർക്കും സ്വീകാര്യമായി. ആ സൗന്ദര്യധാമത്തെ വിവാഹം ചെയ്യാൻ കൊതിച്ച് അവർ കണ്ണുകൾ ഇറുക്കെ പൂട്ടി ഇരിപ്പു തുടങ്ങി.! ആ സുവർണ്ണാവസരം പാഴാക്കാതെ മോഹിനീരൂപം പൂണ്ട വിഷ്ണുഭഗവാൻ അമൃതകുംഭവും കൊണ്ട് ദേവലോകത്തേക്ക് യാത്രയായി.*
*അമൃത് അസുരന്മാരിൽനിന്നും വീണ്ടെടുത്തു നൽകിയ വിഷ്ണുഭഗവാനെ ഏവരും സ്തുതിച്ചു. ഇന്ദ്രാദികളായ ദേവന്മാരെല്ലാം അമൃത് പാനംചെയ്ത് ജാരാനരകൾ ഇല്ലായ്മചെയ്‌തു മരണമില്ലാത്തവരായിത്തീർന്നു. അതോടെ ത്രൈലോക്യം വീണ്ടും ഐശ്വര്യസമ്പൂർണ്ണമായിത്തീരുകയും ചെയ്തു.*
തുടരും
✍🏻 സനൂപ് പാലപ്ര
🔵🔵🔵🔵🔥🚩🔥🔵🔵🔵🔵
No comments:
Post a Comment