Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, November 29, 2019

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
💛❣💛❣💛❣💛❣💛

കേരളത്തിലെ എറണാകുളം ജില്ലയിൽആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളിഗ്രാമത്തിൽ പെരിയാറിന്റെവടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനുംപാർവ്വതിയുമാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. സദാശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽതിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം, ദാമ്പത്യസുഖക്കുറവ് എന്നിവ അനുഭവിയ്ക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിയ്ക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമലഎന്നും വിളിച്ചുപോരുന്നു.[1] ശിവന് കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ഐതിഹ്യം

ക്ഷേത്രോത്പത്തി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായുംബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത്ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.
വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.
മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾഅതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗത്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. [2]

നടതുറപ്പു മഹോത്സവം

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:
പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.[3]

💛❣💛❣💛❣💛❣💛                        ബാലേട്ടൻ ijk

No comments:

Post a Comment