*🔱🔥ശിവ പുരാണമാഹാത്മ്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചത് കൊണ്ടും, ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നത് കൊണ്ടുമാണ് "ശിവപുരാണം" എന്ന പേര് ലഭിച്ചത്. ശിവപുരാണം ഭൂമിയിൽ പ്രചരിപ്പിച്ചത് വായുദേവനാണ് അതിനാൽ ഇത് വായു പുരാണം എന്ന പേരിലും അറിയപ്പെടുന്നു.
കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നല്കുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. ശിവപുരാനത്തെ ആദരപൂർവ്വം അനുദിനം, വായിക്കുന്നവര്ക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.
അനേകം ശ്ലോകങ്ങൾ അടങ്ങിയ ഈ പുണ്യ ഗ്രന്ഥത്തിൽ നിന്ന് അറുപത്തിമൂവായിരം ശ്ലോകങ്ങൾ ശിവലോകത്തിലും ഏഴു സംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഭൂമിയിലും വായുദേവൻ പ്രചരിപ്പിച്ചു. ശിവപുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. അദ്ദേഹം ഈ പുരാണത്തെ വിദ്യേശ്വരം, രൗദ്രം, ശതരുദ്രം, കൊടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നീ ഏഴു സംഹിതകളായി തിരിച്ചിരിക്കുന്നു.
ശിവന്റെ ആസ്ഥാനം കൈലാസമാണ്. മനുഷ്യ സമൂഹത്തിനു അവരുടെ കർത്തവ്യ മോചനം നല്കിക്കൊണ്ട് ശിവൻ കൈലാസത്തിൽ വസിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത പരബ്രഹ്മത്തിന്റെ മൂർത്തിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. മംഗളസ്വരൂപൻ, ശാന്തസ്വരൂപൻ എന്നർത്ഥം.
ഭഗവാൻ ശിവന്റെ വാഹനം നന്ദികേശൻ എന്ന കാളയാണ്. കഴുത്തിൽ സദാ മുണ്ഡമാലകൾ അണിഞ്ഞിരിക്കുന്നു. ഈ മാലകൾ മനുഷ്യത്തലകൾ കൊരുത്തുണ്ടാക്കിയതാണ്. ശിവൻ മഹിഷാസുരന്റെ പുത്രനായ ഗജാസുരനെ സംഹരിച്ച് ആ അസുരന്റെ ജഡത്തിൽ നിന്നെടുത്ത ആനത്തോലാണ് ഉത്തരീയമായി ധരിച്ചിരിക്കുന്നത്. ഉടുക്കാൻ പുലിത്തോൽ ഉപയോഗിക്കുന്നു.
രുദ്രന് രണ്ടു കയ്യുകളാണുള്ളതെങ്കിലും ചിലപ്പോൾ എട്ടും, പത്തും കൈകളുള്ളവനായി വർണ്ണിക്കപ്പെടാറുണ്ട്. ഒരിക്കൽ തിലോത്തമയുടെ സൌന്ദര്യം ആസ്വദിച്ചതിനാൽ നാല് മുഖങ്ങൾ ഉണ്ടായതായും പറഞ്ഞു കാണുന്നു. ശിവന്റെ ആഭരണം പാമ്പുകളാണ്. പൂണൂലായി ശേഷനെ ധരിക്കുന്നു. പിംഗളനും, പത്മനുമാണ് അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ. കംബളൻ തോൾവളയും വലത്തെകയ്യിൽ തക്ഷകനെ വലയായും ധരിച്ചിരിക്കുന്നു. അരക്കെട്ടിൽ നീലാഞ്ജന വർണ്ണനായ നീലനെ അണിഞ്ഞിരിക്കുന്നു. ശിവന്റെ ഗദയുടെ പേര് ഖട്വാംഗം എന്നാണ്.
ശിവന് ആരോഹിണി എന്നും അവരോഹിണി എന്നും രണ്ടു ലീലാവസ്ഥകളുണ്ട്. വെറും ലീലയിലൂടെ പശുഭാവം കൈക്കൊണ്ടു വിഷയ സുഖമനുഭവിച്ചും സുഖ ദുഃഖങ്ങൾക്കടിമപ്പെട്ടു ജീവിക്കുന്ന അവസ്ഥയാണ് അവരോഹിണി. വിവേകവും നൈരാശ്യവും ആർജ്ജിച്ചു കൊണ്ട് സാധനകൾ വഴി ഓരോ തത്വങ്ങളെയും അറിഞ്ഞും അവയെ അതിജീവിച്ചു കടന്നും ജീവൻ, ശിവരൂപത്തിൽ എത്തുന്ന അവസ്ഥയാണ് ആരോഹിണി.
ശിവൻ പഞ്ചരൂപനാണ്. ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, തദ്യോജാനം എന്നിവയാണ് പഞ്ചരൂപങ്ങൾ. ഇതിൽ അഘോരം എന്ന രൂപത്തിൽ നിന്നാണ് ശിവന് "അഘോര ശിവൻ' എന്ന് പേരുണ്ടായത്.
പഞ്ചരൂപനായ ശിവൻ പലപേരുകൾ ഉണ്ടായതിനുപിന്നിലും ഓരോ കാരണവും പറഞ്ഞുകാണുന്നു. ശിവന്റെ ശൂലം ത്രിഗുണാത്മകങ്ങളാണ് അത് ധരിക്കുന്നത്കൊണ്ട് ശൂലി എന്ന പേര് ലഭിച്ചു. ശിവഭൂതങ്ങൾ എപ്പോഴും സംസാരമുക്തങ്ങളായതിനാൽ അദ്ദേഹം ഭൂതങ്ങൾക്കധിപതിയായി ഭൂതനാഥനായി.
മോക്ഷാർത്ഥികളോടുള്ള കൃപാതിരേകത്താൽ അദ്ദേഹം സംസാരമാകുന്ന ശ്മശാനത്തിൽ സദാ വസിക്കുന്നു. അദ്ദേഹത്തിൻറെ വിഭൂതി ലേപനം ഐശ്വര്യത്തെയാണ് പ്രദാനം ചെയ്യുന്നത്. അതിനാൽ ശിവൻ `ഭൂതിഭൂഷണൻ’ എന്നറിയപ്പെടുന്നു. ശിവന്റെ വാഹനമായ കാള ധർമ്മമാണ്. ശിവൻ അതിന്റെ പുറത്തിരിക്കുന്നതിനാൽ `വൃഷഭവാഹന’നായിത്തീർന്നു. സർപ്പങ്ങൾ ക്രോധാദി ദോഷങ്ങളാണ്. ജഗൽ പിതാവ് അവയുടെ ക്രോധാദി ദോഷങ്ങളെ മുഴുവൻ അടക്കി, തന്റെ ഭൂഷണമാക്കിത്തീർക്കുന്നതിനാൽ അദ്ദേഹം `സർപ്പഭൂഷണൻ’ എന്നറിയപ്പെട്ടു. ജടകൾ നാനാ രൂപത്തിലുള്ള കർമ്മങ്ങളാണ് അവയെ ധരിക്കുന്നതിനാൽ `ജടാധരൻ’ ആയി.
ശിവന്റെ നേത്രങ്ങൾ മൂന്നു വേദങ്ങളാണ്. അതിനാൽ ഭഗവാൻ `മുക്കണ്ണനായി’. സത്യം, രജസ്സ്, തമസ്സ് ഇവയുടെ വികാരമായ സ്ഥൂല സൂഷ്മകാരണ ശരീരങ്ങളാണ് ത്രിപുരന്മാർ. ജ്ഞാനനേത്രം കൊണ്ട് അവയെ നശിപ്പിച്ചതിനാൽ ശിവൻ `ത്രിപുരാന്തകൻ’ എന്നറിയപ്പെടുന്നു.
മഹേശ്വരൻ കാരണ പദാർതമാണ്. ശിവന് സൃഷ്ടി സ്ഥതി സംഹാരം തിരോധാനം, അനുഗ്രഹം എന്നീ അഞ്ചു ശക്തികൾ ഉണ്ട്. പ്രഭുത്വ ശക്തികൊണ്ട് ജീവനെ രക്ഷിച്ചു നിയന്ത്രിക്കുന്നത് കൊണ്ടും, ജ്ഞാനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ശിവന് `പതി' എന്ന ശബ്ദം ലഭിച്ചു.
പതി സ്വതത്രനാണ്. ഐശ്വര്യവാനാണ്. ആദിയിലുള്ളവനും, പതിയുടെ ഇച്ഛയാലാണ് ജീവന് സുഖത്തിലും, ദുഃഖ ത്തിനും ആശ്രയമായ ശരീരം ഇന്ദ്രിയങ്ങൾ, വിഷയങ്ങൾ മുതലായവ ലഭിക്കുന്നത്. ഇങ്ങനെ ജ്ഞാനശക്തി കൊണ്ട് ആശ്രയമായതിനാൽ അദ്ദേഹം മഹേശ്വരൻ എന്നറിയപ്പെട്ടു.
കൈലാസത്തു ശയിക്കുന്നതിനാൽ, അതായത് പർവ്വതത്തിൽ വിശ്രമിക്കുക എന്ന ധർമ്മത്തോട് കൂടിയവൻ എന്ന അർത്ഥത്തിൽ ശിവനെ`ഗിരീശൻ’ എന്ന് വിളിക്കുന്നു.
ശിവൻ തന്റെ ശിരസ്സിലാണല്ലോ സദാ ഗംഗയെ വഹിച്ചിരിക്കുന്നത്. ഒരിക്കൽ ഭഗീരഥൻ ഗംഗയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. എന്നാൽ ഗംഗയുടെ പതനം ഭൂമിക്കു സഹിക്കാൻ സാദ്ധ്യമാല്ലാതെ വന്നതിനാൽ ഭഗീരഥൻ ശിവനെ തപസ്സു ചെയ്ത്. ശിവൻ പ്രത്യക്ഷനായി ഗംഗയെ തലയിൽ താങ്ങുകയും ചെയ്തു. അന്നുമുതൽ ശിവൻ ഗംഗാധരനായി.
അഗ്നിരൂപമായ ശുക്ലം ഉള്ളതിനാൽ ശിവനെ `കുശാനുരേതസ്സ്’ എന്ന് വിളിക്കുന്നു. ദക്ഷയാഗത്തെ നശിപ്പിച്ചതിനാൽ `ക്രതുദ്ധ്വംസി' എന്നും ആനത്തോൽ ഉടുക്കുന്നവാൻ എന്ന അർത്ഥത്തിൽ `കൃത്തിവാസസ്സ്’ എന്ന പേരിനും അർഹനായി.
ഒരിക്കൽ ശിവൻ നരനാരായണന്മാരിൽപ്പെട്ട നരനുമായി മത്സരിച്ചു. നരൻ പ്രയോഗിച്ച പശുവിനെ ശിവൻ ശൂലം കൊണ്ട് മുറിച്ചു കളഞ്ഞു. അന്നുമുതൽ ശിവന് `ഖണ്ടപരശു' എന്ന പേർ ഉണ്ടായി.
മൂന്ന് ലോകങ്ങൾക്കും പിതാവാകയാൽ `ത്രയംബകനെന്നും’ ജീവജാലങ്ങളെ സംസാര ഭയത്തിൽ നിന്നും രക്ഷിക്കുന്നവനാകയാൽ `പശുപതി' എന്നും അറിയപ്പെടുന്നു.
സർവ്വസൃഷ്ടികളുടേയും ഈശ്വരനാണ് ശിവൻ. അതിനാൽ ശിവൻ `ഭൂതേശനായി’. സകലതിന്റെയും ഉത്ഭവ സ്ഥാനമായവൻ, ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവാൻ മംഗളരൂപി എന്നീ രീതിയിലെല്ലാം ശിവനെ `ഭവൻ’ എന്ന് വിളിക്കുന്നു. സദാ മംഗളം ആഗ്രഹിക്കുന്നവൻ എന്നാ നിലയിൽ `സദാശിവൻ' ആയി.
പാർഷദന്മാരുടെ അധിപനായത്തിൽ `പ്രമതാധിപ'നെന്നും വലിയ ശരീരമുള്ളതിനാൽ `ഭീമൻ' എന്നും, സുഖത്തെ നല്കുന്നവനാകയാൽ `മൃഡൻ' എന്നും, കാലനെ ജയിക്കുന്നവാൻ എന്ന അർത്ഥത്തിൽ `മൃത്യുഞ്ജയ'നെന്നും പറഞ്ഞു വരുന്നു.
രക്തവർണ്ണമുള്ള ജടയുള്ളതിനാൽ ശിവൻ `കപർദ്രി'യും ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാൽ `ചന്ദ്രശേഖരൻ' എന്നും തന്റെ വാമാഭാഗത്തു ദേവിയെ ധരിച്ചിരിക്കുന്നവനും, ദുഷ്ടന്മാരുടെ മദത്തെ കളയുന്നവനും ആയതിനാൽ `വാമദേവനു'മാണ്.
സൂര്യൻ ചന്ദ്രൻ അഗ്നി ഈ രൂപങ്ങളോടുകൂടിയ ഭയങ്കരമായ കണ്ണുകളുള്ളവനും വിരൂപന്മാരിൽ പോലും കൃപാദൃഷ്ടിയുള്ളവൻ എന്ന പേരിലും ഭഗവാൻ `വിരൂപാക്ഷൻ' എന്നറിയപ്പെടുന്നു.
ആകാശവ്യാപികളായ കേശങ്ങളുള്ളതിനാൽ `വ്യോമകേശ'നെന്നും പേരുണ്ട്. വൃഷത്തെ ധ്വജം - അഥവാ കൊടി അടയാളമാക്കിയവൻ എന്ന അർത്ഥത്തിലാണ് `വൃഷധ്വജൻ' എന്ന പേര് നല്കിയിരിക്കുന്നത്.
സുഖത്തെ ചെയ്യുന്നതിനാൽ `ശംഭു' എന്നും ‘ശം’ കൊടുക്കുന്നവൻ എന്ന അർത്ഥത്തിൽ `ശങ്കരൻ' എന്നും പ്രളയകാലാരംഭത്തിൽ ലോകത്തെ ഹിംസിക്കുന്നവനാകയാൽ `ശർവ്വ'നെന്നും. ശിവന്റെ അംശം കൊണ്ട് ജനിച്ചവൻ, ജനന സമയത്ത് തന്നത്താൻ രോദിച്ചവൻ എന്ന അർത്ഥത്തിൽ `രുദ്ര'നെന്നും, കാളകൂടം ഭക്ഷിച്ചതുകൊണ്ട് നീലനിറത്തിൽ തിളങ്ങുന്ന കണ്ഡമുള്ളവൻ `നീലകണ്ഠൻ' എന്നും, എല്ലാം അറിയുന്നവൻ എന്ന അർത്ഥത്തിൽ `സർവ്വജ്ഞനും'
പ്രളയ കാലത്തുപോലും നാശമില്ലാതെ സ്ഥിതി ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ `സ്ഥാണു' എന്നും അനേകം പേരുകളിൽ ശിവൻ അറിയപ്പെടുന്നു. പിനാകമുള്ളവനായതിനാൽ `പിനാകി', കാലന്റെ ശത്രുവായതിനാൽ `അന്തകരിപു', `ഉഗ്രൻ', `മന്ദരവാസി' എന്നിവയും അദ്ദേഹത്തിനു പറഞ്ഞുവരുന്ന പേരുകൾ തന്നെ. നീലലോഹിതൻ, ഹരൻ, ഭർഗ്ഗൻ, ഉമാപതി, മഹാദേവൻ അങ്ങനെ അനേകം പേരുകൾ അദ്ദേഹത്തിനു ഇനിയും ബാക്കിയുണ്ട്.
ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയും ബ്രഹ്മാവിന്റെ ആയുസ്സിനെക്കാൾ കുറവുമാണ്. ആയിരം ചതുർയോഗം കൂടുന്നതാണ് ബ്രഹ്മാവിന്റെ ഒരു ദിവസം. ഒരു ബ്രഹ്മാവിന്റെ ജീവിതത്തിൽ പതിനാലു ഇന്ദ്രന്മാർ ജനിക്കുകയും ആയുസ്സൊടുങ്ങി മരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രണ്ടു ബ്രഹ്മായുസ്സ് ചേരുന്നതാണ് വിഷ്ണുവിന്റെ ഒരായുഷ്കാലം. എന്നാൽ ശിവന്റെ ആയുസ്സാകട്ടെ വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. മഹേശ്വരന്റെ ആയുസ്സ് അവസാനിക്കുമ്പോൾ രുദ്രൻ പരാശക്തിയിൽ ലയിച്ചു ചേരുന്നു. സൃഷ്ടികാലം വരുമ്പോൾ ഭഗവാൻ ശിവൻ വീണ്ടും അവതരിക്കുന്നു.
മാനസിക വികാരങ്ങളെ തടഞ്ഞു നിരത്തി ജ്ഞാനവും വൈരാഗ്യരഹിതവുമായ ഭക്തിയും കൊണ്ട് വിവേകം വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമായ ഒരു മാർഗ്ഗമാണ് ശിവപുരാണ കഥകേൾക്കുക. ആ വഴിക്ക് അന്ത:കരണത്തിന് വിശേഷശുദ്ധിയും തദ്വാരാ ശിവ പ്രാപ്തിയും ഉണ്ടാകുന്നതിനുകാരണമാകുന്നു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
No comments:
Post a Comment