Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 4, 2021

_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_

💫✨🌼✨🌼✨🌼✨🌼✨🌼

*_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_* 



 *തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം.*

ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.
ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും, ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും, സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്ത മാതൃക്കളും, ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉണ്ണിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മറ്റെവിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും, നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.
പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.
അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌.

ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും, പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ പുണരുന്ന വിഗ്രഹം.
കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറ എഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തു നിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.
കടപ്പാട്
സോഷ്യൽ മീഡിയ
🌼⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼

No comments:

Post a Comment