" *വേളോർവട്ടം* *മഹാദേവക്ഷേത്രം*
*ക്ഷേത്രപരിചയം*
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തെക്ക് റോഡരുകിൽ വേളോർവട്ടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയിലെ ഒറ്റപ്പുന്നയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക്. ഒരേ നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി രണ്ടു പ്രധാന മൂർത്തികൾ. രണ്ടുപേരും ശിവന്മാർ!. തെക്കനപ്പനായ ശിവൻ സ്വയംഭൂവായിട്ടുള്ളതാണ്. കിരാതമൂർത്തിയായ ഈ ദേവന് കൂടുതൽ പ്രാധാന്യം.
ആഴ്വാഞ്ചേരി തംബ്രാക്കൽ മുറജപത്തിനു പോകുംവഴി വേളോർവട്ടത്തു താമസിച്ചു വൈക്കം ക്ഷേത്രത്തിൽ ദർശനംനടത്തുക പതിവാക്കിയിരുന്നു. വൈക്കത്തപ്പനിലുള്ള ഇദ്ദേഹത്തിന്റെ ഭക്തിവിശ്വാസം ഊരാണ്മക്കാരെ വിറളിപിടിപ്പിച്ചിരുന്നുവത്രെ!. ഒരിക്കൽ ഈ പതിവു മുടക്കുന്നതിന് അവർ ക്ഷേത്രനട നേരത്തെ അടച്ചുപോയത്രേ!. വൈക്കത്തപ്പനെ കണ്ടുതൊഴാൻ കഴിയാഞ്ഞതിൽ അതീവ ദുഃഖിതനായ അദ്ദേഹം ജലപാനം പോലും ചെയ്യാതെ വേളോർവട്ടത്തേക്കു തന്നെ മടങ്ങിയെത്തി അന്തിയുറങ്ങി. സ്വപ്നത്തിൽ വൈക്കത്തപ്പൻ ദർശനം നൽകിയശേഷം ഇനി വൈക്കത്തു വരേണ്ടെന്നും , വേളോർവട്ടത്തെത്തി ദർശനം തരുന്നുണ്ടെന്നും അറിയിച്ചു. പിറ്റേന്നു കാലത്ത് ഇവിടുത്തെ ഹോമകുണ്ഡത്തിൽ നിന്ന് ഭഗവാൻ സ്വയം അവതരിച്ച് തംബ്രാക്കൽക്ക് ദർശനം നൽകിയത്രേ!. ഈ ദേവനാണ് തെക്കുവശത്തെ ചതുര ശ്രീകോവിലിൽ വിരാജിക്കുന്നത്.
ക്ഷേത്രത്തിലെ വടക്കേ വട്ട ശ്രീകോവിലിൽ വടക്കനപ്പനായ ശിവനെ പ്രതിഷ്ഠിച്ചത് വില്വമംഗലംസ്വാമിയാരാണ്. 108 ശിവാലയങ്ങളുടെ പട്ടികയിൽ ചേർത്തല രണ്ടുപ്രാവശ്യം ആവർത്തിക്കുന്നതുകൊണ്ട് ഈ രണ്ടു ദേവന്മാർ തന്നെയാണ് പ്രസ്തുത മൂർത്തികളെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം. കിഴക്കോട്ട് ദർശനം. രണ്ടു കൊടിമരങ്ങൾ. കരിനാഗയക്ഷിയമ്മ , രക്ഷസ്സ്, അറുകൊല എന്നീ ഉപദേവതമാർ പുറത്ത്. ഗണപതി , ശാസ്താവ് , വിഷ്ണു എന്നീ ഉപദേവതമാർ അകത്തുമാണ്. ഈ ക്ഷേത്രം പണ്ട് സർപ്പദോഷത്തിന് പ്രസിദ്ധിയുള്ളതായിരുന്നു. തുലാമാസത്തിലെ ആയില്ല്യത്തിന് സർപ്പങ്ങൾക്ക് 'തളിച്ചുകൊട' നടത്തുന്നു. കുംഭമാസത്തിൽ ശിവരാത്രിക്ക് പള്ളിവേട്ട യും പിറ്റേന്ന് ആറാട്ടും നടത്തുന്നതിന് എട്ടുദിവസം മുൻപ് കൊടിയേറി ഉത്സവം തുടങ്ങുന്നു. മണ്ഡലവ്രതത്തിന് 41 ദിവസവും ചിറപ്പ് നടത്തുന്നു. എന്തു വഴിപാടുകൾ ആയാലും ആദ്യം വടക്കനപ്പന് നടത്തിയിട്ട് വേണമെന്നുണ്ട്. അഭീഷ്ടസിദ്ധിയ്ക്കു വഴിപാട് നടത്തിയാലും പ്രസാദം വാങ്ങിയില്ലെങ്കിൽ വിപരീതഫലംചെയ്യുമെന്ന് അനുഭവസ്ഥർ!
സഹസ്രകലശവും , ചതു:ശ്ശതവുമാണ് അഭീഷ്ടസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ വച്ചാണ് കരപ്പുറത്തെ 64 പ്രഭുക്കന്മാരിൽനിന്നും പണംവാങ്ങി രാമയ്യൻ ദളവ അവർക്ക് " മാടമ്പി " സ്ഥാനം കൊടുത്തതെന്നു പറയപ്പെടുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലും , കേരളഊരാഴ്മ ദേവസ്വം ബോർഡിന്റെ അധീനതയിലുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം വേളോർവട്ടം ശ്രീ മഹാദേവക്ഷേത്ര ഭരണസമിതിയ്ക്കാണ്🙏...
🔱 *ശംഭോമഹാദേവാ* 🔱
കടപ്പാട്...
No comments:
Post a Comment