*ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശിൽ. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ പ്രശസ്തമായ ക്ഷേത്രം.
ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.
ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.
11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.
ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്രത്തിലെ ബാൽക്കണി വൻ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്കല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.
ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.
ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.
എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ ഉയർന്നു.
വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .
ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.
അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ ശിലാസ്തംഭങ്ങൾ.
ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.
ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.
നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത് തലയിൽ വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.
നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.
ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.
തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു കാരണം
കടപ്പാട്...
No comments:
Post a Comment