Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, September 5, 2020

രുദ്രാക്ഷ മാഹാത്മ്യം

🌹🌹🌹🌹🌹🌹
*അറിവിൻ്റെ മുത്തുകൾ*
💐💐💐💐💐
      *രുദ്രാക്ഷ മാഹാത്മ്യം*
🦚🦚🦚
ഒരു ദിവസം ഭൂസുണ്ഡൻ കാലാഗ്നിരുദ്രനോട് പറഞ്ഞു: “അങ്ങ് രുദ്രാക്ഷത്തിന്റെ ഉൽപത്തിയെപ്പറ്റിയും രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഫലത്തെപ്പറ്റിയും എനിക്ക് പറഞ്ഞുതന്നാലും!
അതുകേട്ടപ്പോൾ ഭഗവാൻ കാലാഗ്നിരുദ്രൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ത്രിപുരാസുരന്മാരെ വധിക്കുന്നതിന് സമാധിസ്ഥനായി കണ്ണുകൾ അടച്ച് ആസനസ്ഥനായി ഇരുന്നു. അപ്പോൾ കണ്ണുകളിൽനിന്നും ജലബിന്ദുക്കൾ ഭൂമിയിൽ വീണു. അവ ഭൂമിയിൽ രുദ്രാക്ഷവൃക്ഷങ്ങളായിത്തീർന്നു. രുദ്രാക്ഷനാമോച്ചാരണംചെയ്താൽ പത്തു പശുക്കളെ ദാനംചെയ്യുന്ന ഫലവും ദർശനസ്പർശനാദികളാൽ അതിന്റെ ഇരട്ടി ഫലവും ലഭിക്കും.കൂടുതൽ എനിക്ക് എന്തു വേണം?
കാലാഗ്നി രുദ്രന്റെ മനസ്സിൽ ചിന്തകൾ ചോദ്യങ്ങളായിട്ടുയർന്നു.രുദ്രാക്ഷങ്ങളെപ്പറ്റിയുള്ള മന്ത്രങ്ങൾ എവിടെയാണുള്ളത് ? എന്താണ് അവരുടെ നാമം? എപ്രകാരമുള്ള മനുഷ്യരാണ് രുദ്രാക്ഷം ധരിക്കുന്നത്? അത് ധരിക്കുമ്പോൾ എന്തെല്ലാം ചെയ്യണം? ഭൂസുണ്ഡന്റെ ചോദ്യങ്ങൾക്ക്  രുദ്രഭഗവാൻ കൊടുത്ത മറുപടി " ആയിരം സംവത്സരങ്ങൾക്കു ശേഷം ഞാൻ കണ്ണു തുറന്നപ്പോൾ ഭൂമിയിൽ പതിച്ച ജലകണങ്ങൾ മഹാരുദ്രാക്ഷമരങ്ങളായി വളർന്നുയർന്നു.അത് ഭക്തന്മാരുടെ അനുഗ്രഹത്തിന് സ്ഥാപരമായിത്തീർന്നു"

.രുദ്രാക്ഷം ധരിച്ചാൽ ദത്തന്മാരു ടെ  പാപങ്ങൾ നശിക്കുന്നു. കാണാൻ സാധിച്ചാൽ ലക്ഷം പുണ്യം. ധരിച്ചാൽ കോടി പുണ്യം. ധരിച്ച് ജപിച്ചാൽ കോടാനുകോടി പുണ്യം. എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ. രുദ്രാക്ഷം ധരിച്ചാലുള്ള പുണ്യം രുദ്രാക്ഷം തൊട്ടു ജപിച്ചാൽ കിട്ടുന്നതാണ്.
നെല്ലിക്കയോളം വലിപ്പമുള്ള രുദ്രാക്ഷമാണ് ഏറ്റവും ശ്രേഷ്ഠം.ലന്തക്കായ്ക്ക് തുല്യമാണ് മധ്യമം. കടലയ്ക്കക്കൊത്തത് അധമം. ഇനി അതിന്റെ ധർമ്മവും പ്രക്രിയകളെപ്പറ്റിയും പറയാം.
പരമശിവന്റെ നിർദ്ദേശമനുസരിച്ച് നാലുവിധത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. അവ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാകുന്നു. അതിൽ വെളുത്തത് ബ്രാഹ്മണനും ചുവന്നത് ക്ഷത്രിയനും മഞ്ഞ വൈശ്യനും കറുത്തത് ശൂദ്രനുമാകുന്നു. ഇരുണ്ട് സ്നിഗ്ധവും ബലമുള്ളതും സ്ഥൂലവും മുള്ളുള്ളതും ശുഭമെന്ന് കരുതുന്നു. കീടങ്ങൾ കടിച്ചതും മുള്ളില്ലാത്തതും വർജ്ജിക്കണം. സ്വയം ദ്വാരമുള്ളതാണ് ഏറ്റവും ഉത്തമമായ രുദ്രാക്ഷമത്രേ ! ദ്വാരമില്ലാത്തവയെ ദ്വാരമുണ്ടാക്കിയാൽ അത് മധ്യമത്തിൽപ്പെടും. സ്നിഗ്ധവും ദൃഢവും സ്ഥൂലവുമായ രുദ്രാക്ഷങ്ങളെ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് ശ്രേഷ്ഠം. രുദ്രാക്ഷം ചാണയിൽ ഉരച്ചാൽ സ്വർണ്ണംപോലെ തിളങ്ങുന്നത് ഉത്തമത്തിൽപ്പെടും.ശിവഭക്തന്മാർ രുദ്രാക്ഷം ധരിക്കണം. ശിഖയിൽ ഒന്നും,  മാലയിൽ മുപ്പത് എണ്ണവും ധരിക്കണം. നൂറ്റെട്ട് എണ്ണംകൊണ്ടുണ്ടാക്കിയത് ശ്രേഷ്ഠമാണ്. കൂടാതെ,കഴുത്തിലും കൈകളിലും കാതിലും കിരീടത്തിലും രുദ്രാക്ഷം ധരിക്കാം.നൂലിൽ കോർത്ത രുദ്രാക്ഷമാല കേയൂരകടകത്തിലും അരയിലും ധരിക്കാം. കൂടാതെ, മന്ത്രം ചൊല്ലി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാകുന്നു. കൂടാതെ അഘോരമന്ത്രവും പഞ്ചാക്ഷരമന്ത്രവും ചൊല്ലി ധരിക്കുന്നത് ഇരട്ടി ഫലം ചെയ്യും.
ഭഗവാൻ കാലാഗ്നി രുദ്രൻ ഭൂസുണ്ഡനോട് രുദ്രാക്ഷസ്വരൂപം, ഫല ശ്രുതി, ഫലപ്രാപ്തി എന്നിവയും വിസ്തരിച്ച് പറഞ്ഞുകൊടുത്തു.
ഏകമുഖ രുദ്രാക്ഷം പരതത്ത്വസ്വരൂപമാണെന്നും അത് ധരിച്ചാൽ ഇന്ദ്രിയങ്ങളെ ജയിച്ച് പരതത്ത്വത്തിൽ ലയിക്കുമെന്നും പറയപ്പെടുന്നു.ദ്വിമുഖരുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമാണ്. അത് ധരിച്ചാൽ അർദ്ധനാരീശ്വരൻ സന്തുഷ്ടനാകുമെന്നാണ് വിശ്വാസം. മൂന്നു മുഖമുള്ളത് അഗ്നിസ്വരൂപം. അത് ധരിച്ചാൽ അഗ്നിദേവൻ സന്തോഷിക്കും. അഞ്ചു മുഖമുള്ളത് ശിവപ്രതീകമാണ്. പഞ്ചമുഖൻ പുരുഷഹത്യയെ ദുരീകരിക്കും. ആറ് മുഖമുള്ളത് കാർത്തികേയസ്വരൂപം.ധരിച്ചാൽ ഐശ്വര്യം വർദ്ധിക്കും.ആരോഗ്യം ലഭിക്കും.ഇതിനെ ഗണേശസ്വരൂപമായും കരുതിവരുന്നു. ഏഴ് മുഖമുള്ളത് സപ്തമാതാക്കളുടെ സ്വരൂപം. ജ്ഞാനവും ഐശ്വര്യവും വർദ്ധിക്കും.എട്ട് മുഖമുള്ളത് അഷ്ടമാതാസ്വരൂപം.അഷ്ടവസുക്കൾക്ക് പ്രിയങ്കരം. ഗംഗാദേവി സന്തോഷിക്കും. ഒൻപത് മുഖമുള്ളതിന്റെ അധിദേവത നവശക്തിയാണ്.നവശക്തികൾ പ്രസാദിക്കുന്നു. പത്തു മുഖമുള്ളതിന്റെ അധിദേവത യമനാണ്.ദശാദോഷങ്ങൾ അകറ്റാൻ യമനെ പ്രീതിപ്പെടുത്തണം.പതിനൊന്നു മുഖമുള്ളതിന്റെ ദേവത ഏകാദശരുദ്രന്മാരാണ്.അവരെ പ്രീതിപ്പെടുത്തിയാൽ സൗഭാഗ്യം വർദ്ധിക്കും.പന്ത്രണ്ട് മുഖമുള്ളതിന്റെ സ്വരൂപം മഹാവിഷ്ണുവാണ്. ദേവത ദ്വാദശാദിത്യന്മാരും.പതിമൂന്നു മുഖമുള്ളത് ധരിച്ചാൽ കാമദേവൻ സന്തോഷിക്കും. പതിന്നാല് മുഖമുള്ളത് രുദ്രനിൽ നിന്നും ഉണ്ടായതാണ്.അത് സർവ്വവ്യാധിഹരവും സുഖദായകവും ആണ്.

രുദ്രാക്ഷം ധരിക്കുന്നവൻ മത്സ്യവും മാംസവും ഭക്ഷിക്കരുത്. മദ്യം കഴിക്കരുത്. ഗ്രഹണസമയത്തും വിഷു, അയനപരിവർത്തനം, അമാവാസി, പൗർണ്ണമി എന്നീ സമയങ്ങളിൽ രുദ്രാക്ഷം ധരിച്ചാൽ പാപവിമുക്തി ഉണ്ടാകും. രുദ്രാക്ഷത്തിന്റെ മൂലം ബ്രഹ്മാവും നാളം വിഷ്ണുവും മുഖം രുദ്രനും ബിന്ദുക്കൾ ദേവന്മാരുമാകുന്നു.
ഒരു ദിവസം സനത്കുമാരൻ കാലാഗ്നിരുദ്രനോടു ചോദിച്ചു: “ഭഗവാനേ, അങ്ങ് രുദ്രാക്ഷധാരണവിധി പറഞ്ഞുതന്നാലും! നിദാഘൻ, ജഡഭരതൻ, ദത്താത്രേയൻ തുടങ്ങിയ മുനിവൃന്ദം കാലാഗ്നിരുദ്രനു ചുറ്റും കൂടിയിരുന്നു. അവരുടെ അപേക്ഷപ്രകാരം രുദ്രാക്ഷധാരണവിധി കാലാഗ്നിരുദ്രൻ മുനിമാർക്ക് വിധിപോലെ പറഞ്ഞുകൊടുത്തു.മഹാദേവൻ സംഹാരകാലത്ത് എല്ലാം സംഹരിച്ചതിനുശേഷം സ്വയം തന്റെ നേത്രങ്ങൾ അടച്ചു. അതിൽനിന്നും ഉത്ഭവിച്ചതാണ് രുദ്രാക്ഷം. അത് ധരിച്ചാൽ ശിവസാമ്രാജ്യം ലഭിക്കും. ജന്മമരണക്ലേശം അനുഭവിക്കുകയില്ല.

    (വായനയോട് കടപ്പാട്)
✒️✒️✒️✒️✒️
     പി.എം.എൻ.നമ്പൂതിരി.


സനാതന സമാജം FB ഗ്രൂപ്പ്.

No comments:

Post a Comment