Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, September 13, 2020

സ്തംഭേശ്വരന്‍

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍
_______________________________

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ . ആശ്ചര്യപ്പെടേണ്ട കാര്യമില്ല, കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭക്തരോട് വേലിയേറ്റത്തിന്‍റെ സമയം കൃത്യമായി പറയാന്‍ സാധിക്കുന്നതിനാല്‍ ഈ അപൂര്‍വ്വ ദൃശ്യം കണ്ട് സായൂജ്യമടയാന്‍ ധാരാളം ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന് ക്ഷേത്രത്തിലെ പൂജാരി വിദ്യാനന്ദ് പറയുന്നു. താരകാസുരന്‍ ദേവന്‍‌മാര്‍ക്കും സന്യാസിമാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട കാലം. ദേവഗണങ്ങളുടെ പടനായകനായി ആറാം വയസ്സില്‍ സ്ഥാനമേറ്റ ശിവ പുത്രനായ കാര്‍ത്തികേയന്‍ താരകാസുരനെ വധിച്ച് സ്വര്‍ഗ്ഗലോകത്തിന് ആശ്വാസം നല്‍കുന്നു . താരകാസുരന്‍ കടുത്ത ശിവഭക്തനായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികേയന് തന്‍റെ പ്രവര്‍ത്തിയില്‍ മനസ്താപമുണ്ടാവുന്നു. കാര്‍ത്തികേയന്‍റെ അവസ്ഥയ്ക്ക് പരിഹാരമായി താരകാസുരനെ നിഗ്രഹിച്ചിടത്ത് ഒരു ക്ഷേത്രം പണിയാന്‍ മഹാവിഷ്ണു നിര്‍ദ്ദേശിക്കുന്നു. കാര്‍ത്തികേയന്‍ ഈ ഉപദേശം അനുസരിക്കുന്നു.എല്ലാ ദേവകളും ചേര്‍ന്ന് “വിശ്വ നന്ദക്” എന്ന പേരില്‍ ഒരു തൂണ് സ്ഥാപിച്ചു. പരമേശ്വര ഭഗവാന്‍ ഈ തൂണില്‍ പ്രത്യക്ഷപ്പെട്ടു എന്നും അന്നുമുതല്‍ ക്ഷേത്രം “സ്തംഭകേശ്വര്‍” ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു എന്നുമാണ് സ്കന്ദപുരാണത്തില്‍ പറയുന്നത്.

മഹാശിവരാത്രിക്കും എല്ലാ അമാവാസി ദിനത്തിലും മഹാസ്തംഭേശ്വര ക്ഷേത്രത്തില്‍ വിശേഷ ഉത്സവങ്ങള്‍ നടക്കുന്നു. എല്ലാ പൌര്‍ണമി ദിനവും വിശേഷപ്പെട്ടതായി കണക്കാക്കുന്നു. സമുദ്രം നടത്തുന്ന ജലാഭിഷേകം കണ്ട് ഭക്തിലഹരിയില്‍ ആറാടാന്‍ വിദൂ‍രദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഇവിടെയെത്താറുണ്ട്. 
 
കടപ്പാട് -  Thonikkadavu Pulimuttathu Sreebhagavathy Kulathoor

No comments:

Post a Comment