Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, June 6, 2020

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

             ദക്ഷ യാഗത്തിൽ ദേവിയുടെ ദേഹപരിത്യാഗത്തിൽ മനംനൊന്ത് ഭഗവാൻ  തിരുജട നിലത്തേക്ക് പറിച്ചെറിയുന്നു. ആ ജടയിൽ നിന്നും വീരഭദ്രസ്വാമി ജനിക്കുന്നു .അട്ടഹാസത്തോടെ യാഗശാലയിലെത്തുന്ന വീരഭദ്രസ്വാമി ദക്ഷൻ്റെ കഴുത്തറത്ത് കൊന്ന ശേഷം ആ വാൾ വലിച്ചെറിയുന്നു. അത് ചെന്ന് വീണത് വയനാട്ടിലെ മുതിരേരി കാവിൽ.

         കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇടവ മാസത്തിലെ ചോതി നാളിൽ 37 km ഓളം അകലെയുള്ള മുതിരേരിക്കാവിൽ നിന്നും അവിടുത്തെ നമ്പൂതിരി കാൽനടയായി  ഏകനായി വയനാടൻ മലനിരകളും കാടും നിറഞ്ഞ അതിനിഗൂഢമായ വഴികൾ താണ്ടി മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഈ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നു.വൈശാഖ മഹോത്സവത്തിലെ ഭക്തി സാന്ദ്രവും പ്രധാനവുമായ ഒരു ചടങ്ങാണ് ഇത്. കാരണം ഈ വാൾ എത്തിയാൽ മാത്രമേ വൈശാഖ മഹോത്സവം നടക്കുകയുള്ളു. ഇക്കരെ കൊട്ടിയൂരിൽ ബ്രാഹ്മണ ശ്രേഷ്ഠരും നെയ്യമൃത് സംഘവും മറ്റ് ഭക്തജനങ്ങളും ഹരിഗോവിന്ദനാമവുമായി  വാൾ വരവിനെ കാത്തിരിക്കുന്നു. ശിവ സന്നിധിയിൽ ഹരിഗോവിന്ദ നാമം വന്നതെങ്ങനെ എന്ന സംശയം സ്വാഭാവികമാണ്.  ഭഗവാനെ ശാന്തനാക്കാൻ വേണ്ടി  വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നതിൻ്റെ പ്രതീകാത്മകമായാണ് ഹരിഗോവിന്ദനാമം ജപിക്കുന്നത് എന്നാണ് ഐതിഹ്യം

   സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന മുതിരേരി കാവിലെ നമ്പൂതിരി വാളുമായി ശ്രീകോവിലനകത്തേക്ക് പ്രവേശിക്കുന്നു.  പടിഞ്ഞീറ്റ നമ്പൂതിരിയും നമ്പീശനും കുറ്റ്യാടി ജാതിയൂർ മoത്തിൽ നിന്നും എത്തിയ ഓടയും തീയുമായി അക്കരെ കൊട്ടിയൂർ പ്രവേശിച്ച് ചോതി വിളക്ക് തെളിയിക്കുന്നു.തുടർന്ന് നെയ്യമൃത് സംഘവും നെയ്യാട്ടത്തിനായി അക്കരെ കൊട്ടിയൂർ പ്രവേശിക്കുന്നു.

    കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ 72 ഓളം വരുന്ന ഉപക്ഷേത്രങ്ങളിൽ പ്രധാനമായ ചപ്പാരം ( സപ്തമാതൃ പുരം) ക്ഷേത്രം, കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം, ഭഗവാൻ്റെ തിരുവാഭരണവും അഭിഷേകത്തിനുള്ള വെള്ളി, സ്വർണ്ണ കുംഭങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഗോപുരവും സ്ഥിതി ചെയ്യുന്നത് മണത്തണ എന്ന ഗ്രാമത്തിലാണ്. നെയ്യാട്ടത്തിന് അടുത്ത ദിവസം ചപ്പാരത്തമ്മയുടെ വാളും ഗോപുരത്തിൽ നിന്നും തിരുവാഭരണവും പൂജാ സാമഗ്രികളും മുതിരേരി വാളും ആനയുടെ അകമ്പടിയോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നു. 

      അക്കരെ കൊട്ടിയൂരിൽ എത്തുന്ന വാൾ വൈശാഖ മഹാത്സവം കഴിയുന്നത് വരെ മണിത്തറയ്ക്ക് അടുത്തുള്ള വാളറയിൽ സൂക്ഷിച്ച് മുതിരേരിക്കാവിലെ നമ്പൂതിരി തന്നെ പൂജകൾ ചെയ്യുന്നു.വൈശാഖ മഹോത്സവത്തിന് സമാപ്തി കുറിക്കുന്ന തൃക്കലശാട്ടത്തോടെ വാൾ തിരിച്ച് മുതിരേരി കാവിലേക്ക് പുറപ്പെടുന്നു.

കടപ്പാട് ഓൺലൈൻ സോഴ്സ്......
കൂറ്റേരിക്കാവ് ചെമ്പിലോട് കണ്ണൂർ

No comments:

Post a Comment