*വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം*
എറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷനിൽനിന്ന് അരൂർക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ഉദ്ദേശം നാല് കിലോമീറ്റർ യാത്ര ചെയ്താൽ നെട്ടൂരിൽ എത്താം.
നാമസ്തോത്രത്തിൽ വൈറ്റില എന്ന് മാത്രമേ പറയുന്നുള്ളൂ. വൈറ്റില ജംഗ്ഷനിൽ ഉള്ള ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ ഉണ്ടെങ്കിലും അത് സുബ്രഹ്മണ്യ ക്ഷേത്രമായിട്ടാണ് അറിയുന്നത്. എന്നാൽ അടുത്തുള്ള നെട്ടൂരിലെ മഹാക്ഷേത്രത്തിൽ ശിവനാണ് പ്രധാനം. അതുകൊണ്ട് നെട്ടൂർ ശിവക്ഷേത്രം ആകാനാണ് സാധ്യത കാണുന്നത്.
നെട്ടൂർ ശിവക്ഷേത്രം നെട്ടൂർ മണൽ തട്ടിൽ പരന്നുകിടക്കുന്നു. പഴയകാലത്തെ പ്രൗഢി വിളിച്ചോതുന്ന വലിയ വട്ട ശ്രീകോവിലിൽ രണ്ട് പ്രധാന മൂർത്തികൾ പരിലസിക്കുന്നു. ശിവനും വിഷ്ണുവുമാണ്. കിഴക്കോട്ടാണ് ദർശനം. നമസ്കാരമണ്ഡപവും ചുറ്റമ്പലവുമുണ്ട്. ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ല് ഉത്സവത്തിന്റെ പഴയ കാല വൈഭവം വിളംബരം ചെയ്യുന്നു. ധനുമാസത്തിലാണ് ഉത്സവം. തിരുവാതിര ആറാട്ട് പ്രധാനമാണ്. പരമശിവന്റെ രൗദ്രം കുറക്കാനാണ് പിന്നീട് വിഷ്ണു പ്രതിഷ്ഠ ഉണ്ടായതെന്ന് ഐതിഹ്യം.
ക്ഷേത്രത്തിൽ വാവുബലിക്ക് വളരെ പ്രാധാന്യം കാണുന്നു. ക്ഷേത്രത്തിൽനിന്ന് ചോറു വാങ്ങി തെക്കുഭാഗത്തുള്ള വിസ്തൃതമായ മണൽപരപ്പിൽ വിതറിയാൽ പിതൃക്കൾ എത്തി ഭക്ഷിക്കുമെന്നാണ് വിശ്വാസം. ശ്രീരാമൻ ജഡായുവിന്റെ അന്ത്യകർമ്മങ്ങൾ മാൻമാംസം പുൽത്തകിടിയിൽ വിതറി നിർവഹിച്ചതിന്റെ നിലനിർത്തുന്നതാണ് ഈ കർമ്മം എന്ന് പറയപ്പെടുന്നു.
ക്ഷേത്രത്തിലെ ഉപദേവതകൾ യോഗീശ്വരൻ, ഗണപതി, കൃഷ്ണൻ, ഗുളികൻ, നാഗരാജാവ് എന്നിവയാകുന്നു. അതിൽ ഗണപതിയുടെ ശ്രീകോവിലിൽ സുബ്രഹ്മണ്യനും സരസ്വതിദേവിയും കൂടി സാന്നിധ്യമരുളുന്നുണ്ട്. പണ്ട് വേദനാട്ട് ഗ്രാമക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമായിരുന്നു. കുമ്പളയിൽ കുലശേഖരൻ സ്ഥാപിച്ച വേദപാഠശാലയുടെ അധ്യക്ഷനായിരുന്ന പ്രഭാകരന്റെ നേതൃത്വത്തിൽ മീമാംസ മതത്തിന് ഗണ്യമായ പ്രചാരം സിദ്ധിച്ചു. അക്കാലത്ത് നെട്ടൂർ ക്ഷേത്രം തിരുനെട്ടൂരായി പ്രശസ്തിയിലേക്ക് ഉയർന്നുവത്രെ !
No comments:
Post a Comment