🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
*_108 - ശിവാലയങ്ങൾ_*
*_ക്ഷേത്രം : 35_*
*കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം*
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കൊല്ലം നഗരമധ്യത്തിൽ നിന്ന് രണ്ട് കിലോമീറ്റർ നീങ്ങി രാമേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തെ പോലെ തന്നെയാണ് ഈ ക്ഷേത്രത്തെയും ജനം കരുതി പോരുന്നത്.
ക്ഷേത്രത്തിലെ മുഖ്യശ്രീകോവിൽ ശിവലിംഗവിഗ്രഹം പടിഞ്ഞാട്ടുദർശനമായി സാന്നിദ്ധ്യമരുളുന്നു. സാമാന്യം വലിയ വിഗ്രഹമാണ്. പൂജയും അനുഷ്ഠാനങ്ങളും തനി കേരളീയ മാതൃകയിൽ തന്നെ. അതിനൊന്നും രാമേശ്വരത്തെ ബന്ധം കാണുന്നില്ല. തന്ത്രി അടിമറ്റത്തെ തിരുമേനിയാണ്. മൂന്നു പൂജയും മറ്റ് ചടങ്ങുകളുമുണ്ട്.
കൊല്ലം വേണാട്ടു രാജാക്കന്മാരുടെ ആദ്യ കാലസ്ഥാനമാണ്. കൊല്ലം നഗരം സ്ഥാപിക്കുകയും രാമേശ്വരം ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയ്തതിനോടനുബന്ധിച്ചാണ് കൊല്ലവർഷം തുടങ്ങിയതത്രേ ! രാമവർമ്മ കുലശേഖരൻ ചോളന്മാർക്കെതിരെ പടനീക്കത്തിന് നേതൃത്വം കൊടുത്തിരുന്ന കാലത്ത് കൊല്ലത്താണ് താമസിച്ചിരുന്നത്. ആ കാലത്ത് രാമേശ്വരം ക്ഷേത്രത്തിൽ രാജാക്കന്മാരെപോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലുള്ള സങ്കേത ഭരണമാണ് ഉണ്ടായിരുന്നത്. ഊരാളനായ നമ്പൂതിരിമാരോട് അപരാധമേതോ പ്രവർത്തിച്ചെന്നപേരിൽ അവർ അദ്ദേഹത്തെ (കുലശേഖരൻ) കൊണ്ട് കൊല്ലത്തെ രാമേശ്വര ക്ഷേത്രത്തിലേക്ക് കുറെ ഭൂമി പ്രായശ്ചിത്തം നൽകിയതായി ആ ക്ഷേത്രത്തിലെ ഒരു ശാസനത്തിൽ പറയുന്നു. ഇതാദ്യമായിട്ടാണ് നമ്പൂതിരിമാരുടെ ആജ്ഞക്ക് വഴങ്ങാൻ കേരളത്തിലെ ഒരു രാജാവ് നിർബന്ധിതനാകുന്നത് എന്ന് കേരളചരിത്രത്തിൽ എ. ശ്രീധരമേനോൻ പറയുന്നു. ഇത് അക്കാലത്തെ രാമേശ്വരം ക്ഷേത്രത്തിന്റെ ഉന്നതപദവിയെയാണ് സൂചിപ്പിക്കുന്നത്.
കൊല്ലവർഷം ആരംഭിക്കുന്നത് എ.ഡി. 824 – 25 ലാണ്. അക്കാലത്ത് തന്നെയാണല്ലോ കൊല്ലം തുറമുഖം പ്രധാന വ്യാപാരകേന്ദ്രമായി തീർന്നതും. കൊല്ലവർഷത്തിനുള്ള അംഗീകാരം രാമേശ്വരം ക്ഷേത്രത്തിനുള്ള ഒരംഗീകാരമായിട്ടുകൂടി കരുതാം.
രുദ്രാഭിഷേകമാണ് ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. മകരത്തിലാണ് ഉത്സവം. അശ്വതി ആറാട്ട് പ്രധാനം.
_ക്ഷേത്രത്തിലെ ഉപദേവതകൾ :_
ഗണപതി, അയ്യപ്പൻ,, സുബ്രഹ്മണ്യൻ, നാഗൻ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
No comments:
Post a Comment