Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, March 4, 2020

പാലൂർ മഹാദേവക്ഷേത്രം

*പാലൂർ മഹാദേവക്ഷേത്രം* 

പനയിൽ നിന്ന് പുഴകടന്ന് പാലൂർ ശിവ ക്ഷേത്രത്തിലെത്താം. അല്ലാതെ പനയൂർ പ്രത്യേകം ശിവക്ഷേത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയിൽ അമ്പലപ്പാറയിൽ ഒരു പനയുർക്കാവ് ഉണ്ട്. എന്നാൽ അത് ദേവീക്ഷേത്രമാണ്. പാലക്കാട് മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിൽനിന്ന് തത്തമംഗലം വഴി പോകുന്ന ബസ്സിൽ കയറി തത്തമംഗലം സെൻററിൽ ഇറങ്ങി രണ്ട് കിലോമീറ്റർ നടന്നാൽ പാലത്തുള്ളി പാലൂര് ശിവക്ഷേത്രത്തിൽ എത്താം. പുഴ കടന്നാൽ വഴി എളുപ്പമാണ്. പക്ഷേ ഇപ്പോൾ പുഴകടന്ന് എത്താൻ ബുദ്ധിമുട്ടുണ്ട്. പണ്ടുകാലത്തെ പുഴകടന്ന് എളുപ്പം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് കൊണ്ടായിരിക്കാം പനയൂര് എന്ന സ്ഥലനാമത്തിൽ ഈ ക്ഷേത്രം ഉൾപ്പെടുത്തിയത്.

ശോകനാശിനിപുഴയുടെ അടുത്താണ് ക്ഷേത്രം. ക്ഷേത്ര പറമ്പ് പഴയ കൊച്ചിയിലും ചുറ്റുമുള്ള സ്ഥലങ്ങൾ ബ്രിട്ടീഷ് മലബാറിലും ആണ്. പണ്ട് ഒരു ചെട്ടിയാരുടെ കൈവശമായിരുന്നു ക്ഷേത്രം ഇരുന്ന സ്ഥലം. ചെട്ട്യാര് കൊച്ചിരാജാവിന് കൊടുത്തതോ കൊച്ചി രാജാവ് ക്ഷേത്രം പിടിച്ചെടുത്തതോ എന്നറിയില്ല. കൊച്ചി അതിർത്തിയിലായതുകൊണ്ട് ക്ഷേത്രം ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്. ക്ഷേത്രനിർമ്മാണത്തിന് അതിപ്രാചീനതയൊന്നും അവകാശപ്പെടാനില്ല. ആ നിലയ്ക്ക് ഈ ക്ഷേത്രത്തിനടുത്ത് തകർന്നുകിടക്കുന്ന മഹാക്ഷേത്രമാണോ യഥാർത്ഥ ക്ഷേത്രം എന്ന് സംശയിക്കുന്നതിലും തെറ്റില്ല. ശ്രീകോവിലിന് കരിങ്കൽ തറയുണ്ട്; അതിൽ വലിയ ശിവലിംഗവും. കാടുപിടിച്ചുകിടക്കുന്ന ക്ഷേത്ര പറമ്പിന് അഞ്ചോ ആറോ ഏക്കർ വിസ്തൃതിയുമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് തകർത്തതാണെന്ന് സമീപവാസികൾ പറയുന്നു.

ഉപദേവതകൾ ഗണപതിയും, വിഷ്ണുവും. വിഷ്ണുവിന് പ്രത്യേകം ക്ഷേത്രമുണ്ട്. തുലാമാസത്തിലെ വാവാറാട്ട് പ്രധാനമാണ്. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ട് ദർശനം നൽകി സാമാന്യം വലിപ്പമുള്ള ശ്രീകോവിലിൽ വാണരുളുന്നു. രണ്ടുനേരം പൂജയുണ്ട്.

No comments:

Post a Comment