*ഭസ്മ മാഹാത്മ്യം*
*കോപത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന ദുർവ്വാസാവ് മഹർഷി ക്ക് ഒരിക്കൽ യമലോകം കാണാനാഗ്രഹം ജനിച്ചു. ശിവന്റെ അംശവതാരമായ മുനി മനസ്സുകൊണ്ട് ശിവന്റെ അനുവാദം വാങ്ങി യമധർമ്മരാജാധാനിയിലെത്തി. ധർമ്മരാജൻ മുനിയെ പാദപൂജ ചെയ്ത് സൽക്കരിച്ച് കുശലം തുടങ്ങി. സംസാര മദ്ധ്യേ ചില നിലവിളികളും മറ്റും മുനി കേൾക്കാനിടയായി. ധർമ്മം മാത്രം നടക്കുന്ന യമലോകത്ത് ഇതെന്താണെന്ന് മുനി ചോദിച്ചു. പലതരം നരകങ്ങൾ ചുറ്റുമുണ്ടെന്നും അത് കുംഭീ പാകം എന്ന നരകത്തിൽ അവിടെ കിങ്കരന്മാർ നരകവാസികളെ ശിക്ഷിക്കയാണെന്നും ധർമ്മരാജൻ മറുപടി നൽകി. പുരാണങ്ങളിൽ പറയുന്നത് 28 നരകങ്ങൾ ഉണ്ടെന്നാണ്. അതിൽ ഒന്നാണ് കുംഭീ പാകം. മുനിക്ക് എല്ലാ നരകങ്ങളും ചുറ്റി കാണണമെന്ന് തോന്നി. ധർമ്മരാജൻ തന്റെ ദിവ്യ രഥത്തിൽ മുനിയേയും കൊണ്ട് യാത്ര തുടങ്ങി. കുംഭീ പാകം നരകത്തി ലെത്തിയപ്പോൾ മുനിയിറങ്ങി താഴേക്കു നോക്കി. അത്ഭുതമെന്ന് പറയട്ടെ നിലവിളിയൊന്നും കേൾക്കാനില്ല നരകവും കാണാനില്ല. സ്വർഗ്ഗതുല്യമായ ഒരു പ്രദേശം മുനിക്കനുഭവപ്പെട്ടു .ധർമ്മരാജാവിനോട് താൻ നരകമൊന്നും കാണുന്നില്ലെന്നും ദുർവ്വാസ്സാവ് പറഞ്ഞു. യമരാജാവ് പോയി നോക്കിയപ്പോൾ മാറ്റങ്ങൾ കണ്ട് അദ്ദേഹവും അതിശയിച്ചു ഇതെങ്ങനെ സംഭവിച്ചു? യമ ദേവന് പേടിയായി. ദേവേന്ദ്രൻ ഇതറിഞ്ഞാൽ! ദേവേന്ദ്രന് സ്വർഗ്ഗം നഷ്ടപ്പെട്ടാലത്തെകഥ!എന്തായാലും ഇന്ദ്രനെ വിവരം അറിയിക്കുക തന്നെ. വിവരങ്ങളറിഞ്ഞതും ഇന്ദ്രൻ ഐരാവതത്തിൽ കയറി പുറപ്പെട്ടു.ദേവേന്ദ്രൻ ഈ അത്ഭുതമാറ്റങ്ങൾ ബ്രഹ്മാവിനെ അറിയിച്ചു. ബ്രഹ്മാവ് വിഷ്ണുവിനെയും' .ബ്രഹ്മ വിഷ്ണു മറ്റു ദേവന്മാരോടു കൂടി ഈ അത്ഭുതം കാണാനെത്തി. ആർക്കും കാരണം അറിയാൻ കഴിഞ്ഞില്ല അറിയാമെങ്കിലും തനിക്കൊന്നുമറിയില്ലെന്ന് വിഷ്ണു ഭാവിച്ചു. ഇനിയിപ്പോൾ ഒരാൾക്കേ ഇതിനുത്തരം പറയാൻ കഴിയു. സാക്ഷാൽ മഹാദേവനായ പരമശിവന്. എല്ലാവരും കൂടി ശിവഭഗവാനെ ശരണം പ്രാപിച്ചു. വിഷ്ണു വിവരങ്ങളെല്ലാം മഹേശ്വരനെ ധരിപ്പിച്ചു.ശിവന് വിവരങ്ങൾ കേട്ടപ്പോൾ തന്നെ കാര്യങ്ങൾ എളുപ്പം പിടി കിട്ടി. ഇത് ഭസ്മത്തിന്റെ മാഹാത്മ്യമാണ്. പ്രത്യേകിച്ച് ഏകാഗ്ര മനസ്സോടെ ശൈവ പഞ്ചാക്ഷരം ജപിച്ചു പൂശിയ ഭസ്മത്തിന്റെ മാഹാത്മ്യം. ദുർവ്വാസ്സാവ് മുനി കുനിഞ്ഞ് നരകത്തിലേക്ക് നോക്കിയപ്പോൾ അദ്ദേഹം ശരീരത്തിൽ പൂശിയ ഭസ്മത്തിൽ നിന്നും ഏതാനും ധൂളികൾ ആ നരകത്തിലേയ്ക്ക് പതിച്ചു. തത്ക്ഷണം ആ നരകംസ്വർഗ്ഗ തുല്യമായി മാറി. അത്ര തന്നെ ' കാര്യം എത്ര നിസ്സാരം അല്ലേ? എന്തായാലും പരമശിവന്റെ അനുഗ്രഹത്താൽ ഒരു നരകം കുറഞ്ഞു. സ്വർഗ്ഗമായി മാറി. നരകത്തിലെ അന്തേവാസികളെ യഥാർത്ഥ സ്വർഗ്ഗത്തിലേക്ക് മാറ്റി. പുതിയ സ്വർഗ്ഗം (കുംഭി പാക സ്വർഗ്ഗം) പിതൃക്കൾക്ക് മോക്ഷത്തിനായി തുറന്നു കൊടുത്തു. പി തൃതീർത്ഥം എന്ന് അതിന് പേരും നൽകി. ഈ തീർത്ഥക്കരയിൽ ശിവലിംഗത്തെയും ശക്തിസ്വരൂപിണിയായ ഉമയേയും പ്രതിഷ്ഠിക്കുവാൻ ദേവേന്ദ്രനോട് മഹേശ്വരൻ നിർദ്ദേശിച്ചു. ദേവന്മാർ അപ്രകാരമെല്ലാം നിർവ്വഹിക്കുകയും ചെയ്തു. ഏതാനും വിഭൂതി ധൂളികൾ കൊണ്ട് ഒരു നരകം ഇല്ലാതായി. ഒരു പുതിയ തീർത്ഥം തന്നെ ലഭിക്കുകയും ചെയ്തു*
*ഒരു നുള്ള് ഭസ്മം എടുക്കുമ്പോൾ നമ്മളെല്ലാം ഒന്നോർക്കുന്നതു നന്നായിരിക്കും. നാമെല്ലാം നാളെ ഒരു പിടി ഭസ്മം ആവാനുള്ളവർ ആണ്. കുചേലനായാലും കുബേരനായാലും പണ്ഡിതനാ യാലും, പാമരനായാലും.ഈ ബോധം മനസ്സിൽ വെച്ച് ധർമ്മ കർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചാൽ ഈ ഭൂമി തന്നെ സ്വർഗ്ഗം ' അല്ലെങ്കിൽ ഇവിടെ തന്നെ നരകം*
No comments:
Post a Comment