ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മറ്റുന്നൊരപ്പനല്ലേ
എന്റെ ഏറ്റുമാനൂരപ്പനല്ലേ ക്ഷേത്രങ്ങളുടെ നഗരമായ കോട്ടയം ജില്ലയില്‍ ശൈവഭക്തരുടെ ആസ്ഥാനകേന്ദ്രമായ ക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തെ ആണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രം കൂട്ടായ്മകളിൽ വിവരിക്കുന്നത്
കോട്ടയം നഗരത്തില്‍നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമാനൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളചരിത്രത്തിലെ ഭക്തിനിര്‍ഭരമായ അധ്യായങ്ങള്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഖരമഹര്‍ഷി ചിദംബരത്തുനിന്നും കൊണ്ടുവന്ന മൂന്നു ശിവലിംഗങ്ങളിലൊന്നിനെ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. മറ്റ് ശിവലിംഗങ്ങള്‍ വൈക്കത്തും കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. കോട്ടയം നഗരത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ ഈ മൂന്ന് ക്ഷേത്രങ്ങളിലും തൊഴുതാല്‍ ഇരട്ടി പുണ്യം കിട്ടുമെന്നും വിശ്വാസമുണ്ട്. കേരളത്തിന്റെ രക്ഷയ്ക്കായി ശൈവശിഷ്യനായ പരശുരാമന്‍ സ്ഥാപിച്ച 108 ശിവാലയങ്ങളിലൊന്നാണ് ഏറ്റുമാനൂരെന്നും കരുതപ്പെടുന്നു. ശൈവരുടെ 108 ക്ഷേത്രങ്ങളില്‍ ഏറ്റുമാനൂരപ്പനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഏറ്റുമാനൂരപ്പന്റെ ദര്‍ശനം. വിസ്തൃതമായ ആനക്കൊട്ടില്‍ ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ശരം തൊടുത്തു നില്‍ക്കുന്ന വില്ലിന്റെ ആകൃതിയിലുള്ളതാണ് ഇവിടത്തെ ക്ഷേത്രക്കുളം. ശില്‍പ്പകലയുടെ മനോഹാരിത വിളിച്ചോതുന്ന നിരവധി ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ഗോപുരത്തിന്റെ അകത്തുള്ള ഭിത്തിയില്‍ കലാവിരുതിന്റെ പൂര്‍ണത വ്യക്തമാക്കുന്ന അനേകം ചുമര്‍ചിത്രങ്ങളുണ്ട്. വടക്കേ ഭിത്തിയിലെ അനന്തശയനവും തെക്കെ ഭിത്തിയിലെ പ്രദോഷതാണ്ഡവവും അഘോരമൂര്‍ത്തിയുടെ ചിത്രവും ചുമര്‍ച്ചിത്ര പഠിതാക്കള്‍ക്ക് ഉത്തമമാതൃകയാണ്. അഘോരമൂര്‍ത്തിയുടെ രൂപത്തിലുള്ള ശിവന്റെ ചിത്രം ഏറ്റുമാനൂര്‍ മാത്രമേയുള്ളൂ.
പൊന്നിന്‍ കൊടിമരമാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. 1979 ലാണ് കൊടിമരം പുനര്‍നിര്‍മിച്ചത്. അതിനുമുമ്പ് തേക്കിന്‍കഴകൊണ്ടായിരുന്നു കൊടിമരം. 1979 ല്‍ പൊന്നിന്‍കൊടിമരമാക്കി മാറ്റി. അസാമാന്യ തിളക്കവും നല്ല ഉയരവുമുള്ള കൊടിമരം ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു.
ക്ഷേത്രത്തിലെ ബലിക്കല്‍ പുരയിലുമുണ്ട് വിസ്മയം. ഏറ്റുമാനൂര്‍ അമ്പലത്തിന് പ്രശസ്തി നേടിക്കൊടുത്ത വലിയവിളക്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. രാവും പകലും കെടാത്ത വിളക്കാണിത്. വലിയ വിളക്കില്‍ തൊട്ട് തൊഴുതിട്ടു വേണം ഏറ്റുമാനൂരപ്പനെ ദര്‍ശിക്കേണ്ടത്. വലിയവിളക്കില്‍ പിടിച്ച് സത്യം ചെയ്യുന്നത് ഇവിടത്തെ പ്രധാന ചടങ്ങാണ്.
പതിനാല് സ്വര്‍ണത്താഴികക്കുടങ്ങളാല്‍ അലംകൃതമാണ് ഏറ്റുമാനൂര്‍ ക്ഷേത്രം ശ്രീകോവിലിന്റെ മുകളിലുള്ള സ്വര്‍ണത്താഴികക്കുടമാണ് ഏറ്റവും വലുത്. വട്ടശ്രീകോവിലാണ്. പ്രാചീനമായ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള ശ്രീകോവിലുള്ളത്. ഏറ്റുമാനൂരപ്പന്റെ ക്ഷേത്രം പ്രാചീനകാലത്തുതന്നെ സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിത്. കരിങ്കല്‍കൊണ്ട് പണിതിരിക്കുന്ന ശ്രീകോവിലില്‍ തടിയില്‍ തീര്‍ത്ത ദാരുശില്‍പ്പങ്ങളുണ്ട്. ദാരുശില്‍പ്പങ്ങളെല്ലാം ശ്രീകൃഷ്ണന്‍, വാമനമൂര്‍ത്തി, ഗണപതി, ഭദ്രകാളി എന്നിവരെ പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറ് അഭിമുഖമായാണ് ഏറ്റുമാനൂരപ്പന്റെ പ്രതിഷ്ഠ. ശിവലിംഗത്തിന് മൂന്നരയടിയോളം ഉയരമുണ്ട്. ഏറ്റുമാനൂര്‍ തേവരെ ദര്‍ശിക്കുക എന്നത് ഒരു നിയോഗമാണെന്നും ഇത് ജീവിതത്തില്‍ പുണ്യം നിറയ്ക്കുമെന്നും ശൈവഭക്തര്‍ വിശ്വസിക്കുന്നു.
കുംഭമാസത്തിലാണ് ഏറ്റുമാനൂരില്‍ ഉത്സവം കൊടിയേറുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം തിരുവാതിരനാളിലെ ആറാട്ടോടെ സമാപിക്കും. ആറാട്ടിനാണ് പ്രശസ്തമായ ഏഴരപ്പൊന്നാനപ്പുറത്ത് ഏറ്റുമാനൂരപ്പന്‍ എഴുന്നള്ളുന്നത്. ഏഴരപ്പൊന്നാനയ്ക്ക് ഭക്തിയുടെ ഉന്നതമായ ചരിത്രമുണ്ട്. വടക്കുംകൂര്‍ രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏറ്റുമാനൂര്‍ പ്രദേശം തിരുവിതാംകൂര്‍ രാജവംശം കീഴടക്കി. 929 ലാണ് ഇവിടെ തിരുവിതാംകൂര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ക്ഷേത്രത്തിന് നാശനഷ്ടം പറ്റി.
ഏറ്റുമാനൂരപ്പന്റെ കോപമുണ്ടാകുമെന്ന് അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് ഭയന്നു. അമ്പലത്തിന് നാശനഷ്ടമുണ്ടാക്കിയതിന് പ്രായശ്ചിത്തമായി അദ്ദേഹം ക്ഷേത്രനടയ്ക്കല്‍ ഏഴരപ്പൊന്നാന കാണിക്കയായി വച്ചു. 934 ഇടവം 12 നാണ് കാര്‍ത്തികതിരുനാള്‍ മഹാരാജാവ് ഏഴരപ്പൊന്നാനയെ കാണിക്കവച്ചത്. വരിക്കപ്ലാവിന്റെ തടികൊണ്ടാണ് ഏഴരപ്പൊന്നാനയെ നിര്‍മിച്ചിരിക്കുന്നത്.
ഇവയെ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ട്. രണ്ടടിപൊക്കമുള്ള ഏഴാനയും ഒരടിപ്പൊക്കമുള്ള അരയാനയും ചേര്‍ന്നതാണ് ഏഴരപ്പൊന്നാന. കുംഭമാസത്തിലെ ആറാട്ടിന് മാത്രമേ ഏഴരപ്പൊന്നാനയെ ഭക്തര്‍ക്ക് ദര്‍ശിക്കാനാവൂ. ആറാട്ടിന് ഏഴരപ്പൊന്നാനയുടെ പുറത്താണ് ഏറ്റുമാനൂരപ്പന്‍ എഴുന്നള്ളുന്നത്.
കുംഭമാസത്തിലെ ഉത്സവത്തിനു പുറമെ തിരുവാതിര, ശിവരാത്രി, മകരസംക്രമം, പ്രദോഷ നാള്‍ എന്നിവയും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നല്‍കുന്നു. പ്രദോഷ നാളില്‍ ദീപാരാധനയ്ക്കുശേഷം വെള്ളികൊണ്ടുള്ള വൃഷഭവാഹനമെഴുന്നള്ളിപ്പ് നടത്തുന്നു
ഏറ്റുമാനൂരപ്പനെ ഭജിക്കേണ്ട ധ്യാന മന്ത്രം .....
ധ്യായേത് കോടിരവിപ്രഭം, ത്രിനയനം
ശീതാംശുഗംഗാധരം
ദക്ഷാംഘ്രിസ്ഥിതവാമകുഞ്ചിതപദം
ശാര്‍ദ്ദൂല ചര്‍മ്മോദ്ധൃതം
വഹ്നം ഡോലമഥാഭയം, ഡമരുകം,
വാമേ സ്ഥിതാം ശ്യാമളാം
കല്‍ഹാരാം, ജപസൃക്ശുകാം, കടി-
കരാംദേവിം സഭേശീം സദാം
No comments:
Post a Comment