Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 10, 2019

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം

*ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം...*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം.

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു..

പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാഠവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു...

പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തി നശിച്ചു പോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തിൽ വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു.
തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇതു നടന്നത്. 'ചെങ്ങന്നൂർ മതിൽക്കകത്തെ പണി' എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്.

വളരെയേറെ വർഷങ്ങൾ നീണ്ടുപോയ ക്ഷേത്ര നിർമ്മാണമായിരുന്നു അത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും വീണ്ടും തുടർന്നും ക്ഷേത്രത്തിലെ കത്തി നശിച്ച സമുച്ചയങ്ങൾ പലതും പുനഃരുജ്ജീവിപ്പിച്ചു. പക്ഷേ പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല....

ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും തേവരുടെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. ദേവന്‍റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്.ഇവിടുത്തെ തേവരെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്...

പശ്ചിമ ദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ദേവനു പുറകിലായി സതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയാണ് സങ്കല്പം .. ദേവിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയാണ്....

ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും ഇവിടെ തിരുവമ്പാടി കണ്ണനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അത് നഷ്ടപ്പെടുത്താനാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയതത്രേ. അതുകൂടാതെ നിരവധി ഉപദേവപ്രതിഷ്ഠകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ മതിലകം.

ഉപദേവപ്രതിഷ്ഠകൾ:-ശ്രീകൃഷ്ണൻ,ഗണപതി,അയ്യപ്പൻ,ചണ്ഡികേശ്വരൻ,നീലഗ്രീവൻ,
ഗംഗാദേവി,നാഗരാജാവ്, നാഗയക്ഷി,അടുത്ത കാലത്ത് പ്രതിഷ്ഠനടന്ന സുബ്രഹ്മണ്യ സ്വാമി ...

ചെങ്ങന്നൂർ ഭഗവതി രജസ്വലയാകുന്നതിനാണ്‌ "തൃപ്പൂത്ത്" എന്നു പറയുന്നു. അതിനുശേഷം പ്രധാന ശ്രീകോവിലിൽ നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും മൂന്നാം പക്കം പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് "തിരുപ്പൂത്താറാട്ട്‌". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂർ തേവർ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു...

ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ ചടങ്ങ് ആണ് "തൃപ്പൂത്ത്" ആസ്സാമിലെ കാമാഖ്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്.

ധനുമാസത്തിലെ തിരുവാതിരയ്ക്ക്‌ കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല. പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ്‌ അറിയപ്പെടുന്നത്‌. ആറാട്ട് നടക്കുന്നത് മിത്രപുഴകടവിലെ പമ്പ നദിയിലാണ്...

പാര്‍വ്വതീ പരമേശ്വരന്മാരുടെ വിവാഹമായി. ദേവീദേവന്മാരും മഹര്‍ഷിമാരുമെല്ലാം കൈലാസത്തിലെത്തി. ഇവരുടെ ഭാരം കൊണ്ട്‌ കൈലാസശൈലം വടക്കോട്ട്‌ ചരിഞ്ഞുപോകുമോ എന്ന്‌ ഭഗവാന്‌ തോന്നി. അതിനുപകരമായി അഗസ്ത്യമുനി ദക്ഷിണാപഥത്തിലിരിക്കാന്‍ ഭഗവാന്‍ പറഞ്ഞു. അവിടെയായിരുന്നു കല്യാണം കാണാനുള്ള ദിവ്യദൃഷ്ടിയും മുനിക്ക്‌ നല്‍കി. അഗസ്ത്യന്‍ ശോണാദ്രിയിലെത്തി (ചെങ്ങന്നൂര്‍)തപസ്സും തുടങ്ങി. വിവാഹാനന്തരം മഹാദേവന്‍ അഗസത്യമുനിയെ കണ്ട്‌ അനുഗ്രഹം വാങ്ങി. അപ്പോഴാണ്‌ ദേവി രജസ്വലയാകുന്നത്‌. പാര്‍വ്വതി പരമേശ്വരന്മാരുടെ സാന്നിധ്യമാണ്‌ ക്ഷേത്രമുണ്ടാകാന്‍ കാരണമായതെന്നും ഐതീഹ്യമുണ്ട് ..അഗസ്ത്യമുനി തപസിനായി പ്രതിഷ്ഠിച്ചതാണത്രേ കുന്നത് മല മഹാദേവ ക്ഷേത്രം..
ക്ഷേത്ര കുളം അഗസ്ത്യകുണ്ഠ തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു...

ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്...

ഓം നമഃ ശിവായ

No comments:

Post a Comment