Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, January 4, 2020

ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം*.

*വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു*.

*മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്*.

*ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു*.

*ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ* .

*ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്*...

*മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ*.

*ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് )*.

*പ്രധാന വഴിപാടുകൾ*

==================

*നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്*.

*കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം*.

*എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്*.

*ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം*.

*കാരിക്കോട് ദേവി ക്ഷേത്രം - 05-01-20*

No comments:

Post a Comment