Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 5, 2026

ശിവരാത്രി വ്രതം

പൂര്‍ണ്ണഫലം ലഭിക്കാന്‍ ശിവരാത്രി വ്രതം എടുക്കേണ്ടത് എങ്ങനെ, ഉറക്കൊഴിയേണ്ടത് ഏത് ദിവസം?

മഹാശിവരാത്രി തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള ഹൈന്ദവ വിശ്വാസികള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് ശിവരാത്രി. ശിവരാത്രിയിലെ ശിവരാത്രി വ്രതം വ്രതങ്ങളില്‍ തന്നെ ഏറ്റവും മഹത്വപൂര്‍ണ്ണവും പുണ്യകരവുമായ ഒന്നായാണ് കരുതപ്പെടുന്നത്. ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും ഇല്ലാതാക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും ഭഗവാന്‍ പരമശിവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകാനും ശിവരാത്രി വ്രതം നോല്‍ക്കുന്നത് പോലെ ഫലവത്തായിട്ടുള്ള മറ്റൊരു കാര്യമില്ല. അറിഞ്ഞോ അറിയാതെ ചെയ്തുപോയ തെറ്റുകള്‍ക്ക് ക്ഷമ തേടാനും ആരോഗ്യം നന്നായിരിക്കാനും ആയുസ്സ് വര്‍ദ്ധിക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാനും സമ്പത്ത് വര്‍ധിക്കാനും ദാമ്പത്യവും കുടുംബജീവിതവും സമാധാനപരമാകാനും മരണഭയം ഇല്ലാതാക്കാനും മോക്ഷം നേടാനും അടക്കം സകലൈശ്വര്യദായകമാണ് ശിവരാത്രി വ്രതം.

ശിവരാത്രി ശിവരാത്രി വ്രതം എല്ലാവര്‍ക്കും എടുക്കാന്‍ സാധിക്കില്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. പലരും ശിവരാത്രി വ്രതം എടുക്കണമെന്ന് ആഗ്രഹിച്ചാലും ആ സമയത്ത് അതിന് സാധിച്ചെന്ന് വരില്ല. പലതരത്തിലുള്ള തടസ്സങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടേക്കും. പരമശിവനില്‍ കറകളഞ്ഞ ഭക്തിയുള്ള, ഭഗവാന്റെ അനുഗ്രഹം ഉള്ളവര്‍ക്കേ ശിവരാത്രി വ്രതം എടുക്കാന്‍ കഴിയുകയുള്ളു. എന്നുകരുതി എനിക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകില്ല എന്ന് കരുതി എടുക്കാതിരിക്കുകയല്ല, ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടോ എന്ന് ശിവരാത്രി വ്രതം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കി മനസ്സിലാക്കുക.

ശിവരാത്രികള്‍ നാലുതരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. മാസ ശിവരാത്രി, പക്ഷ ശിവരാത്രി, യോഗ ശിവരാത്രി, മഹാശിവരാത്രി. ഇതില്‍ കുംഭമാസത്തിലെ ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസമാണ് ശിവരാത്രി വ്രതം എടുക്കുന്നത്. ഈ വര്‍ഷം 2026 ഫെബ്രുവരി 15നാണ് മഹാശിവരാത്രി വരുന്നത്. ചതുര്‍ദശി നാളിലാണ് ശിവരാത്രി. ഫെബ്രുവരി 15 രാവിലെ മുതല്‍ പിറ്റേദിവസം, വ്യാഴാഴ്ച എട്ട് മണി വരെ ചതുര്‍ദശിയാണ്. വ്രതം എടുക്കേണ്ടത് എങ്ങനെ ഓരോ ദേശത്തിനനുസരിച്ച് ശിവരാത്രി വ്രതം എടുക്കുന്ന രീതിയില്‍ ചില വ്യത്യാസങ്ങള്‍ കാണാറുണ്ട്. എങ്കിലും ശിവരാത്രിക്ക് തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളും പൊതുവായി വ്രതമെടുക്കേണ്ട രീതിയും നോക്കാം.

ശിവരാത്രി വ്രതം ഫെബ്രുവരി 15നാണ് എടുക്കേണ്ടത്. പക്ഷേ തലേനാള്‍ തൊട്ട് അതിനുള്ള ഒരുക്കം ആവശ്യമാണ്. തലേദിവസമായ ഫെബ്രുവരി 14-ന് മത്സ്യമാംസങ്ങള്‍ കഴിക്കരുത്. വൈകുന്നേരം കുളിച്ച് വിളക്ക് തെളിയിച്ച് മഹാദേവനെ മനസ്സില്‍ ധ്യാനിക്കുക. പിറ്റേദിവസം രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവ ഭഗവാനെ പ്രാര്‍ത്ഥിക്കണം. ഓം നമഃശിവായ മന്ത്രവും ശിവസ്തുതികളും ചൊല്ലണം. രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ വ്രതം എടുക്കുന്നവര്‍ തീര്‍ത്ഥം സേവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശിവരാത്രി ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് വ്രതം അനുഷ്ഠിക്കുന്നവര്‍ ഉണ്ട്. അതല്ലാതെ ഒരിക്കലൂണ് എടുത്ത് വ്രതം എടുക്കുന്നവരുണ്ട്, പഴങ്ങളോ കരിക്കോ മാത്രം കഴിച്ച് വ്രതമെടുക്കുന്നവരും ഉണ്ട്. അവരവരുടെ ശരീരക്ഷമതയും ആരോഗ്യവും അനുസരിച്ച് അത് തിരഞ്ഞെടുക്കുക.

ഉറക്കമൊഴിയല്‍ തിരുവാതിരയ്ക്കും ശിവരാത്രിയ്ക്കുമാണ് വ്രതമെടുക്കുന്നവര്‍ ഉറക്കൊഴിക്കുന്നത്. ശിവരാത്രി നാളിലാണ് ഉറക്കം ഒഴിക്കേണ്ടത്, തലേദിവസമല്ല. ഫെബ്രുവരി 15-നാണ് അത് വരുന്നത്. ഉറക്ക് ഒഴിക്കുമ്പോള്‍ ആ സമയത്ത് നാമജപം നടത്തുകയോ ക്ഷേത്രങ്ങളിലെ യാമപൂജയും ചടങ്ങുകളും കാണുകയോ ചെയ്യാം. അതല്ലാതെ സമയം പോകാന്‍ മറ്റ് വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നത് ഉറക്കൊഴിയലിന് ഫലം നല്‍കില്ല. ക്ഷേത്രത്തില്‍ പോയി ഉറക്കൊഴിയാത്തവര്‍ വീട്ടില്‍ പരമശിവന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ നിലവിളക്ക് തെളിയിച്ച് ശിവസ്തുതികളോ ശിവ അഷ്ടോത്തരമോ സഹസ്രനാമമോ അല്ലെങ്കില്‍ ഓം നമഃശിവായ മന്ത്രമോ ജപിക്കാം. ശിവരാത്രി ദിവസം ഭസ്മം തൊടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. രാവിലെ വ്രതം തുടങ്ങുമ്പോള്‍ ഭസ്മം നനച്ച് തൊടുക. വൈകുന്നേരം നനക്കാതെയും തൊടുക. രാവിലെ 8.53 വരെ ചതുര്‍ദശിയാണ്. ആ സമയം വരെ ശിവരാത്രി വ്രതം നീളും. അതിനുശേഷം ക്ഷേത്രത്തിലെത്തി തീര്‍ത്ഥം സേവിച്ചോ വീട്ടില്‍ പുണ്യാഹം ഉണ്ടാക്കി സേവിച്ച വ്രതം അവസാനിപ്പിക്കാം. ആര്‍ക്കെല്ലാം എടുക്കാം പൊതുവെ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാര്‍ക്ക് ശിവരാത്രി വ്രതം എടുക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവശേഷം ഏഴുദിവസം കഴിയണം. അതുപോലെ പുല, വാലായ്മ എന്നിവയുള്ളവര്‍ വ്രതം എടുക്കരുതെന്നാണ് പറയപ്പെടുന്നത്. ആരോഗ്യസ്ഥിതി മോശമായവരും വ്രതം എടുക്കാതിരിക്കുകയാണ് ഉചിതം.
കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment