Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, March 13, 2021

തൃപ്രങ്ങോട്ട് ശിവക്ഷേത്രം

🔥തൃപ്രങ്ങോട്ട് ശിവക്ഷേത്രം🔥 

ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ?'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു:
ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.

തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഉദ്ഭവകഥ ...!!
കടപ്പാട്..

Wednesday, March 10, 2021

ശിവരാത്രിവ്രതം

🙏🕉️✡️🙏🕉️✡️🙏🕉️✡️🙏

*ശിവരാത്രിവ്രതം"*
===========================

ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. 

കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ എന്നിവയ്‌ക്കെല്ലാം ശിവപൂജ ഉത്തമം തന്നെ. അത്കൊണ്ടുതന്നെ ശിവരാത്രി വ്രതം ഏറ്റവും ശ്രേഷ്ഠമാണെന്ന് പറയുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം. ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രിവ്രത അനുഷ്ഠാനത്തിലൂടെ സാധിക്കും എന്ന പ്രത്യേകതയുണ്ട് 
നിത്യേന  ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്. ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം (ഓം നമഃശിവായ ) ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു.  അലസതകൾ വെടിഞ്ഞു ഭക്തിയോടെ ശിവ സഹസ്രനാമം, ബില്വാഷ്‌ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്‌തോത്രം ,പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം എന്നിവ ശിവരാത്രി  ദിനത്തിൽ ജപിച്ചാൽ തുടർന്നുള്ള ജീവിതം ഭഗവാന്റെ അനുഗ്രഹത്താൽ ഐശ്വര്യപൂർണമാവും .ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ  ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഉത്തമഫലം സുനിശ്ചിതമാണ് .
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച്  ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും. ശിവക്ഷേത്രത്തിൽ കൂവളത്തിലകൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.

ക്ഷിപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.   ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

ശിവനും ശക്തിയും ഒന്നാണ് .ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം.ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു.വിവാഹതടസ്സം,ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ  ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.


[കടപ്പാട് ]


    *⬛◾◼️▪️▪️◼️◾⬛*

Friday, February 26, 2021

കിരാതമൂർത്തി

🔱🙏🔱കിരാതമൂർത്തി എന്ന ശിവൻ🔱🙏🔱
ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…!!പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു ദേവി പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്.

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്.

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

Friday, February 19, 2021

ഓം_നമഃശിവായ

#ഓം_നമഃശിവായ 

ടങ്കം (മഴു) കുരംഗവു (മാൻ)മെടുത്തിട്ടു പാതിയുടൽ (ശിവൻ)       
ശംഖും രഥാംഗവു ( ചക്രം)മെടുത്തിട്ടു പാതിയുടൽ (വിഷ്ണു )
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ
 (ഹരിനാമകീർത്തനം)

(മാൻ മഴുധരിച്ചു പരമേശ്വരനായും ശംഖും ചക്രവും 
ധരിച്ച് വിഷ്ണുവായിരിക്കുന്നതും ഒരു ചൈതന്യം തന്നെ. ഈ എല്ലാ മൂർത്തികളും തത്വങ്ങളും അടങ്ങുന്ന  പ്രണവത്തെ ധ്യാനിച്ചാൽ  ജ്ഞാനമുണ്ടാകുമെന്നു സാരം.)

Monday, February 15, 2021

വേളോർവട്ടം* *മഹാദേവക്ഷേത്രം

" *വേളോർവട്ടം* *മഹാദേവക്ഷേത്രം*

*ക്ഷേത്രപരിചയം*

      ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തെക്ക് റോഡരുകിൽ വേളോർവട്ടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയിലെ ഒറ്റപ്പുന്നയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക്. ഒരേ നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി രണ്ടു പ്രധാന മൂർത്തികൾ. രണ്ടുപേരും ശിവന്മാർ!. തെക്കനപ്പനായ ശിവൻ സ്വയംഭൂവായിട്ടുള്ളതാണ്. കിരാതമൂർത്തിയായ ഈ ദേവന് കൂടുതൽ പ്രാധാന്യം. 
                   ആഴ്വാഞ്ചേരി തംബ്രാക്കൽ മുറജപത്തിനു പോകുംവഴി വേളോർവട്ടത്തു താമസിച്ചു വൈക്കം ക്ഷേത്രത്തിൽ ദർശനംനടത്തുക പതിവാക്കിയിരുന്നു.  വൈക്കത്തപ്പനിലുള്ള ഇദ്ദേഹത്തിന്റെ ഭക്തിവിശ്വാസം ഊരാണ്മക്കാരെ വിറളിപിടിപ്പിച്ചിരുന്നുവത്രെ!. ഒരിക്കൽ ഈ പതിവു മുടക്കുന്നതിന് അവർ ക്ഷേത്രനട നേരത്തെ അടച്ചുപോയത്രേ!. വൈക്കത്തപ്പനെ കണ്ടുതൊഴാൻ കഴിയാഞ്ഞതിൽ അതീവ ദുഃഖിതനായ അദ്ദേഹം ജലപാനം പോലും ചെയ്യാതെ വേളോർവട്ടത്തേക്കു തന്നെ മടങ്ങിയെത്തി അന്തിയുറങ്ങി. സ്വപ്നത്തിൽ വൈക്കത്തപ്പൻ ദർശനം നൽകിയശേഷം ഇനി വൈക്കത്തു വരേണ്ടെന്നും ,  വേളോർവട്ടത്തെത്തി ദർശനം തരുന്നുണ്ടെന്നും അറിയിച്ചു. പിറ്റേന്നു കാലത്ത് ഇവിടുത്തെ ഹോമകുണ്ഡത്തിൽ നിന്ന് ഭഗവാൻ സ്വയം അവതരിച്ച് തംബ്രാക്കൽക്ക് ദർശനം നൽകിയത്രേ!. ഈ ദേവനാണ് തെക്കുവശത്തെ ചതുര ശ്രീകോവിലിൽ വിരാജിക്കുന്നത്.
                        ക്ഷേത്രത്തിലെ വടക്കേ വട്ട ശ്രീകോവിലിൽ വടക്കനപ്പനായ ശിവനെ പ്രതിഷ്ഠിച്ചത് വില്വമംഗലംസ്വാമിയാരാണ്. 108 ശിവാലയങ്ങളുടെ പട്ടികയിൽ ചേർത്തല രണ്ടുപ്രാവശ്യം ആവർത്തിക്കുന്നതുകൊണ്ട് ഈ രണ്ടു ദേവന്മാർ തന്നെയാണ് പ്രസ്തുത മൂർത്തികളെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം.  കിഴക്കോട്ട് ദർശനം. രണ്ടു കൊടിമരങ്ങൾ. കരിനാഗയക്ഷിയമ്മ , രക്ഷസ്സ്‌, അറുകൊല എന്നീ ഉപദേവതമാർ പുറത്ത്. ഗണപതി , ശാസ്താവ് , വിഷ്ണു എന്നീ ഉപദേവതമാർ അകത്തുമാണ്. ഈ ക്ഷേത്രം പണ്ട് സർപ്പദോഷത്തിന് പ്രസിദ്ധിയുള്ളതായിരുന്നു. തുലാമാസത്തിലെ ആയില്ല്യത്തിന് സർപ്പങ്ങൾക്ക് 'തളിച്ചുകൊട' നടത്തുന്നു. കുംഭമാസത്തിൽ ശിവരാത്രിക്ക് പള്ളിവേട്ട യും പിറ്റേന്ന് ആറാട്ടും നടത്തുന്നതിന് എട്ടുദിവസം മുൻപ് കൊടിയേറി ഉത്സവം തുടങ്ങുന്നു. മണ്ഡലവ്രതത്തിന് 41 ദിവസവും ചിറപ്പ് നടത്തുന്നു. എന്തു വഴിപാടുകൾ ആയാലും ആദ്യം വടക്കനപ്പന് നടത്തിയിട്ട് വേണമെന്നുണ്ട്.  അഭീഷ്ടസിദ്ധിയ്ക്കു വഴിപാട് നടത്തിയാലും പ്രസാദം വാങ്ങിയില്ലെങ്കിൽ വിപരീതഫലംചെയ്യുമെന്ന് അനുഭവസ്ഥർ!
സഹസ്രകലശവും , ചതു:ശ്ശതവുമാണ് അഭീഷ്ടസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ വച്ചാണ് കരപ്പുറത്തെ 64 പ്രഭുക്കന്മാരിൽനിന്നും പണംവാങ്ങി രാമയ്യൻ ദളവ അവർക്ക് " മാടമ്പി " സ്ഥാനം കൊടുത്തതെന്നു പറയപ്പെടുന്നു.  ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലും , കേരളഊരാഴ്മ ദേവസ്വം ബോർഡിന്റെ അധീനതയിലുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം വേളോർവട്ടം ശ്രീ മഹാദേവക്ഷേത്ര ഭരണസമിതിയ്ക്കാണ്🙏...

🔱 *ശംഭോമഹാദേവാ* 🔱

കടപ്പാട്...

Friday, January 15, 2021

ചിന്താമണിഗ്രഹം

ചിന്താമണിഗ്രഹം

              ഭ്രൂമധ്യസ്ഥമായ മേരുപർവ്വതത്തിന്റെ നടുക്കായി വായുവിനുപോലും കടക്കാൻ പാടില്ലാത്തതും അരലക്ഷം യോജന വിസ്താരമുള്ളതുമായ ഒരു രന്ധ്രമുണ്ട്. ഈ സുഷിരം മനസ്സിനുപോലും അവിഷയമാകുന്നു. ഹേമാദ്രിയുടെ മുകളിൽ ആരംഭിച്ചു അവിടുന്നു കീഴ്പോട്ടാണ് ഇതിന്റെ സ്ഥിതി.യോഗികൾക്കു മാത്രമേ ഈ മനോഹരമായ സുഷിരം അറിയാൻ കഴിയൂ. ഇതു പലമാതിരി ആയുധങ്ങൾ ധരിക്കുന്ന ശക്തിഗണങ്ങളാൽ സുരക്ഷിതമായിരിക്കുന്നു. ഇതിന്റെ അന്തർഭാഗത്ത് സുധാസാഗരം എന്നൊരു വലിയ സരസ്സുണ്ട്. ഇതിന്റെ നടുവിൽ മനോഹരമായ ഒരു നഗരമുണ്ട്. മണിദ്വീപെന്നാണ് ഇതിന്റെ പേര്. ശക്തിഗണങ്ങളാൽ രക്ഷിക്കപ്പെട്ടുവരുന്ന ഈ നഗരം അനേകം സൗധങ്ങളാലും സോപാനങ്ങളാലും പരിശോഭിക്കുന്നു. ഇതിന്റെ നടുവിൽ മാണിക്യം പോലെ പ്രകാശിക്കുന്ന ബഹുയോജന വിസ്താരമുള്ള മംഗളസ്വരൂപമായ ചിന്താമണിഗ്രഹം സ്ഥിതിചെയ്യുന്നു. ഇതിന്റെ നടുവിൽ മഹാവിശേഷമായതും, വിസ്താരമേറിയതും, അസംഖ്യം രത്നസ്തംഭങ്ങളോടുകൂടിയതും സ്വയം പ്രകാശവുമായ ഒരു രത്നമണ്ഡപം വിലസുന്നു. ഇതിന്റെ മദ്ധ്യത്തിലാണ് ചിന്താമണിയെന്ന സിംഹാസനം. അതിന്റെ നടുവിൽ സർവതത്വകലാത്മീകയായ ത്രിപുരസുന്ദരിയുടെ ബിന്ദുസ്ഥാനവും, ബ്രഹ്മാണ്ഡാകരമായ അത്ഭുതചക്രവുമുണ്ട്. ആ ചക്രം പഞ്ചഭൂതമയവും, തന്മാത്രസ്വരൂപവും, ഇന്ദ്രിയാത്മകവും മനോരൂപവും, സർവത്വാത്മകവും തത്വാതീതവും ചരാചരാത്മകവുമായ ജഗത്തിന്റെ ഉല്പത്തിസ്ഥാനവുമാകുന്നു. ഇതിനു സോമൻ, സൂര്യൻ, അഗ്നി എന്നു മൂന്നു ഖണ്ഡങ്ങളുണ്ട്. ഈ ചക്രത്തെപ്പറ്റി രുദ്രായാമലാദിഗ്രന്ഥങ്ങളിൽ വളരെ വിസ്തരിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ പൂരമാകുന്ന ഈ ചക്രത്തിലാണ് സദാശിവൻ സ്ഥിതിചെയ്യുന്നത്. ശിവൻ ശക്തിരഹിതനാകയാൽ ഈ ശക്തിയുടെ സാന്നിദ്ധ്യമാണ് ഇദ്ദേഹത്തെപ്പോലും ശക്തൻ എന്നു പറയാറാക്കിയിട്ടുള്ളത്. മുൻപറഞ്ഞ ബിന്ദുവിന്റെ മദ്ധ്യത്തിലായി ഹിരണ്യകോശമെന്ന കർണ്ണിക സ്ഥിതിചെയ്യുന്നത്. കുളവിദ്യായാകുന്ന പരാശക്തി ശ്രീചക്രരൂപണിയും സദാശിവനോടുകൂടിയളും, സർവതത്വങ്ങളേയും കടന്നവളും വേദങ്ങളാൽ ആരാധിക്കപ്പെടുന്നവളും, സമയാചാരതൽപരയും, ചാതുർവണ്യന്മാരാലും പൂജ്യയുമാകുന്നു. മുൻപറഞ്ഞ ബിന്ദുവിന്റെ ഉപരിഭാഗത്ത്       വിദ്യാമൂലജനനിയും വിദ്യാഭ്യാസ്വരൂപിണിയും, പഞ്ചകോശവി നിർമ്മുകതയും, പഞ്ചക്ലേശഹാരിണിയും അവസ്ഥാത്രകുടസ്ഥയും, അധ്യാരോപമയിയും പരാൽപരയും, സിദ്ധന്മാരാലും, യോഗികളാലും, ത്രിമൂർത്തികളാൽ കൂടിയും യമാദ്യവസ്ഥകളാൽ പൂജിക്കപ്പെടുന്നവളുമായ 
രാജരാജേശ്വരി സ്ഥിതിചെയ്യുന്നു. ഈ വിദ്യയെ ഭജിക്കുന്നവന് വിദ്യാകടാക്ഷംകൊണ്ട് ബ്രഹ്മപ്രാപ്തിയുണ്ടാകുന്നു. മറ്റുള്ള മന്ത്രങ്ങളെ ജപിക്കുന്നതുകൊണ്ട് കണ്ഠക്ഷോഭമല്ലാതെ വേറെ യാതൊരു പ്രയോജനവുമില്ല. യോഗവും ജ്ഞാനവും, സന്തുഷ്ടിയും, മറ്റൊന്നുംകൊണ്ടും ലഭിക്കയില്ല. ഈ വിദ്യയെ കാണ്മാൻ പ്രതീക്ഷിച്ചുകൊണ്ട് ബ്രഹ്മാദികൾ പോലും മേരുവിൽ രാപകൽ ഉൽകണ്ഠയോടെ ഭജിക്കുന്നു.

                                       
നമഃ ശിവായ
Adhena Jayakumar
Pls like
https://www.facebook.com/groups/450322055320342/permalink/1342380699447802/

Thursday, January 14, 2021

ശിവതാണ്ഡവം

ശിവതാണ്ഡവം 

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.