Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 26, 2021

കിരാതമൂർത്തി

🔱🙏🔱കിരാതമൂർത്തി എന്ന ശിവൻ🔱🙏🔱
ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…!!പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു ദേവി പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്.

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്.

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

Friday, February 19, 2021

ഓം_നമഃശിവായ

#ഓം_നമഃശിവായ 

ടങ്കം (മഴു) കുരംഗവു (മാൻ)മെടുത്തിട്ടു പാതിയുടൽ (ശിവൻ)       
ശംഖും രഥാംഗവു ( ചക്രം)മെടുത്തിട്ടു പാതിയുടൽ (വിഷ്ണു )
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ
 (ഹരിനാമകീർത്തനം)

(മാൻ മഴുധരിച്ചു പരമേശ്വരനായും ശംഖും ചക്രവും 
ധരിച്ച് വിഷ്ണുവായിരിക്കുന്നതും ഒരു ചൈതന്യം തന്നെ. ഈ എല്ലാ മൂർത്തികളും തത്വങ്ങളും അടങ്ങുന്ന  പ്രണവത്തെ ധ്യാനിച്ചാൽ  ജ്ഞാനമുണ്ടാകുമെന്നു സാരം.)

Monday, February 15, 2021

വേളോർവട്ടം* *മഹാദേവക്ഷേത്രം

" *വേളോർവട്ടം* *മഹാദേവക്ഷേത്രം*

*ക്ഷേത്രപരിചയം*

      ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തെക്ക് റോഡരുകിൽ വേളോർവട്ടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയിലെ ഒറ്റപ്പുന്നയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക്. ഒരേ നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി രണ്ടു പ്രധാന മൂർത്തികൾ. രണ്ടുപേരും ശിവന്മാർ!. തെക്കനപ്പനായ ശിവൻ സ്വയംഭൂവായിട്ടുള്ളതാണ്. കിരാതമൂർത്തിയായ ഈ ദേവന് കൂടുതൽ പ്രാധാന്യം. 
                   ആഴ്വാഞ്ചേരി തംബ്രാക്കൽ മുറജപത്തിനു പോകുംവഴി വേളോർവട്ടത്തു താമസിച്ചു വൈക്കം ക്ഷേത്രത്തിൽ ദർശനംനടത്തുക പതിവാക്കിയിരുന്നു.  വൈക്കത്തപ്പനിലുള്ള ഇദ്ദേഹത്തിന്റെ ഭക്തിവിശ്വാസം ഊരാണ്മക്കാരെ വിറളിപിടിപ്പിച്ചിരുന്നുവത്രെ!. ഒരിക്കൽ ഈ പതിവു മുടക്കുന്നതിന് അവർ ക്ഷേത്രനട നേരത്തെ അടച്ചുപോയത്രേ!. വൈക്കത്തപ്പനെ കണ്ടുതൊഴാൻ കഴിയാഞ്ഞതിൽ അതീവ ദുഃഖിതനായ അദ്ദേഹം ജലപാനം പോലും ചെയ്യാതെ വേളോർവട്ടത്തേക്കു തന്നെ മടങ്ങിയെത്തി അന്തിയുറങ്ങി. സ്വപ്നത്തിൽ വൈക്കത്തപ്പൻ ദർശനം നൽകിയശേഷം ഇനി വൈക്കത്തു വരേണ്ടെന്നും ,  വേളോർവട്ടത്തെത്തി ദർശനം തരുന്നുണ്ടെന്നും അറിയിച്ചു. പിറ്റേന്നു കാലത്ത് ഇവിടുത്തെ ഹോമകുണ്ഡത്തിൽ നിന്ന് ഭഗവാൻ സ്വയം അവതരിച്ച് തംബ്രാക്കൽക്ക് ദർശനം നൽകിയത്രേ!. ഈ ദേവനാണ് തെക്കുവശത്തെ ചതുര ശ്രീകോവിലിൽ വിരാജിക്കുന്നത്.
                        ക്ഷേത്രത്തിലെ വടക്കേ വട്ട ശ്രീകോവിലിൽ വടക്കനപ്പനായ ശിവനെ പ്രതിഷ്ഠിച്ചത് വില്വമംഗലംസ്വാമിയാരാണ്. 108 ശിവാലയങ്ങളുടെ പട്ടികയിൽ ചേർത്തല രണ്ടുപ്രാവശ്യം ആവർത്തിക്കുന്നതുകൊണ്ട് ഈ രണ്ടു ദേവന്മാർ തന്നെയാണ് പ്രസ്തുത മൂർത്തികളെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം.  കിഴക്കോട്ട് ദർശനം. രണ്ടു കൊടിമരങ്ങൾ. കരിനാഗയക്ഷിയമ്മ , രക്ഷസ്സ്‌, അറുകൊല എന്നീ ഉപദേവതമാർ പുറത്ത്. ഗണപതി , ശാസ്താവ് , വിഷ്ണു എന്നീ ഉപദേവതമാർ അകത്തുമാണ്. ഈ ക്ഷേത്രം പണ്ട് സർപ്പദോഷത്തിന് പ്രസിദ്ധിയുള്ളതായിരുന്നു. തുലാമാസത്തിലെ ആയില്ല്യത്തിന് സർപ്പങ്ങൾക്ക് 'തളിച്ചുകൊട' നടത്തുന്നു. കുംഭമാസത്തിൽ ശിവരാത്രിക്ക് പള്ളിവേട്ട യും പിറ്റേന്ന് ആറാട്ടും നടത്തുന്നതിന് എട്ടുദിവസം മുൻപ് കൊടിയേറി ഉത്സവം തുടങ്ങുന്നു. മണ്ഡലവ്രതത്തിന് 41 ദിവസവും ചിറപ്പ് നടത്തുന്നു. എന്തു വഴിപാടുകൾ ആയാലും ആദ്യം വടക്കനപ്പന് നടത്തിയിട്ട് വേണമെന്നുണ്ട്.  അഭീഷ്ടസിദ്ധിയ്ക്കു വഴിപാട് നടത്തിയാലും പ്രസാദം വാങ്ങിയില്ലെങ്കിൽ വിപരീതഫലംചെയ്യുമെന്ന് അനുഭവസ്ഥർ!
സഹസ്രകലശവും , ചതു:ശ്ശതവുമാണ് അഭീഷ്ടസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ വച്ചാണ് കരപ്പുറത്തെ 64 പ്രഭുക്കന്മാരിൽനിന്നും പണംവാങ്ങി രാമയ്യൻ ദളവ അവർക്ക് " മാടമ്പി " സ്ഥാനം കൊടുത്തതെന്നു പറയപ്പെടുന്നു.  ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലും , കേരളഊരാഴ്മ ദേവസ്വം ബോർഡിന്റെ അധീനതയിലുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം വേളോർവട്ടം ശ്രീ മഹാദേവക്ഷേത്ര ഭരണസമിതിയ്ക്കാണ്🙏...

🔱 *ശംഭോമഹാദേവാ* 🔱

കടപ്പാട്...

Friday, January 15, 2021

ചിന്താമണിഗ്രഹം

ചിന്താമണിഗ്രഹം

              ഭ്രൂമധ്യസ്ഥമായ മേരുപർവ്വതത്തിന്റെ നടുക്കായി വായുവിനുപോലും കടക്കാൻ പാടില്ലാത്തതും അരലക്ഷം യോജന വിസ്താരമുള്ളതുമായ ഒരു രന്ധ്രമുണ്ട്. ഈ സുഷിരം മനസ്സിനുപോലും അവിഷയമാകുന്നു. ഹേമാദ്രിയുടെ മുകളിൽ ആരംഭിച്ചു അവിടുന്നു കീഴ്പോട്ടാണ് ഇതിന്റെ സ്ഥിതി.യോഗികൾക്കു മാത്രമേ ഈ മനോഹരമായ സുഷിരം അറിയാൻ കഴിയൂ. ഇതു പലമാതിരി ആയുധങ്ങൾ ധരിക്കുന്ന ശക്തിഗണങ്ങളാൽ സുരക്ഷിതമായിരിക്കുന്നു. ഇതിന്റെ അന്തർഭാഗത്ത് സുധാസാഗരം എന്നൊരു വലിയ സരസ്സുണ്ട്. ഇതിന്റെ നടുവിൽ മനോഹരമായ ഒരു നഗരമുണ്ട്. മണിദ്വീപെന്നാണ് ഇതിന്റെ പേര്. ശക്തിഗണങ്ങളാൽ രക്ഷിക്കപ്പെട്ടുവരുന്ന ഈ നഗരം അനേകം സൗധങ്ങളാലും സോപാനങ്ങളാലും പരിശോഭിക്കുന്നു. ഇതിന്റെ നടുവിൽ മാണിക്യം പോലെ പ്രകാശിക്കുന്ന ബഹുയോജന വിസ്താരമുള്ള മംഗളസ്വരൂപമായ ചിന്താമണിഗ്രഹം സ്ഥിതിചെയ്യുന്നു. ഇതിന്റെ നടുവിൽ മഹാവിശേഷമായതും, വിസ്താരമേറിയതും, അസംഖ്യം രത്നസ്തംഭങ്ങളോടുകൂടിയതും സ്വയം പ്രകാശവുമായ ഒരു രത്നമണ്ഡപം വിലസുന്നു. ഇതിന്റെ മദ്ധ്യത്തിലാണ് ചിന്താമണിയെന്ന സിംഹാസനം. അതിന്റെ നടുവിൽ സർവതത്വകലാത്മീകയായ ത്രിപുരസുന്ദരിയുടെ ബിന്ദുസ്ഥാനവും, ബ്രഹ്മാണ്ഡാകരമായ അത്ഭുതചക്രവുമുണ്ട്. ആ ചക്രം പഞ്ചഭൂതമയവും, തന്മാത്രസ്വരൂപവും, ഇന്ദ്രിയാത്മകവും മനോരൂപവും, സർവത്വാത്മകവും തത്വാതീതവും ചരാചരാത്മകവുമായ ജഗത്തിന്റെ ഉല്പത്തിസ്ഥാനവുമാകുന്നു. ഇതിനു സോമൻ, സൂര്യൻ, അഗ്നി എന്നു മൂന്നു ഖണ്ഡങ്ങളുണ്ട്. ഈ ചക്രത്തെപ്പറ്റി രുദ്രായാമലാദിഗ്രന്ഥങ്ങളിൽ വളരെ വിസ്തരിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ പൂരമാകുന്ന ഈ ചക്രത്തിലാണ് സദാശിവൻ സ്ഥിതിചെയ്യുന്നത്. ശിവൻ ശക്തിരഹിതനാകയാൽ ഈ ശക്തിയുടെ സാന്നിദ്ധ്യമാണ് ഇദ്ദേഹത്തെപ്പോലും ശക്തൻ എന്നു പറയാറാക്കിയിട്ടുള്ളത്. മുൻപറഞ്ഞ ബിന്ദുവിന്റെ മദ്ധ്യത്തിലായി ഹിരണ്യകോശമെന്ന കർണ്ണിക സ്ഥിതിചെയ്യുന്നത്. കുളവിദ്യായാകുന്ന പരാശക്തി ശ്രീചക്രരൂപണിയും സദാശിവനോടുകൂടിയളും, സർവതത്വങ്ങളേയും കടന്നവളും വേദങ്ങളാൽ ആരാധിക്കപ്പെടുന്നവളും, സമയാചാരതൽപരയും, ചാതുർവണ്യന്മാരാലും പൂജ്യയുമാകുന്നു. മുൻപറഞ്ഞ ബിന്ദുവിന്റെ ഉപരിഭാഗത്ത്       വിദ്യാമൂലജനനിയും വിദ്യാഭ്യാസ്വരൂപിണിയും, പഞ്ചകോശവി നിർമ്മുകതയും, പഞ്ചക്ലേശഹാരിണിയും അവസ്ഥാത്രകുടസ്ഥയും, അധ്യാരോപമയിയും പരാൽപരയും, സിദ്ധന്മാരാലും, യോഗികളാലും, ത്രിമൂർത്തികളാൽ കൂടിയും യമാദ്യവസ്ഥകളാൽ പൂജിക്കപ്പെടുന്നവളുമായ 
രാജരാജേശ്വരി സ്ഥിതിചെയ്യുന്നു. ഈ വിദ്യയെ ഭജിക്കുന്നവന് വിദ്യാകടാക്ഷംകൊണ്ട് ബ്രഹ്മപ്രാപ്തിയുണ്ടാകുന്നു. മറ്റുള്ള മന്ത്രങ്ങളെ ജപിക്കുന്നതുകൊണ്ട് കണ്ഠക്ഷോഭമല്ലാതെ വേറെ യാതൊരു പ്രയോജനവുമില്ല. യോഗവും ജ്ഞാനവും, സന്തുഷ്ടിയും, മറ്റൊന്നുംകൊണ്ടും ലഭിക്കയില്ല. ഈ വിദ്യയെ കാണ്മാൻ പ്രതീക്ഷിച്ചുകൊണ്ട് ബ്രഹ്മാദികൾ പോലും മേരുവിൽ രാപകൽ ഉൽകണ്ഠയോടെ ഭജിക്കുന്നു.

                                       
നമഃ ശിവായ
Adhena Jayakumar
Pls like
https://www.facebook.com/groups/450322055320342/permalink/1342380699447802/

Thursday, January 14, 2021

ശിവതാണ്ഡവം

ശിവതാണ്ഡവം 

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.

Saturday, January 2, 2021

രാമപ്പ ക്ഷേത്രം

*➖🔳ക്ഷേത്രപരിചയം🔳➖*
*രാമപ്പ ക്ഷേത്രം*

*ദൈവത്തിന്റെ പേരിന് പകരം ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം..*.

എത്ര വലിയ ഭൂകമ്പമുണ്ടായാലും തകരില്ല. ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ശിലകള്‍ വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കും. ഇപ്പോഴും അത്ഭുതപ്പെടുത്തും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള ഈ വിദ്യകള്‍.ഏതെങ്കിലും ചിത്ര കഥയിലെ കഥാ ഭാഗം ആണെന് സംശയിക്കേണ്ട കേട്ടോ. സംഭവം ഉള്ളത് ആണ്.ഒന്ന് തെലുങ്കാന വരെ ഒരു യാത്ര പോയി അറിഞ്ഞ് വന്നാലോ. വരൂ!!!

ഒരു ക്ഷേത്രം അറിയപ്പെടുക അവിടെ പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിന്റെ പേരിലായിരിക്കും അല്ലെങ്കിൽ അത് സ്ഥിതി ചെയ്യുന്ന നാടിന്റെ പേരിൽ ആയിരിക്കും. ദൈവത്തിന്റെ ഏതു അവതാരമാണോ അവിടത്തെ മൂര്‍ത്തി ആ പേരില്‍ തന്നെയായിരിക്കും ക്ഷേത്രവും കീര്‍ത്തിയാര്‍ജ്ജിക്കുക. എന്നാല്‍ ഒരു ക്ഷേത്രം, പണിത ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുക എന്നത് വിചിത്രമായ സംഭവമായിരിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. അതാണ് തെലങ്കാനയിലെ വാറങ്കലിനടുത്ത് സ്ഥിതി ചെയ്യുന്ന രാമപ്പ ക്ഷേത്രം. രാമപ്പ എന്നാല്‍ ആ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയുടെ പേരല്ല. മറിച്ച് ക്ഷേത്രത്തിന്റെ ശില്‍പ്പിയുടെ പേരാണ്. മറ്റു ക്ഷേത്രങ്ങളിലെ വാസ്തുവിദ്യകളില്‍ നിന്നൊക്കെ വേറിട്ട ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആരാധനാമൂര്‍ത്തി രാമലിംഗേശ്വരന്‍

വാറങ്കലില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം കാകദീയ രാജ വംശവുമായി ചേര്‍ന്നു നില്‍ക്കുന്നു. ഇവരുടെ തലസ്ഥാമായിരുന്നു വാറങ്കല്‍. കാകതിയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്തായിരുന്നു രാമപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1213 ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ശിവപ്രതിഷ്ഠായണ്. ലിംഗേശ്വരന്‍ എന്നാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. രൂദ്രേശ്വരം ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഗണപതി ദേവ രാജാവിന്റെ സേനാധിപനായിരുന്ന രേചര്‍ല രുദ്രനായിരുന്നു രാജാവ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. ശില്‍പ്പിയായത് രാമപ്പ സ്ഥാപതിയും. 40 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായതെന്നും പറയപ്പെടുന്നു.

കാകതീയ താരകം

കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. എഡി1213 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത്.

രാമപ്പ താൻ പണിയാൻപോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥ മാതൃക നിർമിച്ചും 40 വർഷം വിശ്രമമില്ലാതെ പണിതുമാണ് ഈ ക്ഷേത്രം പൂർത്തിയാക്കിയതത്രെ. ഭൂകമ്പമുണ്ടായാൽപോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകൾ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവും കേവലം കൗതുകം മാത്രമല്ല, അക്കാലത്തെ വിജ്ഞാനത്തിന്റെ തെളിവുകൂടിയാണ്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനരുദ്ധാരണ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇവിടെ. ഹൊയ്സാല, പട്ടടക്കൽ, ഹംപി, കൊണാർക്ക് തുടങ്ങിയവയോടൊക്കെ ഏതുനിലയിലും കിടപിടിക്കുന്ന ഈ പൈതൃകസ്മാരകത്തെ പ്രശസ്ത ആർക്കിയോളജിസ്റ്റ് ഗുലാം യസ്ദാനി വിശേഷിപ്പിക്കുന്നത് Brightest Star in the Galaxy of Mediaeval Decan temples എന്നാണ്.

അമ്പരപ്പിക്കുന്ന കൊത്തു പണികൾ

6 അടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ഒരു തറകെട്ടി അതിനുമുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇളം ചുവപ്പുനിറത്തിലുള്ള ബസാൾട് സാൻഡ് േസ്റ്റാൺകൊണ്ടാണ് നിർമാണം. ശ്രീകോവിലിനോട് ചേർത്തുതന്നെ പണിതിരിക്കുന്ന മണ്ഡപത്തിന് തെക്ക്, വടക്ക്, കിഴക്ക് ദിക്കുകളിലേക്ക് മുഖപ്പുകളും ഇളം തിണ്ണകളും തീർത്തിട്ടുണ്ട്. പടവുകൾ കയറിച്ചെല്ലുമ്പോൾ ഇളംതിണ്ണയുടെ വശങ്ങളിൽ ദ്വാരപാലികമാരുടെ രൂപങ്ങൾ കാണാം. ഒരാൾ വെൺചാമരം വീശുന്നതായും മറ്റൊരാൾ വില്ലു കുലയ്ക്കുന്ന തായുമാണ് ചിത്രീ കരിച്ചിരിക്കുന്നത്! റാണി രുദ്രമാദേവി ഭരിച്ച സാമ്രാജ്യത്തിൽ സ്ത്രീകേസരികൾ സർവസാധാരണമായിരുന്നിരിക്കണം.

മണ്ഡപത്തിന്റെ തൂണുകൾ തിളക്കമാർന്ന കൃഷ്ണശില കൊണ്ടാണ്. വൃത്താകാരത്തിലുള്ള ഈ സ്തംഭങ്ങൾ ഓരോന്നും അടിമുടി കൊത്തു പണികളാൽ സമൃദ്ധമാണ്. തൂണിന്റെ ഏറ്റവും മുകളിൽ ഓരോ വശത്തും വിവിധ വാദ്യ കലാകാരന്മാരെ വരച്ചു വച്ചിരിക്കുന്നതുപോലെ കൊത്തിഎടുത്തിരിക്കുന്നു. അതിനു താഴെ മടക്കിയിട്ട മുത്തുമാലകൾ പോലെയുള്ള അലങ്കാരപ്പണി. തുടർന്ന് താഴോട്ട് കൊത്തി എടുത്തിരിക്കുന്ന മൊട്ടുകൾ. പിന്നെ ഒരു നിര നക്ഷത്രങ്ങൾ, അതിനു താഴെ സാമാന്യം വലിപ്പത്തിൽ പല ഭാവങ്ങളിലുള്ള വാദ്യ–നൃത്തകലാകാരന്മാരും രാസക്രീഡയിലെ രംഗങ്ങളും ഒക്കെ കൊത്തിവച്ചിരിക്കുന്നു. ഇത്രമാത്രം സൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ കൊത്തുപണി അമ്പരപ്പുളവാക്കും. സൂക്ഷിച്ച് നോക്കിയാൽ ചെറിയ ഗ്യാപ്പുകൾ വരെ വ്യക്തമായി കൊത്തി വച്ചിരിക്കുന്നു എന്ന് കാണാൻ സാധിക്കും. ഇന്നത്തെ മോഡേൺ ടെക്നോളജി ഉപയോഗിച്ച് ഇത്രയും ആഴവും, കൃത്യതയും, മനോഹരവും, ഈട്‌ നിൽക്കുന്നതും ആയ ഒരു നിർമ്മിതി നിർമ്മിക്കാൻ ആകുമോ എന്ന് സംശയം ആണ്!!!!

നാഗിനികളും കാമിനികളും

ശ്രീകോവിൽ വാതിലിന് രണ്ടാൾപ്പൊക്കമുണ്ടാകും. അതിന് ഇരു വശങ്ങളിലും വായുവും പ്രകാശവും അകത്തേക്കു കടക്കുന്ന വിധത്തിൽ ഒരു വെന്റിലേറ്റർ കാണാം. അടുത്തുചെന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും ആ ജാലികയിലെ ഓരോ കഷ്ണവും ഓരോ ശിൽപമാണെന്ന്. കട്ടളയ്ക്ക് ഇരുവശവും ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണരൂപം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീകോവിൽ മേൽക്കുര മാനത്തേക്കുയരുന്ന ഗോപുരംപോലെ സ്തൂപികാകൃതിയിൽ ഉയർന്നിരിക്കുമ്പോൾ അതിന്റെ കിഴക്കോട്ടുള്ള ഒരു നീട്ട് പോലെയാണ് മണ്ഡപവും മുഖപ്പുകളുമടങ്ങുന്ന ഭാഗം.

പുറത്തേക്കിറങ്ങിയാൽ ക്ഷേത്രത്തിന്റെ ഭിത്തി ചുറ്റിനും മനോഹരമായ കൊത്തുപണികളാണ്. താഴെനിന്നും പല തലങ്ങളിലായി ഒരു ഡിസൈൻ പാറ്റേൺതന്നെയുണ്ട്. പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാധിഷ്ഠിതമായ കെട്ടുകളിൽ ഒരു നിര ആന, അതിനു മുകളിൽ സൂര്യൻ അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ, പിന്നെ നക്ഷത്രങ്ങൾ. ക്ഷേത്രച്ചുവരിനെ പൂർണമായും ചുറ്റുന്ന ആയിരത്തിലധികം വരുന്ന ഈ ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്. മുഖപ്പുകളുടെ അരഭിത്തിയിലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. കാകതീയസൈന്യാധിപനായ ജയപ സേനാനി രചിച്ച നൃത്യരത്നാവലി എന്ന നൃത്ത ശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ. ഹൈന്ദവ ധർമ്മ പരിഷത്ത്. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്ന സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങൾ പെട്ടന്നു ശ്രദ്ധയിൽപ്പെടും. അതിൽ കിഴക്കുവശത്തുള്ള ഒരു ഹൈ ഹീൽ ചെരിപ്പ് അണിഞ്ഞ സ്ത്രീരൂപം പ്രത്യേകിച്ച് ശ്രദ്ധേയമാണ്!!!! തറനിരപ്പിൽനിന്നും മുകളിലേക്കുള്ള പടവുകളുടെ ഇരുവശത്തും ആനകളുടെ ശിൽപങ്ങൾ കാണാം.

ശ്രീകോവിലിനെ മുഖാമുഖം നോക്കി ഇരിക്കുന്ന നന്ദിയുെട ശിൽപം  ഒരാൾപ്പൊക്കവും ആറടിനീളവുമുള്ളത് കാണാനാകും. കനപ്പെട്ട മാലകളും ചുട്ടികളും ഓഢ്യാണങ്ങളും പോലെയുള്ള ആഭരണങ്ങളും കൊത്തിവച്ച് നന്ദിയെ അലങ്കരിച്ചിരിക്കുന്നു. നന്ദിയുടെ മണ്ഡപവും ഒരാൾപ്പൊക്കമുള്ള തറയിലാണ് സ്ഥിതിചെയ്യുന്നത്. അവിടെയും ശ്രീകോവിൽ ഭിത്തിയിലെപ്പോലെതന്നെ അലങ്കാരങ്ങൾ ഉണ്ടായിരുന്നതിന്റെ നാമമാത്രമായ ശേഷിപ്പുകൾ കാണാം. മേൽക്കുര ഇപ്പോഴില്ല. വടക്കുവശത്ത് മറ്റൊരു ക്ഷേത്രനിർമ്മിതി കാണാം. രാമപ്പക്ഷേത്രത്തിനോട് ഏറെക്കുറെ സാദൃശ്യമുള്ള ഒന്ന്. അത് പ്രധാന ശ്രീകോവിലിനുവേണ്ടി രാമപ്പ പണിത മാതൃകയാണത്രേ!

ഭൂകമ്പത്തില്‍ പോലും തകരില്ല!!!!

രാമപ്പ ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്ര വിദ്യ ഇന്നും പലരും പഠനത്തിന് വിധേയമാക്കാറുണ്ട്. ഏറെ വിചിത്രമാണ് ഇവിടത്തെ വാസ്തുവിദ്യ. എത്ര വലിയ ഭൂകമ്പമുണ്ടായാലും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിക്കില്ലത്രെ. കെട്ടിടം തകരാത്തവിധം മണലിട്ടുറപ്പിച്ച് അടിത്തറയാണ് ക്ഷേത്രത്തിനുള്ളത്. ഒരു കുഷന്‍ പോലെ ഇത് ക്ഷേത്രത്തെ സുരക്ഷിതമായി നിര്‍ത്തുന്നു എന്നതാണ് പ്രത്യേകത. സാന്റ് ബോക്‌സ് സാങ്കേതിക വിദ്യയെന്നാണ് ഇത് അറിയപ്പെടുന്നത്. ആറടി ഉയരത്തില്‍ നക്ഷത്രാകൃതിയിലുള്ള ഒരു അടിസ്ഥാനം കെട്ടി അതിന് മുകളിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

മറ്റൊരു വിചിത്ര കാര്യം ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ശിലകളുമായി ബന്ധപ്പെട്ടതാണ്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ശിലകള്‍ വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള ശിലകളാണ്. ഇതിന് വളരെ ഭാരം കുറവാണെങ്കിലും കെട്ടിടത്തിന് നല്ല ഉറപ്പു നല്‍കുന്നു. ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപയോഗിച്ച ഈ വിദ്യ ഇന്നും ഒരു കൗതുകമായി തന്നെ തുടരുന്നു (ഇന്ത്യയിൽ നിന്നും ശ്രീ ലങ്കയിലേക്ക് ശ്രീ രാമൻ നിർമിച്ച സേതു സമുദ്രം പാലവും നിർമ്മിച്ചത് ഇത്തരം കല്ലുകൾ കൊണ്ടാണ്. കടൽ തീരത്ത് ചേർന്ന് കിടക്കുന്ന രാമേശ്വരം ക്ഷേത്രത്തിൽ ഉള്ള ശുദ്ധ ജല കിണറിൽ ഇപ്പഴും ഈ കല്ലുകൾ പൊങ്ങി കിടക്കുന്നത് കാണാം). ഇളം ചുവപ്പു നിറത്തിലുള്ള ബസാള്‍ട് സാന്റ് സ്റ്റോണ്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു.

1200 കാലഘട്ടത്തിൽ വിദേശികൾ ആടിനെ മെയിച്ച്, കൊള്ളയടിച്ചു നടന്ന കാലം നമ്മുടെ നാട് ഇതുപോലെ മഹത്തരമായ കണ്ടുപിടുത്തങ്ങൾ, നിർമ്മിതികൾ, ലോകോത്തര സർവ്വകലാശാലകൾ ഇവ കൊണ്ട് സമ്പൽ സമൃദ്ധമായ ഒരു നാട് ആയിരുന്നു. ശേഷം വന്നു കയറിവർ  കാരണം തകർക്കപ്പെട്ടു, അത് പോട്ടെ. 2020 എടുത്തു ഇത്തരം കാര്യങ്ങള് നമ്മൾ അറിയാൻ. ആരെ സഹായിക്കാന് ആണ് എന്ന് അറിയില്ല എന്ത് കൊണ്ട് നമ്മളെ ആരും സ്കൂളിൽ കോളജിൽ പഠിപ്പിച്ചില്ല ഇത്തരം കാര്യങ്ങളൊന്നും ? പാഠപുസ്തക സമിതിയിൽ ഇരിക്കുന്നവർ എന്തിന് ഇതുപോലെ ഉള്ള അനേകം ഭാരതീയ പൈതൃകം മറച്ചു വെക്കുന്നു നമ്മളിൽ നിന്നും.
🔅🔅🔅🔅🔅🔅🔅🔅

കടപ്പാട്

Sicial media

Tuesday, December 29, 2020

സുരട്ടുപള്ളി

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* *സുരട്ടുപള്ളി*

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. 

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*. 

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. 

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.
*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. *അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*. 

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. 

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. 

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*. 

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്. 

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*. 

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*
സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.
ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*
രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 
പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599