Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 27, 2019

ശിവൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                           *[ശിവൻ]*

*_ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം_*

*_ചാരുചന്ദ്രാവതംസം_*

*_രത്നാകല്പോജ്വലാംഗം പരശുമൃഗവരാ -_*

*_ഭീതിഹസ്തം പ്രസന്നം_*

*_പദ്മാസീനം സമന്താത് സ്തുതമമരഗണൈർ -_*

*_വ്യാഘ്രകൃത്തിം വസാനം_*

*_വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം_*

*_പഞ്ചവക്ത്രം ത്രിനേത്രം._*

▫▫▫▫▫▪▫▫▫▫▫

*_വെള്ളിക്കുന്നുപോലെ വെളുത്ത ഉയർന്ന വലിയ ശരീരത്തോടും ,ഭംഗിയുള്ള ചന്ദ്രക്കലയാകുന്ന ശിരോലങ്കാരത്തോടും ,രത്നമയമായ അലങ്കാരങ്ങളെക്കൊണ്ടു ശോഭായമാനമായ അവയവങ്ങളോടും വെൺമഴു ,മാൻ ,വരദം, അഭയം ,എന്നിവ ധരിച്ച നാലു തൃക്കൈകളോടും ,പ്രസന്നമായ വദനത്തോടും ,നാലുപുറവും വന്നു നില്ക്കുന്ന ദേവന്മാരുടെ സ്തുതിയോടും ,പുലിത്തോലാകുന്ന ഉടുപുടവയോടും കൂടിയവനും ആദി പുരുഷനും ലോകവന്ദ്യനും സകല ഭയങ്ങളേയും നശിപ്പിക്കുന്നവനും പഞ്ചവക്ത്രനും ത്രിനേത്രനും താമരപ്പൂവിൽ ഇരിക്കുന്നവനുമായ ശിവനെ നിത്യവും ധ്യാനിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

മനീഷപഞ്ചകം

🏵🏵🏵🏵🏵🏵🏵🏵🏵


        *മനീഷപഞ്ചകം*


അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലം ആയിരുന്നതിനാല്‍ , ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്‍ ആവശ്യപ്പെട്ടു.“ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴിപോക്കന്‍ ചോദിച്ചു. തന്റെ മുന്നില് പ്രത്യക്ഷപ്പെട്ടത് ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.

പ്രാരംഭഃ

അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകര്‍ത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി

യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കില്‍ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കില്‍ അത് ചൈതന്യം മാത്രമാണ്.

കിം ഗംഗാംബുനി ബിംബിതേfമ്ബരമണൌ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോര്‍വാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാ‍വബോധാംബുധൌ
വിപ്രോfയം ശ്വപചോfയമിത്യപി മഹാന്‍ കോfയം വിഭേദഭ്രമഃ

ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വര്‍ണ്ണക്കുടത്തിലെ ആകാശത്തിനും മണ്‍‌കുടത്തിലെ ആകാശത്തിന്നും തമ്മില്‍ ഭേദമെന്ത്?തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണന്‍ ഇതു ചണ്ഡാലന്‍‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഞാന്‍ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാന്‍ സങ്കല്പിച്ചു കാണുന്നതാണ് ഈ സര്‍വ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിര്‍മ്മലവുമായ ബ്രഹ്മത്തില്‍ ആര്‍ക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍ന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

ഗുരുവിന്റെ ഉപദേശത്താല്‍ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാള്‍ സത്യബോധമാകുന്ന ജ്ഞാനാഗ്നിയില്‍, വന്നതും വരാന്‍ പോകുന്നതുമായ കര്‍മ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാ‍നുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമര്‍പ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോfചേതനാഃ
താം ഭാസ്യൈഃ പിഹിതാര്‍ക്കമണ്ഡലനിഭാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍
യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ

പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍’ എന്നിങ്ങനെ ഉള്ളില്‍ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യന്‍ മേഘപടലങ്ങളാല്‍ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാര്‍ത്ഥങ്ങള്‍ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.

യത്‌സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാഃ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍ന്നിര്‍വൃതഃ
യസ്മിന്‍ നിത്യസുഖാംബുധൌ ഗളിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ

ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദി ലോകപാലകര്‍ പോലും ആനന്ദനിര്‍വൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി വിട്ടുപോയ മനസ്സില്‍ സത്യദര്‍ശിയായ സന്ന്യാസി നിര്‍വൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞുചേര്‍ന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാല്‍ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.


                      (കടപ്പാട്)


🏵🏵🏵🏵🏵🏵🏵🏵🏵

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം*  
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന *പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു *യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ)അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.*
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

ക്ഷേത്രപാലൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*56 . ക്ഷേത്രപാലൻ*


*കപാലശൂലവിലസത്കരം കാളഘനപഭം*
*ക്ഷേത്രപാലം ത്രിനയനം ദിഗംബരമഥാfർച്ചയേത് .*


*സാരം*

         *_കപാലവും ശൂലവും കയ്യിൽ ധരിച്ച് കാർമേഘത്തിന്റെ നിറത്തോടുകൂടി ദിഗംബരനായി ക്ഷേത്രപാലരൂപത്തിലുള്ള മുക്കണ്ണനെ ( ശിവനെ ) പൂജിയ്ക്കണം........🌹🌷🙏🏻_*
                                    
 

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

Thursday, December 26, 2019

ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രവും അതിന്റെ കാരണവും

🐚🐚🐚🐚🐚🐚🐚🐚🐚


*ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രവും അതിന്റെ കാരണവും*. 

ഈ വർഷത്തെ സൂര്യഗ്രഹണം 1195 ധനു 10ന്  (2019 ഡിസംബർ  26) വ്യാഴാഴ്ച  കാലത്ത് ഏകദേശം  8 മണിയോടെ  ആരംഭിച്ച്  9 മണി 32 മിനിറ്റിന് മധ്യകാലവും 11 മണി 11 മിനിറ്റിന് മോക്ഷ കാലവുമാകുന്നു
ഗ്രഹണ സമയത്തു ക്ഷേത്രങ്ങളിൽ എല്ലാം നട  അടച്ചിടും എന്നാൽ  ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രമെന്നു ഖ്യാതി നേടിയ കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾക്ക് സൂര്യ ഗ്രഹണം  തടസ്സമാകില്ല.  തിരുവാർപ്പു ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾ മാറ്റമില്ലാതെ നടത്തുമെങ്കിലും പുറത്തെ ഗോപുരവാതിലുകൾ ഗ്രഹണസമയത്തു തുറക്കില്ല. ഇതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

തിരുവാർപ്പിൽ എന്നും പുലർച്ചെ രണ്ടിനാണു നട തുറക്കുന്നത്. കംസനിഗ്രഹത്തിനുശേഷം വിശന്നുവലഞ്ഞുനിൽക്കുന്ന ശ്രീകൃഷ്‌ണനാണത്രേ തിരുവാർപ്പിലെ പ്രതിഷ്‌ഠ. പടിഞ്ഞാറേക്കു ദർശനം. നിവേദ്യം മുടക്കാൻ പാടില്ലെന്നതിനാലാണു പൂജകൾ മുടക്കം കൂടാതെ നടത്തുന്നത്. ഒരിക്കൽ വളരെനേരം നീണ്ടുനിന്ന ഒരു ഗ്രഹണസമയത്തു പൂജ മുടങ്ങിയെന്നും പിന്നീടു നട തുറന്നപ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞു കാൽക്കൽ കിടക്കുന്നതാണു കണ്ടതെന്നും പറയപ്പെടുന്നു.

ഇതു സംബന്ധിച്ചു പ്രശ്നംവച്ചു നോക്കിയപ്പോഴാണു നിവേദ്യം ഒരിക്കൽപോലും മുടങ്ങാൻ പാടില്ലെന്നതു കണ്ടെത്തിയത്. അതിനുശേഷം പൂജകൾക്കോ നിവേദ്യത്തിനോ മാറ്റം വരുത്തിയിട്ടില്ല. ക്ഷേത്ര ചടങ്ങുകൾക്ക് ഒന്നിനും ‘നേരമാറ്റം’ പാടില്ലെന്നാണ് അന്നത്തെ പ്രശ്നച്ചാർത്തിൽ എഴുതിയിരുന്നതത്രെ. രാവിലെ പന്തീരടിപൂജയ്ക്കുശേഷം പുല്ലാട്ട് പൂജയെന്ന വിശേഷാൽ പൂജയും ഇന്നു നടക്കും. ദേവസ്വം അറിയിപ്പിൽ ഉദയാസ്തമന പൂജ എന്നാണു പുല്ലാട്ട് പൂജയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന്റെഭാഗമായി ശ്രീകോവിലിന്റെ നട 16 തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യും.

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൊഴികെ എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ ഗ്രഹണ സമയം മൂടി പൊതിഞ്ഞു വെയ്ക്കും ഗ്രഹണം കഴിഞ്ഞാൽ ധാരാളം അഭിഷേകവും കലശവും നടത്തും...
🐚🐚🐚🐚🐚🐚🐚🐚🐚

Wednesday, December 25, 2019

പ്രാസാദമന്ത്രം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*47. പ്രാസാദമന്ത്രം*


*ദേവം നമാമി ശിരസാ പരശുത്രിശൂല......*
*വിദ്യാകപാലപരിമണ്ഡിതബാഹുദണ്ഡം*
*വ്യാഘ്രാജിനാംബരധരം ഭസിതാവദാത......*
*വേഷോജ്ജ്വലം ധൃതജടാഘടിതേന്ദുബിംബം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒പരശു ,ത്രിശൂലം പുസ്തകം, തലയോട് എന്നിവകൊണ്ട് അലങ്കൃതമായ ബാഹുണ്ഡങ്ങളോടുകൂടിയവനും പുലിത്തോലുടുത്തവനും ഭസ്മം അണിഞ്ഞ വെളുത്ത നിറമുള്ള വേഷത്തോടുകൂടിയവനും ജടാജൂടത്തിൽ ചന്ദ്രബിംബത്തെ ധരിച്ചവനുമായ ദേവനെ ഞാൻ ശിരസാ നമസ്കരിയ്ക്കുന്നു........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ഗോകര്‍ണ്ണൻ

*ഗോകര്‍ണ്ണൻ*

===============

*ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു*.

*ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മംനടത്തുക‘‘ എന്ന്അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽപോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു*.

*സമാധയിൽനിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു*.

*പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവിഎന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി*.

*ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു*.

*രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി*.

*രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗംകൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു*.

*ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയുംചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതുകണ്ട് രാവണൻ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്കുകൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാൻ വളരെ പണിപ്പെട്ടു. ഒരുഫലം ഉണ്ടായില്ല*.

*ഇത്രബലമോ ഈ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അവൻ അതു മൂടിയിരുന്ന പട്ടു വലിച്ചെടുത്ത് നാലായിക്കീറി നാലുദിക്കിലേയ്ക്കും വലിച്ചെറിഞ്ഞു. അതുചെന്നുവീണസ്ഥലങ്ങളിലെല്ലാം ഓരോശിവലിംഗങ്ങൾകൂടി ഉണ്ടായി. അങ്ങനെ ഗോകർണ്ണത്തിലിപ്പോൾ പഞ്ചലിംഗങ്ങളാണ് ഉള്ളത്. രാവണന്റെ കിഴുക്കുകൊണ്ടതിനാൽ തലകുഴിഞ്ഞമട്ടിലുള്ള ഒരുഗണപതിയും ഗോകർണ്ണത്തുകാണാം*.
=========================
*പണ്ട് ദക്ഷിണദേശത്ത് തുങ്കഭദ്ര എന്ന ഒരു നദീ തീരത്തു ധാരാളം ദാന ധർമ്മകൾ ഒക്കെ ചെയ്യ്തിരുന്ന ആത്മദേവൻ എന്നൊരു ബ്രഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദുഃഖ കാരണത്താൽ അദ്ദേഹം ഒരു ദിവസം കാട്ടിലേക്കു പോയി. കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു തടാകത്തിനു അരികിൽ എത്തിച്ചേർന്നു. അദ്ദേഹം ആ തടാകത്തിൽ ഇറങ്ങി അല്പം വെള്ളം കുടിച്ചു. അപ്പോൾ അവിടേക്കു ഒരു സന്യാസി കടന്നുവന്നു. ബ്രഹ്മണൻ ആദരപൂർവം സന്യാസിയെ വണങ്ങി. സന്യാസി ബ്രഹ്മണനോട്  എന്താ അങ്ങു ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് എന്ന് ചോദിച്ചു*.

*കുലത്തിൽ പുത്രൻ ഇല്ലെങ്കിൽ എന്ത് കാര്യംആണ് ഉള്ളത് മഹർഷേ ഗൃഹത്തിൽ പുത്രൻ ഇല്ലെങ്കിൽ ധനം ഉണ്ടായിട്ടു എന്ത് അർഥം ആണ് ഉള്ളത്. ഞാൻ നാട്ടു വളർത്തിയ ഒന്നും കായിക്കുകയോ പൂകുകയോ ചെയിതില്ല, ഞാൻ വളർത്തുന്ന പശു ഇതുവരെ പ്രസവിച്ചില്ല. മഹർഷേ എനിക്ക്  ഒരു പുത്രാനെ ലഭിക്കുവാൻ അങ്ങു ഒരു വരം തന്നാലും*.

*ബ്രഹ്മണന്റെ അപേക്ഷ പ്രകാരം സന്യാസി ഒരു പഴം എടുത്ത് ജപിച്ച് ആ പഴം ഭാര്യയിക്ക് കൊടുത്ത് ഒരു വർഷം വ്രതം അനുഷ്ഠിക്കുവാൻ ഉപദേശിച്ചു. ബ്രഹ്മണൻ പഴവും എടുത്ത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ധുന്ധുളി  നടന്ന കാര്യങ്ങൾ എല്ലാം ധുന്ധുകാരിയോട് വിവരിച്ചു എന്നിട്ട് ആ പഴവും കൊടുത്തു. പക്ഷെ ഭാര്യക്കു വ്രതങ്ങൾ അനുഷ്ഠിക്കുവാൻ താല്പര്യം ഇല്ലാത്തതു കാരണം അവളതു ഭക്ഷിച്ചില്ല. പക്ഷെ ഭർത്താവു പറഞ്ഞത്‌ നിരസിക്കുവാനും സാധിച്ചിച്ചില്ല. അവൾ തന്റെ പ്രശ്നം അവളുടെ അനുജത്ത്തിയോട് പറഞ്ഞു. അനുജത്തി പറഞ്ഞു ഞാൻ ഗർഭിണിയാണ് എനിക്ക് ഇപ്പോൾ കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രസവിക്കുന്ന ഈ കുട്ടിയെ കുഞ്ഞിനെ ചേച്ചിക് തരാം പക്ഷെ എന്‍റെ ഭർത്താവിന് ധനം നൽകേണ്ടി വരും ഇതുകേട്ട ധുന്ധുകാരി അതിനു സമ്മതിച്ചു സന്തോഷിച്ചു*.

*ഭർത്താവ് കൊടുത്ത പഴം ആരും അറിയാതെ അവിടെ വളർത്തുന്ന പശുവിനു കൊടുത്തു. പിന്നീട് ഭർത്താവിനോട് താൻ ഗർഭിണി ആണെന്നും പറഞ്ഞു ഒരു ഗർഭിണിയെ പോലെ അഭിനയിച്ചു നടന്നു*.

*അങ്ങനെ നുണ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അനുജത്തി പ്രസവിച്ചു എന്നിട്ട് ഭർത്താവിനോട് പറഞ്ഞു നമ്മുടെ കുട്ടിയെന്നു. പാവം ബ്രാഹ്മണൻ അത് വിശ്വസിച്ചു ധാനധർമ്മങ്ങൾ എല്ലാം ചെയിതു എന്നിട്ട് ധുന്ധുളിയുടെ ഇഷ്ട പ്രകാരം മകന്‌  ധുന്ധുകാരി എന്ന നാമകരണവും ചെയ്യിതു*.

*ഇതിനിടയിൽ പഴം കഴിച്ച പശു ഗർഭം ധരിച്ചു ദിവ്യനും സുന്ദരനുമായ ഒരു ബാലനെ പ്രസവിച്ചു പക്ഷെ പശു പ്രസവിച്ചത് പശുക്കുട്ടിയെ അല്ല ഒരു ആൺകുട്ടിയെ ആയിരുന്നു. കുട്ടിയുടെ ചെവി മാത്രം പശുവിന്റെ ചെവി പോലെ ആയിരുന്നു*. *ആത്മദേവൻ ജാതകർമ്മാദിക്രിയകളെല്ലാം നടത്തി ഗോകർണ്ണനെന്ന് പേരുമിട്ടു*.
*കുറേക്കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വളർന്നു യുവാക്കളായി. ഗോകർണ്ണൻ വിവേകബുദ്ധിയുള്ളവനും ധുന്ധുകാരി മഹാദുഷ്ടനുമായിത്തീർന്നു. സകല ദുഷ്ടപ്രവൃത്തികളും ചെയ്തു പോന്ന ധുന്ധുകാരി മാതാപിതാക്കളെ ദേഹോ ഉദ്രവമേല്പിക്കാനും തുടങ്ങി. അത്യന്തം ദുഃഖിതനായിത്തീർന്ന പിതാവിനെ ജ്ഞാനിയായ ഗോകർണ്ണൻ ആത്മോപദേശം ചെയ്ത് വനത്തിലേയ്ക്കയച്ചു. വിഷയവിരക്തിവന്ന ആത്മദേവൻ ദിവസവും ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്തുകൊണ്ട് ഭഗവാനെ സേവിച്ചു. അവസാനം സായൂജ്യ മുക്തിയെ പ്രാപിക്കുകയും ചെയ്തു*

*പിതാവ് ഗൃഹമുപേക്ഷിച്ച് പോയതിന് ശേഷം ധുന്ധുകാരി ധുന്ധുളിയോട്  പണമാവശ്യപ്പെട്ടുകൊണ്ടു ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. ദുഃഖം സഹിക്കാൻ കഴിയാതെ ധുന്ധുളി കിണറ്റിൽ ചാടി ജീവത്യാഗം ചെയ്തു*.

*പിന്നിട് ഗോകർണ്ണൻ തീർത്ഥാടനത്തിന് പോയ സമയത്ത് ധുന്ധുകാരി അഞ്ച് വേശ്യാസ്ത്രീകളെ ഗൃഹത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അയാൾ അവരെ പരിപാലിക്കാനായി അനേകം നികൃഷ്ടകർമ്മങ്ങളും ചെയ്തു. പലദിക്കിൽ നിന്നും ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളും കവർച്ചചെയ്തു കൊണ്ടുവന്ന് കൊടുത്തു അവരെ സന്തോഷിപ്പിച്ചു. മോഷണം നടത്തിയതിന് രാജാവ് ധുന്ധുകാരിയെ പിടികൂടി സ്വത്തെല്ലാം തിരിച്ചു പിടിക്കുമെന്ന് ഭയന്ന സ്ത്രീകൾ അയാളെ വധിക്കാൻ നിശ്ചയിച്ചു. കഴുത്തിൽ കയറ് കെട്ടിയും തീക്കനൽ മുഖത്ത് കോരിയിട്ടും ദാരുണമായി അവർ ധുന്ധുകാരിയെ വധിച്ചു. മൃതശരീരം രഹസ്യമായി മറവ് ചെയ്ത ശേഷം അവർ കവർച്ചമുതലെല്ലാം കൈക്കലാക്കി അവർ അവിടം വിട്ടുപോയി*.

*നികൃഷ്ടകർമ്മങ്ങൾ ചെയ്ത ധുന്ധുകാരി മരണശേഷം മഹാപ്രേതമായിത്തീർന്നു. ചുഴലിക്കാറ്റിന്റെ രൂപത്തിൽ വിശപ്പും ദാഹവും ചൂടും തണുപ്പും സഹിച്ചുകൊണ്ടും, തന്റെ കഷ്ടാവസ്ഥ ഓർത്ത് കരഞ്ഞു കൊണ്ടും എങ്ങും ശരണമില്ലാതെ അത് അലഞ്ഞു തിരിഞ്ഞു*.

*തീർത്ഥാടനത്തിന് പോയിരുന്ന ഗോകർണ്ണൻ ധുന്ധുകാരിയുടെ മരണവാർത്തയറിഞ്ഞ്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. കൂടാതെ ഗോകർണ്ണൻ പ്രവേശിച്ച എല്ലാ തീർത്ഥങ്ങളിലും ശ്രാദ്ധം കഴിച്ചു. യാത്രാവസാനം അദ്ദേഹം സ്വന്തം ഗൃഹത്തിൽ തിരിച്ചെത്തി. രാത്രിയിൽ പല രൂപത്തിലും ധുന്ധുകാരിയുടെ പ്രേതം ഗോകർണ്ണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗതികിട്ടാതെ അലയുന്ന ഒരു പ്രേതമാണതെന്ന് നിശ്ചയിച്ച അദ്ദേഹം അതിനോട് ആരാണെന്നും ഈ അവസ്ഥയിൽ എത്താനുള്ള കരണമെന്താണെന്നും ചോദിച്ചു*.

*ശബ്ദമുണ്ടാക്കി കരഞ്ഞതല്ലാതെ അതിനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഗോകർണ്ണൻ തീർത്ഥജലം തളിച്ചപ്പോൾ രൂപം സംസാരിക്കാൻ തുടങ്ങി. താൻ ധുന്ധുകാരിയാണെന്നും തന്റെ ദുഷ്കർമ്മങ്ങളുടെ ഫലമായിട്ടാണ് ഈ ദൈന്യാവസ്ഥ ഉണ്ടായതെന്നും സഹോദരനെ അറിയിച്ചു. പ്രേതാവസ്ഥയിൽ നിന്നും എത്രയും പെട്ടന്ന് തന്നെ മോചിപ്പിക്കണമെന്നും ഗോകർണ്ണനോട് അപേക്ഷിച്ചു*.

*നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. ഗയാശ്രാദ്ധം ചെയ്തിട്ടും മുക്തി ലഭിക്കാത്ത ധുന്ധുളിയെ മോചിപ്പിക്കാൻ ഗോകർണ്ണൻ മഹാപണ്ഡിതന്മാരും യോഗികളും വിദ്വാന്മാരുമായി കൂടിയാലോചിച്ചു. അവസാനം സൂര്യഭഗവാനോട്‌ ചോദിക്കാമെന്നവർ നിശ്ചയിച്ചു*.

*ഗോകർണ്ണൻ സൂര്യദേവനെ പ്രസാദിപ്പിച്ച് നമസ്കരിച്ചതിനു ശേഷം ധുന്ധുകാരിയുടെ പ്രേതാവസ്ഥയുടെ നിവൃത്തിയ്ക്കുള്ള ഉപായം പറഞ്ഞു തരണമെന്നപേക്ഷിച്ചു. ശ്രീമദ് ഭാഗവത സപ്താഹശ്രവണമാണ് അതിനുള്ള മാർഗമെന്ന് ആദിത്യഭഗവാൻ അരുളിചെയ്തു*.

*ഗോകർണ്ണൻ ഉചിതമായ ഒരു* *സ്ഥലത്തിരുന്ന്* *ഭാഗവതം വായിക്കുവാൻ*
*ആരംഭിച്ചു*. *അത് കേൾക്കാനായി നാനാ ദിക്കുകളിൽ നിന്നും ധാരാളം ജനങ്ങൾ വന്നു ചേർന്നു*. *വൃദ്ധരും, മൂഢന്മാരും വികലാംഗരും, എല്ലാം പാപ നിവൃത്തിക്കായി അത് കേൾക്കാനെത്തിചേർന്നു*.

*ഗോകർണ്ണന്റെ ഇരിപ്പിടത്തിന് അടുത്തുണ്ടായിരുന്ന ഏഴ് മുട്ടുകളുള്ള ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിൽ ധുന്ധുകാരിയുടെ പ്രേതവും ഇരുന്നു. ഓരോ ദിവസവും വായന അവസാനിക്കുന്ന സമയം മുളയുടെ ഓരോ ഗ്രന്ഥികളായി പൊട്ടിതുടങ്ങി. ഏഴാം ദിവസം വായന കഴിഞ്ഞപ്പോഴേക്കും ഏഴാമത്തെ ഗ്രന്ഥിയും പൊട്ടി ധുന്ധുകാരി ഭഗവൽസ്വരൂപമായി പുറത്തുവന്നു. ശ്യാമള വർണ്ണത്തോടെ, മഞ്ഞപ്പട്ടുടുത്തും, കുണ്ഡലങ്ങൾ, തുളസീമാല, കിരീടം എന്നിവ ധരിച്ചും ദിവ്യ രൂപമാർന്ന ധുന്ധുകാരി ഗോകർണ്ണനെ നമസ്ക്കരിച്ചു. ശ്രീമദ്ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിസ്തരിച്ചുകൊണ്ടിരുന്ന ധുന്ധുകാരിയെ കൊണ്ടുപോകാനായി വൈകുണ്ഠത്തിൽ നിന്നും വിഷ്ണു ദൂതന്മാർ വിമാനത്തിൽ വന്നെത്തി*.

*ധാരാളം പേർ സപ്താഹയജ്ഞശ്രവണം ചെയ്‌തെങ്കിലും ധുന്ധുകാരിക്കു മാത്രമായി വിമാനം കൊണ്ടുവന്നത്  എന്തുകൊണ്ടാണെന്ന് ഗോകർണ്ണൻ വിഷ്ണുപാർഷദന്മാരോട് ചോദിച്ചു. എല്ലാവരും ഭാഗവത വായന കേട്ടു വെന്നത് ശരിയാണ്. എങ്കിലും അവരാരും തന്നെ മനസ്സിനെ സ്ഥിരമാക്കി നിർത്തി ഭാഗവത കഥകളെ വേണ്ടവിധം മനനം ചെയ്തില്ല. ധുന്ധുകാരി ഏഴ് ദിവസവും ഉപവാസം ദീക്ഷിച്ചുകൊണ്ടാണ് ഭാഗവത വായന ശ്രദ്ധയോടെ ശ്രവിച്ചത്. ഭജന രീതിയിലുള്ള ഭേദമാണ് ഫലത്തിലുള്ള വ്യത്യാസത്തിന് കാരണം മാണ് എന്ന് അവർ  മറുപടി പറഞ്ഞു*.

*വിഷ്ണു ദൂതന്മാരുടെ നിർദ്ദേശപ്രകാരം ഗോകർണ്ണൻ ശ്രാവണ മാസത്തിൽ വീണ്ടും സപ്താഹം നടത്തി. ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും വിധിപ്രകാരം ശ്രവണ മനനാദികൾ നടത്തി. യാജ്ഞാവസാനം, പാർഷദന്മാരോടും വിമാനങ്ങളോടും കൂടി ശ്രീഹരി തന്നെ അവിടെയെഴുന്നള്ളി. ഭഗവാൻ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി. ഗോകർണ്ണനെ വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ഗോകർണ്ണൻ ഭഗവൽസ്വരൂപത്തോട് തുല്യമായ രൂപമുള്ളവനായി. ശ്രോതാക്കളും ഭഗവൽ സ്വരൂപങ്ങളായിത്തീർന്നു. ഗോകർണ്ണനോടുള്ള കാരുണ്യം കൊണ്ട് ആ ഗ്രാമവാസികളെ മുഴുവൻ ഭഗവാൻ വൈകുണ്ഠത്തെ പ്രാപിപ്പിച്ചു. ഭഗവാൻ ഗോകർണ്ണനോടൊപ്പം ഗോ ലോകത്തേയ്ക്കും എഴുന്നള്ളി*.

*ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിക്കുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും. കഠിനതപസ്സ് ചെയ്താൽ പോലും സപ്താഹശ്രവണത്തിന്റെ ഫലം ലഭിക്കുന്നതല്ല. ശ്രാദ്ധദിവസം പാരായണം ചെയ്താൽ പിതൃക്കൾ തൃപ്തരാകുന്നു. വേണ്ടവിധത്തിൽ ശ്രീമദ്ഭാഗവതം പഠിക്കുന്നവന് പരമപുരുഷാർത്ഥത്തെ ലഭൃമവുന്നു*.

*കാരിക്കോട്ടമ്മ -25-12-19*