Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, March 5, 2020

വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം

*വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം* 

എറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷനിൽനിന്ന് അരൂർക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ഉദ്ദേശം നാല് കിലോമീറ്റർ യാത്ര ചെയ്താൽ നെട്ടൂരിൽ എത്താം.

നാമസ്തോത്രത്തിൽ വൈറ്റില എന്ന് മാത്രമേ പറയുന്നുള്ളൂ. വൈറ്റില ജംഗ്ഷനിൽ ഉള്ള ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ ഉണ്ടെങ്കിലും അത് സുബ്രഹ്മണ്യ ക്ഷേത്രമായിട്ടാണ് അറിയുന്നത്. എന്നാൽ അടുത്തുള്ള നെട്ടൂരിലെ മഹാക്ഷേത്രത്തിൽ ശിവനാണ് പ്രധാനം. അതുകൊണ്ട് നെട്ടൂർ ശിവക്ഷേത്രം ആകാനാണ് സാധ്യത കാണുന്നത്.

നെട്ടൂർ ശിവക്ഷേത്രം നെട്ടൂർ മണൽ തട്ടിൽ പരന്നുകിടക്കുന്നു. പഴയകാലത്തെ പ്രൗഢി വിളിച്ചോതുന്ന വലിയ വട്ട ശ്രീകോവിലിൽ രണ്ട് പ്രധാന മൂർത്തികൾ പരിലസിക്കുന്നു. ശിവനും വിഷ്ണുവുമാണ്. കിഴക്കോട്ടാണ് ദർശനം. നമസ്കാരമണ്ഡപവും ചുറ്റമ്പലവുമുണ്ട്. ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ല് ഉത്സവത്തിന്റെ പഴയ കാല വൈഭവം വിളംബരം ചെയ്യുന്നു. ധനുമാസത്തിലാണ് ഉത്സവം. തിരുവാതിര ആറാട്ട് പ്രധാനമാണ്. പരമശിവന്റെ രൗദ്രം കുറക്കാനാണ് പിന്നീട് വിഷ്ണു പ്രതിഷ്ഠ ഉണ്ടായതെന്ന് ഐതിഹ്യം.

ക്ഷേത്രത്തിൽ വാവുബലിക്ക് വളരെ പ്രാധാന്യം കാണുന്നു. ക്ഷേത്രത്തിൽനിന്ന് ചോറു വാങ്ങി തെക്കുഭാഗത്തുള്ള വിസ്തൃതമായ മണൽപരപ്പിൽ വിതറിയാൽ പിതൃക്കൾ എത്തി ഭക്ഷിക്കുമെന്നാണ് വിശ്വാസം. ശ്രീരാമൻ ജഡായുവിന്റെ അന്ത്യകർമ്മങ്ങൾ മാൻമാംസം പുൽത്തകിടിയിൽ വിതറി നിർവഹിച്ചതിന്റെ നിലനിർത്തുന്നതാണ് ഈ കർമ്മം എന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിലെ ഉപദേവതകൾ യോഗീശ്വരൻ, ഗണപതി, കൃഷ്ണൻ, ഗുളികൻ, നാഗരാജാവ് എന്നിവയാകുന്നു. അതിൽ ഗണപതിയുടെ ശ്രീകോവിലിൽ സുബ്രഹ്മണ്യനും സരസ്വതിദേവിയും കൂടി സാന്നിധ്യമരുളുന്നുണ്ട്. പണ്ട് വേദനാട്ട് ഗ്രാമക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമായിരുന്നു. കുമ്പളയിൽ കുലശേഖരൻ സ്ഥാപിച്ച വേദപാഠശാലയുടെ അധ്യക്ഷനായിരുന്ന പ്രഭാകരന്റെ നേതൃത്വത്തിൽ മീമാംസ മതത്തിന് ഗണ്യമായ പ്രചാരം സിദ്ധിച്ചു. അക്കാലത്ത് നെട്ടൂർ ക്ഷേത്രം തിരുനെട്ടൂരായി പ്രശസ്തിയിലേക്ക് ഉയർന്നുവത്രെ !

ശിവന്റെ ഭൂതഗണങ്ങൾ

🙏🙏🙏🌹🙏🙏🙏

*ശിവന്റെ ഭൂതഗണങ്ങൾ*

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.

ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ

വീരഭദ്രൻ

ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.

വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്.

കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.

സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.

വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി .

വായുപുരാണം

ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി
– സ്കന്ധപുരാണം,

*കാലഭൈരവൻ*

ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.

രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്

*ഭദ്രകാളി*

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .

ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി .

ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ .
പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.

ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.

അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

🙏🙏🙏🌹🙏🙏🙏

Wednesday, March 4, 2020

പാലൂർ മഹാദേവക്ഷേത്രം

*പാലൂർ മഹാദേവക്ഷേത്രം* 

പനയിൽ നിന്ന് പുഴകടന്ന് പാലൂർ ശിവ ക്ഷേത്രത്തിലെത്താം. അല്ലാതെ പനയൂർ പ്രത്യേകം ശിവക്ഷേത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയിൽ അമ്പലപ്പാറയിൽ ഒരു പനയുർക്കാവ് ഉണ്ട്. എന്നാൽ അത് ദേവീക്ഷേത്രമാണ്. പാലക്കാട് മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിൽനിന്ന് തത്തമംഗലം വഴി പോകുന്ന ബസ്സിൽ കയറി തത്തമംഗലം സെൻററിൽ ഇറങ്ങി രണ്ട് കിലോമീറ്റർ നടന്നാൽ പാലത്തുള്ളി പാലൂര് ശിവക്ഷേത്രത്തിൽ എത്താം. പുഴ കടന്നാൽ വഴി എളുപ്പമാണ്. പക്ഷേ ഇപ്പോൾ പുഴകടന്ന് എത്താൻ ബുദ്ധിമുട്ടുണ്ട്. പണ്ടുകാലത്തെ പുഴകടന്ന് എളുപ്പം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് കൊണ്ടായിരിക്കാം പനയൂര് എന്ന സ്ഥലനാമത്തിൽ ഈ ക്ഷേത്രം ഉൾപ്പെടുത്തിയത്.

ശോകനാശിനിപുഴയുടെ അടുത്താണ് ക്ഷേത്രം. ക്ഷേത്ര പറമ്പ് പഴയ കൊച്ചിയിലും ചുറ്റുമുള്ള സ്ഥലങ്ങൾ ബ്രിട്ടീഷ് മലബാറിലും ആണ്. പണ്ട് ഒരു ചെട്ടിയാരുടെ കൈവശമായിരുന്നു ക്ഷേത്രം ഇരുന്ന സ്ഥലം. ചെട്ട്യാര് കൊച്ചിരാജാവിന് കൊടുത്തതോ കൊച്ചി രാജാവ് ക്ഷേത്രം പിടിച്ചെടുത്തതോ എന്നറിയില്ല. കൊച്ചി അതിർത്തിയിലായതുകൊണ്ട് ക്ഷേത്രം ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്. ക്ഷേത്രനിർമ്മാണത്തിന് അതിപ്രാചീനതയൊന്നും അവകാശപ്പെടാനില്ല. ആ നിലയ്ക്ക് ഈ ക്ഷേത്രത്തിനടുത്ത് തകർന്നുകിടക്കുന്ന മഹാക്ഷേത്രമാണോ യഥാർത്ഥ ക്ഷേത്രം എന്ന് സംശയിക്കുന്നതിലും തെറ്റില്ല. ശ്രീകോവിലിന് കരിങ്കൽ തറയുണ്ട്; അതിൽ വലിയ ശിവലിംഗവും. കാടുപിടിച്ചുകിടക്കുന്ന ക്ഷേത്ര പറമ്പിന് അഞ്ചോ ആറോ ഏക്കർ വിസ്തൃതിയുമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് തകർത്തതാണെന്ന് സമീപവാസികൾ പറയുന്നു.

ഉപദേവതകൾ ഗണപതിയും, വിഷ്ണുവും. വിഷ്ണുവിന് പ്രത്യേകം ക്ഷേത്രമുണ്ട്. തുലാമാസത്തിലെ വാവാറാട്ട് പ്രധാനമാണ്. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ട് ദർശനം നൽകി സാമാന്യം വലിപ്പമുള്ള ശ്രീകോവിലിൽ വാണരുളുന്നു. രണ്ടുനേരം പൂജയുണ്ട്.

മൃത്യുശാസനസ്തവം

ശിവസ്തുതി❤️🌿❤️🌿❤️🌿❤️🌿❤️

മൃത്യുശാസനസ്തവം
  🌿🌿🌿🌿🌿🌿🌿

പാഹിമാം പരാത് പരാ ഗിരീശ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമ:ശിവായ പാഹിമാം

അന്തകാസുരാന്തക മുരാന്തകാദി വന്ദിതാ 
ചിന്തനീയവിഗ്രഹാ ഭവാന്റെയ പുണ്യകീര്ത്ത നം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമ:ശിവായ പാഹിമാം

ആര്ത്തതരക്ഷകാ മഹേശ വിശ്വനായകാ ഭവല്‍
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിക്കുവാന്‍
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,
കൃത്തിവാസസ്സേ ഭവാന്‍ നമ:ശിവായ പാഹിമാം

ഇന്ദുശേഖരാ ഗിരീശാ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാ ന്‍
തോന്നിടേണമേ സദാ നമ:ശിവായ പാഹിമാം

ഈശ്വരാ ഭവല്പ്രാകൃതിയായിടുന്ന മായയില്‍
വിശ്വനായകാ വലച്ചിടായ്കമാം ദയാനിധേ
നശ്വരങ്ങളൊക്കെയിന്നു പാര്ക്കിലെന്‍റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമ:ശിവായ പാഹിമാം

ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെന്മവനം
എത്തിടുന്നതിന്നുമാത്രമല്ല ദൈവഭക്തിയില്‍
ശ്രദ്ധയും വിശിഷ്ടരില്‍ ഗുരുത്വവും വരുത്തുവാന്‍
അനുഗ്രഹിക്ക ദൈവമേ നമ:ശിവായ പാഹിമാം

ഐഹികസുഖങ്ങളേകി രക്ഷചെയ്തിടുന്നതും
മോഹവാരിരാശിയെ കടത്തിവിട്ടിടുന്നതും
സത് ഗതിക്കു തക്ക ഭക്തിയെ കൊടുത്തിടുന്നതും
ഒക്കെയും ഭവാന്‍ വിഭോ നമ:ശിവായ പാഹിമാം

ഒട്ടുനേരമെങ്കിലും ഭവാന്റെ പുണ്യകീര്ത്തനം
പുഷ്ടഭക്തിയോടുകൂടി നിത്യവും ജപിക്കുവാന്‍
അഷ്ടമൂര്ത്തിയെ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
വിശിഷ്ട ലോകവന്ദിതാ നമ:ശിവായ പാഹിമാം

അന്തിനേരമാദരേണ അന്ത:രംഗഭക്തിയാല്‍
അന്തകാരിയാം ശിവന്റെ നാമമുച്ചരിക്കിലോ
അന്തകഭയം വരാതെ കാത്തൊടുക്കുമീശ്വരന്റെ 
അന്തികത്തിലാക്കിടും നമ:ശിവായ പാഹിമാം

അര്‍ത്ഥവും കളത്രപുത്രമിത്ര പൌത്രരാദിയും
എത്തിടുന്നതില്ല മൃത്യുയായവര്ക്ക് കൂട്ടിനായ്
മൃത്യുവിന്നു മുമ്പുചെയ്ത പുണ്യപാപമെന്നിയേ
മിത്രമായ്‌ വരാദൃഡം നമ:ശിവായ പാഹിമാം

മൃത്യുശാസനസ്തവം പവിത്ര മുത്തമോത്തമം
ഭക്തിയോടു നിത്യവും ത്രിസന്ധ്യയില്‍ ജപിക്കിലോ
മര്ത്ത്യരായിടുന്നവര്ക്കിഹത്തിലും പരത്തിലും
നിത്യവും സുഖിച്ചിടാം നമ:ശിവായ പാഹിമാം...🙏🏻🙏🏻🙏🏻

Tuesday, March 3, 2020

ഇടയ്ക്കാട്ട് സിദ്ധർ

*ഇടയ്ക്കാട്ട് സിദ്ധർ*

തമിഴ്‌നാട്ടിലെ പ്രശസ്തരായ 18 സിദ്ധന്മാരിൽ ഒരാളാണ് ശ്രീ ഇടയ്ക്കാട്ട് സിദ്ധർ . ഇദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമായി പലരും  കണക്കാക്കുന്നു.  തിരുവണ്ണാമല പ്രദേശത്താണ് അദ്ദേഹം ജനിച്ചത് എന്നാണ് വിശ്വാസം.

ശിവൻ  പഞ്ചഭൂതാവസ്ഥകളിൽ തമിഴ്നാട്ടിലെ  അഞ്ച് സ്ഥലങ്ങളിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഇവയിൽ ഒരു സ്ഥലം  തിരുവണ്ണാമല ആണ്. തിരുവണ്ണാമലയിൽ അദ്ദേഹത്തെ അഗ്നിയായാണ്  ആരാധിക്കുന്നത്.

  കായകൽ‌പ ചികിത്സയുടെ  കണ്ടുപിടുത്തവും ക്ഷേത്രങ്ങളിൽ നവഗ്രഹ (ഒമ്പത് ഗ്രഹങ്ങൾ) ങ്ങളെ പുനഃ  ക്രമീകരിച്ചതുമാണ് ഇടായ്ക്കാട്ട് സിദ്ധറിന്റെ ഏറ്റവും വലിയ സംഭാവന.

ഒരു മനുഷ്യന്റെ മൊത്തം ശരീരത്തെ  പുനരുജ്ജീവിപ്പിക്കുന്ന ഐതിഹാസിക സംവിധാനമാണ് കായകൽ‌പ. 
പ്രത്യേകരീതിയിൽ വികസിപ്പിച്ചെടുത്ത  തെറാപ്പി സംവിധാനങ്ങൾ ;   പച്ചമരുന്നുകളുടെ സഹായത്തോടെയുള്ള ചികിത്സാ രീതികൾ ;   സവിശേഷമായ  ശ്വസനരീതികൾ, ഭക്ഷണ രീതികൾ ,  ദൈനംദിന ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ചര്യകൾ  എന്നിവ ഉപയോഗിച്ച് ശരീരം, മനസ്സ്,  എന്നിവയുടെ ഘടകങ്ങളെ കയകൽ‌പ ചികിത്സ ശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഒരു മനുഷ്യന് ഈ ലോകത്തിൽ നവയൗവനത്തോടെ അനേക കാലം  ജീവിക്കാൻ സാധിക്കുന്നു.

അദ്ദേഹത്തിന്റെ കൃത്യമായ ജീവിത കാലഘട്ടം ഇതുവരെ  അറിവായിട്ടില്ല.  ബിസി 2 മുതൽ 3 വരെ നൂറ്റാണ്ടുകളിൽ അദ്ദേഹം ജനിച്ചതായും 600 വർഷത്തോളം  ജീവിച്ചിരുന്നതായും  കരുതന്നു.  കൂടാതെ അദ്ദേഹം  ശ്രീകൃഷ്ണൻ ജനിച്ച യാദവ  സമുദായത്തിൽ നിന്നുള്ളയാളാണെന്ന് കരുതുന്നു.

അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും തന്റെ തൊഴിലും സമുദായവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ ഗാനങ്ങളിൽ 'താണ്ടവ കോനെ എന്ന വാക്ക് സ്ഥിരമായി  പരാമർശിക്കാറുണ്ട് അതിൽ 'കോനെ  എന്ന വാക്ക് യാദവരുടെ തമിഴ്‌നാട്  ആസ്ഥാനമായുള്ള പ്രാദേശിക നാമമാണ്.

മറെറാരത്ഭുതം  ഇടയ്ക്കാടറിന്റെ  കവിതകൾ  ശ്രീകൃഷ്ണന്റെ ഭഗവദ് ഗീതയുടെ സത്ത പ്രതിഫലിപ്പിക്കുന്നു.  "നിങ്ങളുടെ കടമ നിർവഹിക്കുക, അതിൽ നിന്നുള്ള ഫലം ഇഛിക്കരുത്
( കർമ്മണ്യേ വാധികാരസ്തു:
മാ ഫലേഷു കദാചന: )
എന്ന ഗീതാവചനം അദ്ദേഹവും എഴുതിയതായി കാണാം.

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ പിന്തുടരുന്ന ഒൻപത് ഗ്രഹങ്ങളുടെ (നവ ഗ്രഹ) സ്ഥാനങ്ങൾ അദ്ദേഹം ക്രമീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.  നേരത്തെ ക്ഷേത്രങ്ങളിൽ നവ ഗ്രഹങ്ങൾ വൃത്താകൃതിയിൽ ആയിരുന്നു  സ്ഥാപിച്ചിരുന്നത്  അതായത് ഒമ്പത് ഗ്രഹങ്ങളും പരസ്പരം അഭിമുഖീകരിക്കുന്നതും നേരിട്ട് സംവദിക്കുന്നതുമായ രീതിയിൽ :  ഇങ്ങിനെ വന്നാൽ  ഒരു ഗ്രഹത്തിന്റെ ദോഷകരമായ സ്വാധീനം ഒരു വ്യക്തി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമാവുന്നു.  വൃത്താകൃതിയിൽ നവഗ്രഹങ്ങൾ വരുമ്പോൾ എല്ലാ ഗ്രഹങ്ങളും പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാൽ മോശം സമയം അനുഭവിക്കുന്നത് തുടർന്നു കൊണ്ടേ യിരിക്കും,  മാത്രമല്ല അവയുടെ ഫലത്തെ അടുത്തതിലേക്ക് കൈമാറുകയും ചെയ്യും.  ഇത് മനസിലാക്കിയ ഇടയ്ക്കാട്ട് സിദ്ദർ  ഒരു ഗ്രഹവും മറ്റ് ഗ്രഹങ്ങളെ നേരിട്ട് അഭിമുഖീകരിക്കാത്ത വിധത്തിൽ ഗ്രഹ സ്ഥാനങ്ങൾ ക്രമീകരിച്ചു. 

ഇടയ്ക്കാട്ട് സിദ്ധറിന്റെ പ്രശക്തി ലോകം മുഴുവൻ അറിയാൻ തുടങ്ങി .. അതോടെ  പ്രദേശത്തെ മുഴുവൻ ആളുകളും അവന്റെ കുടിലിലേക്ക് വെള്ളപ്പൊക്കം പോലെ ഒഴുകാൻ തുടങ്ങി . ജനങ്ങൾ അദ്ദേഹത്തെ  ദൈവത്തിന് തുല്യനായി ആരാധിക്കാൻ തുടങ്ങി. 

ഇടയ്ക്കാട്ട് സിദ്ധർ പറഞ്ഞു, "ഓം നമ ശിവായ! ഓ, എന്റെ മക്കളേ! ഞാൻ ചെയ്ത ചെറിയ കാര്യങ്ങൾക്ക് എന്നെ സ്തുതിക്കരുത്. ഇതെല്ലാം ശിവന്റെയും കൃഷ്ണന്റെയും ശക്തിയാണ്. അതിനാൽ അവരെ സ്തുതിക്കുന്നത് നിങ്ങളെല്ലാവരെയും കുറ്റമറ്റ ആത്മാക്കളാക്കും.  മനുഷ്യരെ സ്തുതിക്കരുത്.അവർക്കായി ഉത്സവങ്ങൾ നടത്തിയാൽ  സന്തോഷവും സമാധാനവും  കുറവായിരിക്കും.അവരെ ആരാധിക്കുന്നത് നിങ്ങളുടെ ഭാരങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കും എന്നു കരുതരുത് ' നിങ്ങൾക്ക് വിഷമകരമായ സമയങ്ങളിലെല്ലാം ദൈവത്തിൽ വിശ്വസിക്കുക, നിങ്ങളുടെ മുഴുവൻ ഹൃദയവും മനസ്സും അവനിൽ  സമർപ്പിക്കുക  ,
നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും പുറത്തു വരുന്നതിനും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചോർത്തും   വിഷമിക്കേണ്ട, പരമാവധി ശ്രമിക്കുക. നിങ്ങൾ യുദ്ധത്തിൽ ഉറപ്പായും വിജയിക്കും. ഓം നാമ ശിവായ! " 

സമയ അതിർത്തികൾ ഭേദിക്കുന്നതിൽ വിജയം  നേടിയ ഒരാളുടെ വാക്കുകൾ നമ്മുടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും പിന്തുടരേണ്ട ,  എക്കാലത്തെയും മികച്ച വാക്കുകളായിരിക്കും അത്.

പഞ്ചഭൂതങ്ങളിലെ  അഗ്നി സ്ഥാനമായ തിരുവണ്ണാമലയിൽ  ഇടയ്ക്കാട്ട് സിദ്ധർ തന്റെ മഹാ നിർവാണമടഞ്ഞു.

തിരുവണ്ണാമലയിലെ  പ്രധാന ലിംഗം അദ്ദേഹത്തിന്റെ ജീവ സമാധിക്ക് മുകളിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.  മറ്റുചിലർ അവകാശപ്പെടുന്നത്, ഗിരി വലത്തിലെ   രണ്ടാമത്തെ ഭ്രമണപഥത്തിലെ പ്രധാന ലിംഗത്തിന് പിന്നിലായാണ് . അദ്ദേഹത്തിന്റെ ജീവ സമാധി എന്നാണ് .

കരുവൂരാർ സിദ്ധർ*

*കരുവൂരാർ സിദ്ധർ*

പഴയ ചോള രാജ്യത്തിന്റ ഭാഗമായ കരുവൂർ എന്ന സ്ഥലത്താണ് കരുവൂരാർ സിദ്ധർ ജനിച്ചത്.  സാഹിത്യ ഗവേഷണ കൃതികൾ കരുവാരൻ സിദ്ധറിന്റെ ജനനത്തെയും ഉത്ഭവത്തെയും കുറിച്ച് ഒന്നിലധികം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നു.  ചിലർ ഇദ്ദേഹത്തെ  കരുവൂർ ദേവർ എന്നും വിളിക്കുന്നു.  കരുവൂരാർ സിദ്ധർ ജനിച്ചത് സ്തപതികളുടെയോ വിഗ്രഹ വാസ്തുശില്പികളുടെയോ ഒരു കുടുംബത്തിലാണെന്ന് ചിലർ വാദിക്കുന്നു.  ഈ സിദ്ധാന്തത്തിന് ഇടയാക്കിയ പരാമർശം നടത്തുന്നവർ നൽകിയിട്ടുള്ള തെളിവ്  "അഗസ്ത്യർ 12000" ന്റെ  നാലാം അദ്ധ്യായത്തിലെ452-‍ാ‍ം ശ്ലോകത്തിൽ  നിന്നാണ്.

കരുവൂരാർ ഒരു യോഗി, രസ ശാസ്ത്ര വിദഗ്ദ്ധൻ , കവി, എന്നിവയൊക്കെയായിരുന്നു.   മഹാനായ സിദ്ധർ ഭോഗറിന്റെ ശിഷ്യനായിട്ടാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.  അദ്ദേഹത്തിന്റെ പത്ത് ഗാനങ്ങൾ തിരുവി ചെപ്പേയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.(ഒമ്പതാം തിരുമുറൈ ) ഇതിൽ മൂന്നാമത്തെ ഭാഗത്താണ് അദ്ദേഹത്തിന്റെ കൃതികൾ.

അദ്ദേഹം രചിച്ച കവിതകളിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളിൽ ചിദംബരം, തിരു കലന്തൈ, കിൽ കോട്ടൂർ മയ്യമ്പലം , തിരു മുഗത്തലൈ ,  തിരൈലോകൈയ സുന്ദരം, ഗംഗൈ കോണ്ട ശോലീശ്വരം ,  തിരുപൂവനം, തിരുവിഡമരുതൂർ  എന്നിവ ഉൾപ്പെടുന്നു.  കുംഭാഭിഷേകത്തിന്റെ ദിവസം ചെരിഞ്ഞ ബ്രിഹദേശേശ്വരത്തെ  ലിംഗത്തെ നിവർത്തി നിർത്തിയത് ഇദ്ദേഹമാണെന്നാണ് ഒരു ഐതിഹ്യം.

ഇദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുണ്ട്, അവയിൽ പ്രധാനപ്പെട്ടത് കരുവൂർ തേവർ എന്ന പേരിൽ നിരവധി ആളുകൾ ജീവിച്ചിരുന്നു എന്നാണ്.

കരുവുരാർ സിദ്ധന്റെ കുലദൈവം അമ്പാൾ ആയിരുന്നു. ഭോഗർ തിരുവാദുത്തുറൈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്താണ് കരുവൂരാറിനെ കണ്ടതും ശിഷ്യനാക്കിയതും. ഭോഗരാണ് കരാവൂരാരിന് അമ്പാൾ ദൈവത്തിന്റെ മന്ത്ര ദീക്ഷ കൊടുത്തത്. കടുത്ത ഉപാസനയ്ക്കൊടുവിൽ ദേവി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷമാവുകയും അനുഗ്രഹിക്കുകയും ചെയ്തു. അഷ്ടമസിദ്ധികൾ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം '

അദ്ദേഹത്തിന്റെ സമാധി കരൂരിൽ കല്യാണപശുപതീശ്വര ക്ഷേത്രത്തിലാണ്.

Monday, March 2, 2020

സിദ്ധപരമ്പരകൾ

ജ്ഞാന-യോഗ-ഭക്തി മാർഗ്ഗങ്ങളിലൂടെ  ഈശ്വരസ്വാരൂപ്യം നേടിയ പ്രാചീന ദ്രാവിഡ ദേശത്തിലെ സിദ്ധപരമ്പരകൾ പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ടവർ പതിനെട്ട് പേരാണ് എന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ അധ്യാത്മിക ശക്തിവിശേഷത്തിന്റെ ചാലകശക്തികളായി ഈ സിദ്ധരുടെ ജീവസമാധികൾ തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.

1.തിരുമൂലർ. 2.രാമദേവർ 3.കുംഭമുനി(അഗസ്ത്യർ)4.എടയ്ക്കാടർ
5.ധന്വന്തരി 6.വാല്മീകി.7.കമലമുനി.8.ഭോഗനാതർ 9.മച്ചമുനി (മത്സ്യേന്ദ്രനാഥ് ) 10.കൊങ്കണർ11.പതഞ്‌ജലി.12.നന്ദിദേവർ 13.കരുവൂരാർ. 14.പാമ്പാട്ടി സിദ്ധർ 15.സട്ടൈമുനി. 16.സുന്ദരനന്ദദേവർ 17.കൊരക്കർ(ഗോരഖ്നാഥ് ) 18.കൊതുംബയ്  എന്നിവരാണ് ആ പതിനെട്ട് പേർ.
ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണ് പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലർ- തില്ലയിൽ (ചിദംബരം ശ്രീനടരാജക്ഷേത്രം) സമാധി കൊള്ളുന്നു.

2.രാമദേവർ - അളകർമലയിൽ സമാധി കൊള്ളുന്നു.

3.അഗസ്ത്യർ (കുംഭമുനി) -തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമാധി കൊള്ളുന്നു.

4.കൊങ്കണമുനി - തിരുപ്പതി ശ്രീവെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.

5.കമലമുനി-  തിരുവരാവൂർ ശ്രീത്യാഗരാജമഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നു  

6.ചട്ടമുനി- ജ്യോതിരംഗം ( ശ്രീരംഗം) ശ്രീരംഗനാഥക്ഷേത്രം സമാധിസ്ഥാനം.

7.കരുവൂരാർ- കരൂർ ശ്രീ കല്യാണ പാശുപതേശ്വര മഹാക്ഷേത്രം സമാധിസ്ഥാനം

8.സുന്ദരാനന്ദർ-  മധുര മീനാക്ഷി ക്ഷേത്രത്തിൽ (കൂടൽ-മധുര) സമാധികൊള്ളുന്നു 

9.വാല്മീകി- എട്ടുകുടി ശ്രീ മുരുഗൻ ക്ഷേത്രം സമാധിസ്ഥാനമത്രെ.

10.നന്തിദേവർ- ശ്രീ കാശി വിശ്വനാഥ ക്ഷേത്രം നന്ദിദേവരുടെ സമാധിസ്ഥാനമത്രെ.
( 18 ജീവസമാധികളിൽ തമിഴ്നാടിന് വെളിയിൽ ഉള്ള  സിദ്ധപീഠം)

11.പാമ്പാട്ടി സിദ്ധൻ- പതിയിരി ശ്രീശങ്കരൻ കോവിൽ സമാധിസ്ഥനമത്രെ.

12.ഭോഗനാഥർ- പഴനിമല ശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാഥരുടെ സമാധിസ്ഥാനമത്രെ.

13.മച്ചമുനി /മത്സ്യേന്ദ്രനാഥർ- തിരുപ്പുറംകുണ്ഡ്രം മഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.

14.കോരക്കർ(ഗോരഖ്നാഥ്)- പാരൂർ മഹാക്ഷേത്രം സമാധി സ്ഥാനമത്രെ.. (നവനാഥപരമ്പര സ്ഥാപിച്ചത് ഇദ്ദേഹമാണ്)

15.പതഞ്ജലി- ബ്രഹ്മപുരേശ്വര ക്ഷേത്രം തിരുപ്പാട്ടൂർ പതഞ്ജലി മഹർഷിയുടെ  സമാധിസ്ഥാനമത്രെ.

16.ധന്വന്തരി- ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ  സമാധിസ്ഥനമത്രെ.

17. കുതംബയ്-  മയിലാടുംതുറൈ (തികഴ്മയൂരം/മായാവരം) പെരിയകോവിൽ  സമാധിസ്ഥാനമത്രെ.

18.ഇടയ്ക്കാടർ- തിരുവണ്ണാമല ശ്രീഅരുണാചലശ്വര മഹാക്ഷേത്രം സമാധിസ്ഥാനമത്രെ.

കേരളത്തിലെ ശക്ത്യാരാധനാപ്രധാനമായ 13 ക്ഷേത്രങ്ങൾ ( ശാക്തേയക്കാവുകൾ) -
കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും നിലേശ്വരത്തെ മന്നുംപുറത്തു കാവ്, പഴയങ്ങാടിക്കടുത്തുള്ള തിരുവർക്കാട്ടുകാവ്, വളപട്ടണത്തിലുള്ള കളരിവാതുക്കൽക്കാവ്, മട്ടന്നൂരിന്നടുത്തുള്ള മാമനിക്കുന്നുകാവ്, കൂത്തുപറമ്പിന്നടുത്തുള്ള തിരുവഞ്ചേരിക്കാവ്, വടകരക്കടുത്തുള്ള കളിയാംവള്ളിക്കാവ്, കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ്, കോഴിക്കോട് തിരുവലയനാട്ടുകാവ്, പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്, അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്ന്കാവ്, കൊടുങ്ങല്ലൂരിലെ ശ്രീകുരുംബക്കാവ്, തിരുവല്ലയിലെ മുത്തൂറ്റുകാവ്, മാന്നാറുള്ള പനയന്നാർക്കാവ് എന്നീ പതിമൂന്ന് കാവുകൾ അഥവാ ശക്തിപീഠങ്ങൾ കേരളഭൂമിയുടെ രക്ഷാകവചങ്ങളായി സ്ഥിതി ചെയ്യുന്നത് പോലെ ഭാരതത്തിന്റെ മറ്റൊരു സംരക്ഷണ കവചമായി തമിഴ് മണ്ണിൽ ഈ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ആയിരത്താണ്ടുകളായി അധിനിവേശ ശക്തികളുടെ ഗൂഢവും കുത്സിതവുമായ പരിശ്രമങ്ങളും ആക്രമണങ്ങളും ഭാരതഭൂമി അതിജീവിക്കുന്നത് ഇവയുൾപ്പെടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇത്തരം സിദ്ധ-ശക്തിപീഠങ്ങളുടെ അനുപമശക്തിവിശേഷത്താലാണ്. 

കടപ്പാട്