Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 3, 2019

വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം

*വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം...*

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാദേവക്ഷേത്രം .
യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരഞ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന സങ്കല്പരൂപത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ വാഴുന്നു. തലയിൽ ചന്ദ്രക്കല ചൂടിയും, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും "തിരുവാഴപ്പള്ളിലപ്പൻ" വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, രാജരാജേശ്വരീ സങ്കല്പത്തിൽ ശ്രീപാര്‍വ്വതി ദേവിയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പാർവ്വതീദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ് .
പണ്ട് ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്ന വാഴപ്പള്ളി ക്ഷേത്രം ,മഹോദയപുരം (ഇന്നത്തെ കൊടുംങ്ങല്ലൂർ) ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരസാമ്രാജ്യ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്ത് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയെന്നു അനുമാനിക്കുന്നു.
"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു. പഴയ ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വാഴപ്പള്ളി ഗ്രാമം. പള്ളിയെന്ന് വാക്ക് വിവക്ഷിക്കുന്നത് ബുദ്ധവിഹാരം എന്നാണ്. പാലി ഭാഷയിലെ പദമാണ്‌ പള്ളി. പിന്നീട് ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ പലതും തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി
.
എ.ഡി. 832-കളിലെ ചേരരാജാവായിരുന്ന രാജശേഖരന്‍റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തിൽ നിന്നാണ്‌ ലഭിച്ചിട്ടുണ്ട്. "വാഴപ്പള്ളി ശാസനം" എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്.

എ. ഡി. രണ്ടാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസിയായിരുന്ന മഹോദയപുരം തലസ്ഥാനമാക്കി വാണിരുന്ന ചേര രാജാ പള്ളിബാണ പെരുമാൾ തന്‍റെ  അവസാന ദിവസങ്ങൾ ചെലവഴിക്കാനായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നള്ളുകയുണ്ടായി.ഇതിനോടകം ഈ ശിവക്ഷേത്രം ശൈവ ഹിന്ദുക്കളുടേതായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ബുദ്ധമതം സ്വീകരിച്ചിരുന്നതിനാൽ ഹിന്ദുമത വിശ്വാസികൾ ക്ഷേത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ  വരവിനെ എതിർത്തു.

ഇതിനൊരു അവസാനമുണ്ടാക്കാനായി ചേരമാൻ പെരുമാൾ ഹിന്ദുമത ആചാര്യന്മാരും ബുദ്ധമത ആചാര്യന്മാരും ആയി ഒരു മത്സര സംവാദം ഏർപ്പെടുത്തി. മത്സരത്തിൽ ഹിന്ദുമതക്കാർ വിജയിച്ചാൽ രാജാവ് കിരീടം വെച്ച് ഒഴിയണമെന്നും അഥവാ തോറ്റാൽ അവർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കണമെന്നും ആയിരുന്നുവത്രെ തീരുമാനം.

ഹിന്ദുമതത്തിനുവേണ്ടി ദക്ഷിണഭാരതത്തിലെ ആറു പ്രഗല്ഭരാണ് പങ്കെടുത്തത്. രണ്ടു മതങ്ങളിലേയും പ്രഗല്ഭർ പങ്കെടുത്ത ഈ സംവാദത്തിൽ ഹിന്ദുമത വിശ്വാസികൾ വിജയിക്കുകയും രാജാവിന് അടിയറവു പറയേണ്ടതായും വന്നു. സംവാദത്തിൽ പരാജിതനായ പള്ളിബാണ പെരുമാൾ തന്‍റെ  കിരീടവും, സിംഹാസനവും ഉപേക്ഷിച്ച് ഒരു ബുദ്ധസന്യാസിയായി കൊട്ടാരം വിട്ടിറങ്ങി. പിന്നീട്, ഇതിനു കാരണഭൂതമായ നീലംപേരൂർ ശിവക്ഷേത്രം ബുദ്ധവിഹാരമാക്കി മാറ്റാൻ തീരുമാനിച്ച് നീലംപേരൂർക്ക് തിരിച്ചു.

ഇതറിഞ്ഞ അവിടുത്തെ പത്തു ബ്രാഹ്മണകുടുംബങ്ങൾ (പിന്നീട് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടു) ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഇളക്കിയെടുത്തുകൊണ്ട് വാഴപ്പള്ളിയിൽ വരുകയും പിന്നീട് അവിടെ മുൻപ് ഉണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ലയിപ്പിച്ച് കുടിയിരുത്തി എന്നു വിശ്വസിക്കുന്നു.

നീലംപേരൂരിൽനിന്നു കൊണ്ടുവന്ന ശിവലിംഗം ആദ്യം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്തു പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാൻ നോക്കിയെങ്കിലും പറ്റാതെ വന്നതിനാൽ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങൾക്ക് പരശുരാമൻ പ്രത്യക്ഷപ്പെട്ട് താൻ വെച്ചു പൂജിച്ചിരുന്ന ശിവലിംഗം നൽകുകയും, അർദ്ധനാരീശ്വര സങ്കല്പത്തിൽ ക്ഷേത്രം പണിയുവാൻ ഉപദേശിക്കുകയും ചെയ്തു.

ഈ പത്തു ബ്രാഹ്മണകുടുംബങ്ങളും ചേരരാജാവിനെ അനുനയിപ്പിച്ച് ഇന്നിരിക്കുന്ന സ്ഥലത്തു ക്ഷേത്രം പുതുക്കി പണിയിപ്പിച്ചു. ശിവലിംഗ പ്രതിഷ്ഠയ്ക്കും പാർവ്വതീ പ്രതിഷ്ഠയ്ക്കുമായി വലിയ വട്ട ശ്രീകോവിൽ പണിതു. വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‍റെ  മൂന്ന് ഭിത്തികൾക്കുള്ളിലായി‌ കിഴക്കോട്ട്‌ ശിവലിംഗ പ്രതിഷ്ഠയ്ക്കു വേണ്ടിയും, പടിഞ്ഞാറേയ്ക്ക്‌ പാർവ്വതീ പ്രതിഷ്ഠയ്ക്കു വേണ്ടിയും ഗർഭഗൃഹം പണിതു. വട്ട ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചു.

വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും നമസ്കാര മണ്ഡപങ്ങളും വലിയ ബലിക്കല്ലും പണികഴിപ്പിച്ചു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ശാസ്താവിനു വേണ്ടിയും ക്ഷേത്രം പണിതു. ക്ഷേത്രതന്ത്രിയായി തരണല്ലൂർ പരമ്പരക്കും (പിന്നീട് ക്ഷേത്ര തന്ത്രം മൂന്നില്ലങ്ങളിലായി പിരിഞ്ഞ് കുഴിക്കാട്ടില്ലം, പറമ്പൂരില്ലം, മേന്മനയില്ലം എന്നിങ്ങനെയായി) നിത്യശാന്തിക്കായി കാസർകോഡ് തുളു ബ്രാഹ്മണകുടുംബത്തേയും അധികാര സ്ഥാനം നൽകി അവരോധിച്ചു. മേൽശാന്തിയെ കുടശാന്തിയായി വാഴിച്ച് കുടശാന്തി മഠത്തിൽ താമസസൗകര്യവും ചെയ്തുകൊടുത്തു.

നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി.ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാ‍ണ്ടിന്‍റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്.

വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്.വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്. ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്..

തരണല്ലൂർ നമ്പൂതിരി ശിവപ്രതിഷ്ഠക്കുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന കലശമാണ് ഗണപതിക്ക് ആടിയതത്രേ. മൂത്രശങ്കമൂലം കലശസമയത്ത് ക്ഷേത്രത്തിനുള്ളിൽ തന്ത്രിക്ക് കടക്കാൻ പറ്റാതെ വരുകയും, ആ സമയം പരശുരാമൻ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഉപയോഗിക്കാതെവന്ന ഈ കലശം ഇലവന്തി തീർത്ഥ സ്ഥാനത്ത് ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി അഭിഷേകം ചെയ്തുവത്രേ. 

വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു..ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു.ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. എന്നിരുന്നാലും അദ്ദേഹം മരിച്ചില്ല. ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു.

ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്‍റെ  പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി..

എങ്കിലും ചെമ്പകശ്ശേരി രാജാവിന്‍റെ  കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (എകദേശം നാല്‍പ്പതു  വർഷങ്ങൾക്കു മുൻപ്; 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.

പതിനാറാം ശതകത്തിന്‍റെ  അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തിൽ പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.

കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്. ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു.

രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം; മഹാദേവ ക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലും ആണ് കൊടിമരങ്ങൾ ഉള്ളത്. ചേരരാജ പെരുമാൾ‍ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര (നാൾ) ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ (ഉച്ചപൂജ ഉണ്ടെങ്കിലും) ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യം ഇല്ല (സങ്കല്പം). ഇവിടെ ഗണപതി തന്‍റെ  ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്..

തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കു കിഴക്കു മൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ്.

ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്‍റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി പത്തില്ലത്തിൽ പോറ്റിമാരുടെ നിർദ്ദേശത്താൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജായുടെ കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്‍റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം ഇതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.

ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്.തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുനാളിന്‍റെ  മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.

വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്.

തിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം പത്ത് ദിവസം കൊണ്ടാടുന്നു.

വാഴപ്പള്ളി ഗ്രാമത്തിലെ പതിനെട്ട് ക്ഷേത്രങ്ങൾക്കുനാഥനാണ് തിരുവാഴപ്പള്ളി തേവർ. ഈ പതിനെട്ടു ക്ഷേത്രങ്ങളിൽ ഭഗവതിമാരാണ് എണ്ണത്തിലും സ്ഥാനത്തിലും മുന്നിൽ. ഒൻപത് ഭഗവതി ക്ഷേത്രങ്ങളും, മൂന്ന് വിഷ്ണു ക്ഷേത്രങ്ങളും, മൂന്ന് ശിവക്ഷേത്രങ്ങളും, ഒരോ ഗണപതി, ഹനുമാൻ, ശാസ്താക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഓം നമഃ ശിവായ

തിരുവാറ്റാ മഹാദേവക്ഷേത്രം

*തിരുവാറ്റാ മഹാദേവക്ഷേത്രം...*

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം.

ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം. മുഞ്ചിറ സ്വാമിയാർ തന്‍റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്‍റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്‍റെ  ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.

വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്‍റെ  തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്‍റെ  പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.

നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ  ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു.

വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല.

തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും.

കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു.

കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ രാത്രിയിൽ പന്ത്രണ്ടു മണിവരെ നട അടയ്ക്കാറില്ല, രാത്രിയിലെ യാമ പൂജയും കലശാഭിഷേകവും കണ്ടു തൊഴാൻ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം...

ഓം നമഃ ശിവായ

തവനൂർചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ...*

*തവനൂർചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ...*

വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..
മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.
ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം..
ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം.ശ്രീമഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമത്രേ.. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.
പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്‍റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.

ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.
നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി.
"താപസ്സന്നൂരാണ്" തവനൂര്‍ ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മണ്‍പാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗുരുവായൂര്‍ ഉള്‍പ്പെടെ പല ക്ഷേത്ര മാഹാത്മ്യങ്ങളുമായി പേരുചേര്‍ത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയില്‍ നിന്നും സമീപകാലത്തു കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നു.
ദക്ഷിണാമൂര്‍ത്തീസ്തവം, ശ്രീകൃഷണാമൃതം തുടങ്ങി ഇരുപതോളം കൃതികള്‍ വില്വമംഗലത്തിന്‍റെതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

ഓം നമഃ ശിവായ

തിരുവാലൂർ മഹാദേവക്ഷേത്രം

*തിരുവാലൂർ മഹാദേവക്ഷേത്രം...*

വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാലൂർ മഹാദേവക്ഷേത്രം...
"ശാപം കിട്ടിയ തേവര്‍ " എന്ന വിളിപേര് വന്ന ഭഗവാനാണ് ഇവിടെയുള്ളത് എന്നാണു ഐതീഹ്യം ,ആ സംഭവകഥ ചുവടെ ചേര്‍ക്കുന്നു...
എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.
ആദ്യകാലത്ത് ഉളിയന്നൂർ  ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.
അഗ്നിസ്വരൂപനായ തിരുവാലൂരപ്പന്‍റെ ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി പ്രതിഷ്ഠയൊഴിച്ച് വേറെ ഉപദേവതകൾ ഒന്നുമില്ല.
ഈ ക്ഷേത്രത്തിന്‍റെ കുളപ്പുരയിലാണ് മന്ത്രവാദിയായ സൂര്യകാലടി ദുര്‍മരണമടഞ്ഞതെന്നാണ് ഐതിഹ്യം.

ഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരെത്തിയത്. തന്‍റെ പിതാവിനെ വശീകരിച്ച് ചോരയൂറ്റിക്കുടിച്ചു കൊന്നുതള്ളിയ യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യില്‍ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു. ഒടുവില്‍ പ്രത്യക്ഷരായ യക്ഷിയും ഗന്ധര്‍വനും കാലടി ഭട്ടതിരിയുടെ നേര്‍ക്ക് ഒരു ശാപമുതിര്‍ത്തു കൊണ്ട് ഹോമകുണ്ഡത്തിലേയ്ക്ക് ചാടി.
"ഭൂലോകവാസം കൊതിച്ച ഞങ്ങളെ ഹോമത്തിലൂടെ ഭസ്മീകരിക്കുന്ന അങ്ങയെ ഇതാ ഞാന്‍ ശപിക്കുന്നു, ഇന്നേയ്ക്കു നാല്‍പ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് അങ്ങ് മൃതപ്പെടും. അതിദയനീയമായിരിക്കും അങ്ങയുടെ അന്ത്യം.''
"അതിനൊരു പരിഹാരമില്ലേ?''
"ഉണ്ട്, നാല്‍പ്പത്തൊന്നാം നാളിനകം തിരുവാലൂര്‍ ചെന്ന് ശിവനെ തൊഴണം. തിരുവാലൂര്‍ രണ്ടുണ്ട്. ഒന്ന് തമിഴ്നാട്ടിലും ഒന്നു കേരളത്തിലും. തമിഴ്നാട്ടിലാണെങ്കില്‍ താഴികക്കുടം കണ്ടു തൊഴുതാല്‍ മതി. കേരളത്തിലാണെങ്കില്‍ ബിംബം കണ്ടുതന്നെ തൊഴണം.''യക്ഷിയും ഗന്ധര്‍വ്വനും അതോടെ അഗ്നിയില്‍ ദഹിച്ചു ചാമ്പലായി...
തനിക്കു കിട്ടിയ ശാപത്തില്‍ ഭട്ടതിരി അതീവ ദു:ഖിതനായി. ഗ്രന്ഥത്തില്‍ കണ്ടത് മാത്രമല്ലെ ഞാന്‍ ചെയ്തത് എന്നൊരു ചോദ്യവും അദ്ദേഹത്തിന്‍റെ മനസ്സിലുയര്‍ന്നു. ഗ്രന്ഥത്തില്‍ കണ്ടത് പട്ടേരി ചെയ്യണമെന്നുണ്ടോ ? എന്നൊരു മറുചോദ്യവും അദ്ദേഹം കേട്ടു. ഏതായാലും വന്നതുവന്നു. ഏതിനും തിരുവാലൂര്‍ പോയി തൊഴാം എന്നദ്ദേഹം തീര്‍പ്പാക്കി.
തമിഴ്നാട്ടിലെ തിരുവാലൂരില്‍ ചെന്നു താഴികക്കുടം കാണാനുള്ള സമയപരിധി ഇനി ഒട്ടുമില്ല. പകരം കേരളത്തിലെ തിരുവാലൂരപ്പനെത്തന്നെ ശരണം പ്രാപിക്കാം. സ്ഥലവും ക്ഷേത്രസന്നിധാനവുമൊക്കെ തേടിയറിഞ്ഞ അദ്ദേഹം അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു.
നടന്നും അലഞ്ഞുമായിരുന്നു പട്ടേരിയുടെ യാത്ര. നാല്‍പ്പത്തൊന്നാം ദിവസംതന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങി.

തിരുവാലൂര്‍ ക്ഷേത്രത്തില്‍ തലേദിവസം ഒരശരീരിയുണ്ടായി- "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും. അതിനാല്‍ മൂന്നേമുക്കാല്‍ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണം.'' അശരീരി കേട്ടപ്രകാരം പിറ്റേന്ന് ക്രിയകളെല്ലാം തീര്‍ത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പലയിടങ്ങളിലേയ്ക്കായി പിരിഞ്ഞു.
ഭട്ടതിരിയെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരിക്കുന്നു. അന്ന് വൃശ്ചികമാസത്തില്‍ കറുത്ത അഷ്ടമി(വൈക്കത്തഷ്ടമി) ദിവസമായിരുന്നു.പട്ടേരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി,അപ്പോള്‍ കലാശലായ മൂത്ര ശങ്ക തോന്നി.അതു തീര്‍ത്ത് വീണ്ടും കുളിയായി. അങ്ങനെ പലതവണ. ഒടുവില്‍ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാന്‍ വയ്യാതാവുകയും ഗോപുരവാതില്‍ക്കല്‍ വീഴുകയും ചെയ്തു. അപ്പോള്‍ പ്രാണപരാക്രമത്തോടുകൂടി എടുത്തുചാടി കട്ടിളയുടെമേല്‍ കടിച്ചുതൂങ്ങിയും വിഴുമ്പോള്‍ അടിപ്പടിയില്‍ മുട്ടുകുത്തുകയും പലതവണ തുടര്‍ന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിന്‍റെ വടക്കുപുറത്തെ തിണ്ണയില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയില്‍ വളരെ ദയനീയതയോടെ പട്ടേരി പലതും പുലമ്പി.
"അങ്ങയെ കാണാന്‍ വന്ന ബ്രാഹ്മണനായ എന്നെ ഈവിധമെന്തേ നിസഹായപ്പെടുത്തിയത്" എന്ന് പലതവണ ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ഒടുവില്‍ , "ഈ ക്ഷേത്രം ഇടിവെട്ടേറ്റു നശിക്കട്ടെ" എന്ന് പട്ടേരി ശപിച്ചു. "അതിനൊരു ശാപമോക്ഷം തരൂ ബ്രാഹ്മണാ" എന്നൊരശരീരി ഉടന്‍ മുഴങ്ങി. ഈ "ക്ഷേത്രത്തിന്‍റെ വടക്കെ മതിലിനകത്ത് വായൂകോണിലായി നില്‍ക്കുന്ന ചെമ്പകം ഉണങ്ങുന്ന കാലത്ത് ശാപമോക്ഷമുണ്ടാകും" എന്നു പട്ടേരി പുലമ്പി. അതോടെ അദ്ദേഹത്തിന്‍റെ അവസാന ശ്വാസവും നിലച്ചു....
പട്ടേരിയുടെ ശാപം അര്‍ത്ഥവത്തായി. കൊല്ലവര്‍ഷം 1000നും 1055നും ഇടയ്ക്ക് ഇടിവെട്ടി ശ്രീകോവിലിന്‍റെയും ഗര്‍ഭഗൃഹത്തിന്‍റെയും ഭിത്തി പിളര്‍ന്ന് ബിംബശിരസില്‍ ക്ഷതങ്ങളുണ്ടായി. അതിന്‍റെ അടയാളമായി ശിവലിംഗത്തിനു മുകളില്‍ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു ചെറിയ കഷണം അടര്‍ന്നു കാണുന്നുണ്ട്. അത് ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്.

പട്ടേരിയുടെ ദുര്‍മരണത്തെത്തുടര്‍ത്ത് കുറേ വര്‍ഷങ്ങളോളം മഹാദേവന്‍ കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവര്‍ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി. തോഴാനെത്തുന്നവര്‍ അന്നു നന്നേ കഷ്ടിയായിരുന്നു. എന്നാല്‍ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരന്‍ ശാപമുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു.
കാലത്തിന്‍റെ തലോടലേറ്റ് പടിഞ്ഞാറെ നടയിലെ കട്ടിളപ്പടികള്‍ ജീര്‍ണ്ണിച്ചുനാശമായി. പട്ടേരിയുടെ ദന്തക്ഷതമേറ്റ പാടുകള്‍ അതോടെ ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ മരണവെപ്രാളത്തോടെ മുട്ടുകുത്തിവീണ പാടുകള്‍ പടിഞ്ഞാറെ നടവാതിലില്‍ ഇപ്പോഴുമുണ്ട്.
കാഴ്ചയില്‍ അത്ഭുതമുളവാക്കുന്ന ആ ഐതീഹ്യച്ചുവടുകള്‍ എന്നും അവിടെ നിലനില്‍ക്കട്ടെ. തിരുവാലൂരപ്പന്‍റെ ചൈതന്യമില്ലാതാക്കാന്‍ പോലും ആ ഉഗ്രന്ത്രവാദിയുടെ അന്ത്യനിമിഷങ്ങള്‍ക്കു കഴിവുണ്ടായി എന്നതാണ് പരമമായ സത്യം.

ഓം നമ ശിവായ ...

അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം

അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം
⚜🙏⚜🙏⚜🙏⚜🙏⚜
മണ്ണാർക്കാട്, പെരിന്തൽമണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചിൽ, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കൺമഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.

പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രംതിരുത്തുക

നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമർപ്പണം, സർപ്പബലി എന്നിവയാണ് പ്രധാന വഴിപാടുകൾ. കണ്ണൂർ-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.

ആമേടതിരുത്തുക

തൃപ്പൂണിത്തുറ-വൈക്കം റൂട്ടിൽ സ്ഥിതിചെയ്യുന്നു. ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസർഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തൻകാട് നാഗരുക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ശ്രീദുർഗാംബികാക്ഷേത്രം, കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളാണ്.
🙏⚜🙏⚜🙏⚜🙏⚜🙏

മണ്ണാറശാലക്ഷേത്രം

മണ്ണാറശാലക്ഷേത്രം
🙏⚜🙏⚜🙏⚜🙏⚜🙏
ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്.{{സൂചിക|൧|| അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തിൽ തീയ് കിഴക്കോട്ട് പടർന്ന് പരശുരാമൻ സർപ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താൽ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാർ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവൻ ഇനി മുതൽ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സർപ്പം തുള്ളൽ. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സർപ്പം തുള്ളലിന് ഒൻപതു പേർ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായർ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകർമങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സർപ്പംപാട്ടും സർപ്പം തുള്ളലും കഴിഞ്ഞാൽ തൊട്ടടുത്ത വർഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവർഷം ഗന്ധർവൻപാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാർ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവർഷം പുലസർപ്പംപാട്ടുനടത്തും.
⚜🙏⚜🙏⚜🙏⚜🙏⚜                      ബാലേട്ടൻ ijk

പെരുവനം മഹാദേവ ക്ഷേത്രം

*പെരുവനം മഹാദേവ ക്ഷേത്രം...*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍  പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന മഹാശിവക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം...

തൃശ്ശൂർ ജില്ലയിലെ ചേര്‍പ്പില്‍,ഊരകം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന പുരാതന  ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം.

തെക്ക് ദുർഗ്ഗക്ഷേത്രം, പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താക്ഷേത്രം, കിഴക്ക് വിഷ്ണുക്ഷേത്രം എന്നിവയാൽ ചുറ്റപ്പട്ട് നിൽക്കുന്ന ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം. ഇവിടത്തെ പൂരം ക്രി.വ. 583-നു ആണ് ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചി ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്..

പരശുരാമന്‍റെ ഐതിഹ്യവുമായി ഈ ക്ഷേത്രത്തിന് ബന്ധം കാണുന്നു. പരശുരാമൻ കേരളത്തെ 64  ഗ്രാമങ്ങളായി വിഭജിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം. വേദത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായ ഈ ക്ഷേത്രം യതിവര്യനായ പുരു മഹർഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരു മഹർഷിയുടെ തപസ്സുകൊണ്ടു ധന്യമായ വനം പുരുവനം എന്നും കാലക്രമേണ പെരുവനം എന്ന പേരിലും പ്രസിദ്ധമായിത്തീർന്നത്രേ. പെരുമാൻ കുടികൊണ്ട സ്ഥലം പെരുമനം എന്ന് മറ്റൊരു വ്യാഖ്യാനമുണ്ടു. കേരളത്തിലേക്ക് വരാൻ സന്നദ്ധരായ ബ്രാഹ്മണർ അവരുടെ ആവാസകേന്ദ്രത്തിലെ ശിവസാന്നിദ്ധ്യം അഭ്യർത്ഥിച്ചു. ശിവൻ പാർവതിസമേതനായി പെരുവനത്തു സന്നിഹിതനായതിന്‍റെ കാരണം അതാണത്രെ.

പത്ത് ഏക്കറിൽ കുറയാത്ത വിസ്തീർണമുള്ള മതിൽക്കകം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുദിശ ഒഴിച്ച് മൂന്ന് ദിക്കിലും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് ഗോപുരത്തറ മാത്രമേ കാണുന്നുള്ളു. അഗ്നിക്കിരയായതെന്ന് പറയപ്പെടുന്നു.

പെരുവനത്തെ ഉപാസനാമൂർത്തി ഇരട്ടയപ്പനാണ്. ശിവന്‍റെ  ദ്വൈത ഭാവമാണിവിടെ കാണാൻ കഴിയുന്നത്.പീഠത്തിൽ വലിയ ശിവലിംഗം, അടുത്തത് ചെറിയത് മറ്റൊന്നും. ഇരട്ടയപ്പ സങ്കല്പം ഈ രണ്ട് പ്രതിഷ്ഠകളേയും കണക്കിലെടുത്താണ്. ശിവലിംഗത്തിൻ ആറടിയോളം ഉയരമുണ്ട്. മാടത്തിലപ്പൻ, ദക്ഷിണാമൂർത്തി, ശ്രീപാർവതി, പുരുമഹർഷി, ഗണപതി, രക്തേശ്വരി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ.

മാടത്തിലപ്പൻ:-
ശ്രീകോവിലിന്‍റെ  തെക്കുഭാഗത്ത് നൂറോളം അടി ഉയരത്തിൽ മാടത്തിലപ്പന്‍റെ  ശ്രീകോവിൽ മൂന്നുനിലയിലായി കാണാം. നിലത്തുനിന്നും 30 അടി ഉയരത്തിലാണ് പ്രതിഷ്ഠ. അതിനു മുകളിൽ ഉള്ള മൂന്ന് നിലകളിൽ ആദ്യത്തെ രണ്ടുനില ചതുരം. മൂന്നാമത്തെ നില അഷ്ടകോണമാണ്. മൂന്നാമത്തെ നില ചെമ്പ് മേഞ്ഞതാണ്‌‍. ലിംഗ പ്രതിഷ്ഠയാണ്. ലിംഗത്തിൻ പീഠമുൾപ്പെടെ ഏഴടിയോളം പൊക്കമുണ്ട്. നല്ല വണ്ണവുമുണ്ട്. മഹാലിംഗമാണ്. ആനയെ ഉപയോഗിച്ചാണ് ലിംഗം ഉറപ്പിച്ചതത്രെ. മുകളിലത്തെ നിലയുടെ മൂന്ന് വശങ്ങളിലുള്ള ഭിത്തികളിൽ വിഷ്ണുവിന്‍റെ യും ശിവന്‍റെയും ബ്രഹ്മാവിന്‍റെയും പ്രതിമാശില്പങ്ങൾ ഉണ്ട്.

സാമുതിരി തൃക്കണാമതിലകം ക്ഷേത്രത്തിൻറെ മാതൃകയിൽ നിർമ്മിച്ചതാണ് മാടത്തിലപ്പൻ ക്ഷേത്രം എന്നാണ് പഴമ.

ക്ഷേത്രത്തിൽ നിരവധി ശില്പങ്ങളും പുരാണചിത്രങ്ങളും ഉണ്ട്. അവയ്ക്ക് പുരാവസ്തുവകുപ്പിൻറെ സം‌രക്ഷണം കിട്ടുന്നുണ്ട്. മേടമാസം പുണർതം നാൾ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ഇവിടെ തൊഴുന്നതിന് ഒരു പ്രത്യേക ചിട്ടയുണ്ട്. പെരുവനം ക്ഷേത്രത്തിൽ ഉഷപൂജയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പന്തീരടിപൂജയ്ക്ക് ഇരട്ടയപ്പന് ധാര, മാടത്തിലപ്പന് പൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ക്രമത്തിലാണ് പൂജാവിധി. മീനമാസം പൂയം നാൾ പെരുവനം പൂരം ആഘോഷിക്കുന്നു.

പെരുവനത്തംബലം വളരെ സ്വത്തുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രം വക സ്വത്തിന്‍റെ  ആദായത്തിൽ ദേവന്‍റെ  നിത്യനിദാന അടിയന്തരങ്ങൾക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മുഴുവനും ഗ്രാമജനങ്ങളുടെ യോഗക്ഷേമത്തിനായി ഉപയോഗിക്കണമെന്നായിരുന്ന് ഗ്രാമനിശ്ചയം.

ഗുരു മാണി മാധവ ചാക്യാർ ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു
അംഗുലീയാങ്കം , രാമായണം പ്രബന്ധകൂത്ത് (ചാക്യാർ കൂത്ത്) തുടങ്ങിയ കൂത്തു-കൂടിയാട്ടങ്ങൾ ഇവിടെ കാലാകാലമായി "അടിയന്തരമായി" നടത്തിവരാറുണ്ട്. മാണി ചാക്യാർ കുടുംബക്കാർക്കാണിവിടെ ഇവ അവതരിപ്പിക്കുവാനുള്ള അവകാശം. കൂത്തു-കൂടിയാട്ട കുലപതി നാട്യാചാര്യൻ മാണി മാധവ ചാക്യാർ വളരെക്കാലം ഈ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

മേടമാസം പുണർതം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷപൂർവം നടന്നുവരുന്നു. ആറാട്ടുപുഴപൂരത്തോടനുബന്ധിച്ച് നടക്കുന്ന പെരുവനത്തെ പൂരം പ്രസിദ്ധമാണെങ്കിലും അത് യഥാർഥത്തിൽ പെരുവനത്തപ്പന്‍റെ ഉത്സവമല്ല. ഭഗവാനെ കണ്ട് വണങ്ങിപ്പോകാൻ പെരുവനം ഗ്രാമത്തിലെ ദേവിദേവന്മാർ എത്തുന്ന ചടങ്ങുമാത്രമാണ്‌‍. എന്നാൽ പണ്ട് ക്ഷേത്രത്തിൽ 28  ദിവസത്തെ ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു.

ഓം നമഃ ശിവായ