Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 22, 2025

ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം

 തമിഴ്‌നാട് സംസ്ഥാനത്തെ സേലത്ത് ഒന്നാം അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം
. പ്രധാന ശ്രീകോവിലിലെ ലിംഗം ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നതായാണ് ഇവിടെ അത് മറ്റൊരിടത്തും കാണാത്ത വിചിത്രമായ ഭാവമാണ്. ശിവന്റെ പത്നിയായ പാർവതിയെ ശ്രീ സ്വർണാംബിക അമ്മൻ എന്ന പേരിൽ ആണ് ആരാധിക്കുന്നത്. ഭീമൻ പൂജിച്ചിരുന്ന മണിമുത്താർ നദിയുടെ തീരത്തുള്ള സ്വയംഭൂലിംഗങ്ങളുള്ള അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ചരിത്രകാരന്മാരുടെ വിശ്വാസമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ മാമന്നൻ സുന്ദരപാണ്ഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വിശുദ്ധ അരുണഗിരിയാർ തന്റെ കീർത്തനങ്ങളിൽ ക്ഷേത്രത്തിന്റെ മഹത്വം ആലപിച്ചിട്ടുണ്ട്.

രാഹു , ചൊവ്വ എന്നീ ഗ്രഹങ്ങൾ ഇവിടെ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ഈ ഗ്രഹങ്ങളെ പ്രാർത്ഥിക്കുന്നത് സന്തോഷകരമായ ദാമ്പത്യവും നല്ല ജോലിയും ഉറപ്പാക്കും. 

സുഖ മഹർഷി തത്തയുടെ രൂപമെടുത്ത് ക്ഷേത്രത്തിൽ പൂജിച്ചു. അതിനാൽ ഈ സ്ഥലം സുഖവനം എന്നും ഭഗവാൻ സുഖവനേശ്വരർ എന്നും അറിയപ്പെട്ടു. പ്രശസ്ത കവി തമിഴ് അവ്വയാർ ഇവിടെ എത്തി ഭഗവാനെ വണങ്ങാറുണ്ടായിരുന്നു.

സ്രഷ്ടാവായ ബ്രഹ്മാവ് തന്റെ സൃഷ്ടികൾ പരസ്പരം വ്യത്യസ്തമായിരിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ചിലരോട് പറയുമ്പോൾ പ്രസിദ്ധ ശിവഭക്തനായ സുഖൻ, ഈ രഹസ്യ സംഭാഷണം ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയെ അറിയിച്ചു. കുപിതനായ ബ്രഹ്മാവ് സുഖനെ തത്തയാകാൻ ശപിക്കുകയും പാപനാശം പ്രദേശത്ത് (ഇപ്പോഴത്തെ ക്ഷേത്രപ്രദേശം) ശിവനെ പ്രാർത്ഥിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. സുഖ മുനി ഒരു തത്തയായി മാറി, ധാരാളം തത്തകളുമായി ഇവിടെ വന്ന് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒരു വേട്ടക്കാരൻ സ്ഥലത്തെത്തി, ഇവിടെ ഒളിച്ചിരിക്കുന്ന തത്തകളെ ഓടിക്കാൻ ആഗ്രഹിച്ചു. ശിവലിംഗത്തെ സംരക്ഷിക്കാൻ തത്തകൾ ചിറകു വിരിച്ചപ്പോൾ വേട്ടക്കാരൻ വാൾ വീശി. തത്തകളെ ആക്രമിക്കപ്പെട്ടതിനാൽ അമിത രക്തസ്രാവവും അവക്ക് മരണവും ഉണ്ടായി. ശിവലിംഗത്തിൽ നിന്ന് രക്തവും ഒലിച്ചിറങ്ങി. സത്യം മനസ്സിലാക്കിയ വേട്ടക്കാരൻ ആത്മഹത്യ ചെയ്തു. മുനി സുഖന് തന്റെ സ്വന്തം രൂപം തിരികെ കിട്ടി, ഭഗവാൻ കൽപ്പിക്കുന്ന സുഖവനേശ്വരന്റെ നാമത്തിൽ ഇവിടെയിരിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചു.

അതുപോലെ ചോള, ചേര, പാണ്ഡ്യ രാജ്യങ്ങളിലെ രാജാക്കന്മാർ തമിഴ് കവയിത്രിയായ അവ്വയാറിന്റെ ദത്തുപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.  ഈ ക്ഷേത്രം 2000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
✍രാജശേഖരൻ നായർ
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, September 21, 2025

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യം

ശിവം, സർവ്വം ശിവമയം🙏
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യത്തെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കാം🙏🏻

പ്രപഞ്ചത്തിന്റെ മാതാവും പിതാവുമാണ് ശക്തിയും ശിവനും. ശക്തിയില്ലാതെ ശിവനോ, ശിവനില്ലാതെ ശക്തിയോ ഇല്ല. ഈ ശിവശക്തി ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ കൊല്ലൂർ ക്ഷേത്രം. ഇവിടെ ദേവി മൂകാംബികയായി കുടികൊള്ളുമ്പോൾ, മഹാദേവൻ ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ട്.
ക്ഷേത്രത്തിലെ സ്വയംഭൂവായ ജ്യോതിർലിംഗം ശ്രദ്ധിച്ചിട്ടുണ്ടോ? ആ ലിംഗത്തിൽ കാണുന്ന സ്വർണ്ണരേഖ, ശിവനെയും ശക്തിയെയും ഒന്നായി ചേർത്തുനിർത്തുന്നു. ലിംഗത്തിന്റെ ഇടത് ഭാഗം മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ ത്രിദേവിമാരെ പ്രതിനിധീകരിക്കുമ്പോൾ, വലതുഭാഗം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു. ഇതിനർത്ഥം, അമ്മയെ ആരാധിക്കുമ്പോൾ നമുക്ക് മഹാദേവന്റെ അനുഗ്രഹം കൂടി ലഭിക്കുന്നു എന്നാണ്.
ശക്തി എവിടെയാണോ, ശിവൻ അവിടെയുണ്ട്. സൗപർണ്ണികയുടെ തീരത്ത് അമ്മ കുടികൊള്ളുമ്പോൾ, മഹാദേവനും അവിടെ സന്നിഹിതനായി സർവ്വ അനുഗ്രഹങ്ങളും ചൊരിയുന്നു. മൂകാംബികാദേവിയെ ദർശിക്കുന്ന ഓരോ ഭക്തനും ശിവശക്തി ചൈതന്യത്തിന്റെ പൂർണ്ണമായ അനുഗ്രഹമാണ് ലഭിക്കുന്നത്.
എല്ലാവർക്കും ശ്രീമൂകാംബികാദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം ഉണ്ടാകട്ടെ🙏🏻
ഓം നമഃശിവായ🙏🏻
©️𝘼𝙟𝙞𝙩𝙝 𝙆𝙪𝙢𝙖𝙧 𝙎 𝙆
കടപ്പാട്
സോഷ്യൽ മീഡിയ

Friday, September 12, 2025

ശാസ്താവ്

ശാസ്താവ്

ശാസ്താവ്, ശനീശ്വരൻ ,അയ്യപ്പൻ ഒന്നാണോ?



 പലർക്കും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്. 
പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്.
 അപ്പോൾ എന്താണ് വാസ്തവം. ശനീശ്വരൻ അഥവാ ശനി ഭഗവാന്റെ അവതാരമാണ് ശാസ്താവ്. വിഷ്ണു മഹേശ്വരപുത്രനായ ശാസ്താവിന്റെ ജന്മകഥ എല്ലാവർക്കും അറിയാവുന്നതാണ് .
വിഷ്ണുമായയിൽ പിറന്ന ശാസ്താവ് കൈലാസത്തിൽ ആണ് വളർന്ന് വന്നത്. എല്ലാശാസ്ത്രങ്ങളിലും ആയോധന കലയിലും തികഞ്ഞവനായി കൈലാസത്തിൽ ശാസ്താവ് വളർന്നു. 12 വയസ്സു വരെ ഇങ്ങനെ ഒരു പുത്രൻ കൈലാസത്തിൽ വളരുന്നു കാര്യം ശിവൻ എല്ലാവരോടും മറച്ച് വെച്ചിട്ടാണ് വളർന്നത്. ഈ അദ്ഭുതപുത്രനെ കുറിച്ചറിഞ്ഞ ദേവന്മാർ കുറച്ച് കാലം ദേവലോകത്ത് വാഴുവാനും സൽക്കാരത്തിൽ പങ്കുചേരാനും പറഞ്ഞു. പക്ഷെ മഹാദേവനു താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയ്ക്ക് പോകുവാൻ ശാസ്താവ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പുത്രനോട് വളരെ അധികം വാത്സല്യം ഉണ്ടായിരുന്ന മഹാദേവൻ പറഞ്ഞു,നീ എല്ലാവരേക്കാളും അഗ്രഗ്രണ്യൻ തന്നെയാണ് എങ്കിലും ദേവന്മാർ ചതിയന്മാർ ആണ്, അത് കൊണ്ട് നിന്നെ അവർ ചതിക്കും, നീ ചതി , വഞ്ചന എന്നിവ അറിയാതെയാണ് വളർന്നിട്ടുള്ളത്. അത് കൊണ്ട് അവിടേയ്ക്ക് പോകേണ്ടതില്ല. പക്ഷെ ദേവലോകത്തെ അത്ഭുതങ്ങളെ കുറിച്ചറിഞ്ഞ ശാസ്താവ് അത് അനുഭവിച്ചറിയണം എന്ന നിർബന്ധബുദ്ധിയിൽ മഹാദേവന്റെ സമ്മതം വാങ്ങിച്ച് ദേവലോകത്തേക്ക് യാത്രയായി. ദേവലോകം വിഷ്ണുമഹേശ്വര പുത്രനെ ആരവത്തോടെ സൽക്കരിച്ചു. പിന്നീട് ദേവന്മാരും ശാസ്താവും തമ്മിൽ പലവിഷയങ്ങളെ കുറിച്ച് മത്സരം തുടങ്ങി, അയോധനകലയിൽ ശാസ്താവ് വിജയിയായി. പിന്നീട് ശാസ്ത്രങ്ങളെ കുറിച്ചൂം വേദങ്ങളെ കുറിച്ചും ദേവഗുരുവായ ബ്രഹസ്പതിയുമായി മത്സരത്തിൽ ഏർപ്പെട്ടു അതിൽ ഋഗ്വേദം , സാമവേദം, യജുവർവേദം എന്നിവയിൽ സമം പാലിച്ചും അപ്പോഴാണ് ശാസ്താവ് നാലാം വേദമായ അഥർവ്വവേദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ദേവന്മാർക്ക് അജ്ഞാതമായ അഥർവ്വവേദം ഭഗവാൻ അവിടെ അവതരിപ്പിച്ചു. എല്ലാത്തിലും പരാജയപ്പെട്ട ദേവന്മാർ ദേവലോകവും കയ്യിലുള്ള സർവ്വതും ശാസ്താവിന് സമപ്പിക്കേണ്ടതായി. ദേവന്മാർ അവസാനമായി ഒരു ഉപായം പറഞ്ഞു , നാളെ കൂടെ ഒരുമത്സരമുണ്ട് അതിൽ കൂടെ ജയിക്കണം. ശാസ്താവ് സമ്മതിച്ചു . അന്നു തന്നെ ദേവന്മാർ ഒരു യാഗം നടത്തി അതിൽ ലോകത്തിലെ എല്ലാ മാലിന്യങ്ങളും അശുദ്ധിയും ദുർദ്ദേവതകളെയും അതിലേക്ക് അവാഹിച്ചിരുത്തി. യാഗശേഷം ഒരു വലിയ പനമരം അതിൽ നിന്ന് ഉയർന്നു വന്നു. പിറ്റെ ദിവസം ശാസ്താവിനോട് പറഞ്ഞു ഈ പനമരം ഒറ്റവെട്ടിന് വീഴ്താൻ കഴിവുണ്ടോ?? ശാസ്താവിനു അതു കേട്ടപ്പോൾ പുച്ഛം തോന്നി. തന്റെ ചുരിയെടുത്ത് ആഞ്ഞ് വെട്ടി , പനമരം രണ്ടായി മുറിഞ്ഞു, അതിന് അശുദ്ധിയും മറ്റും വെട്ടി ഒഴുകുവാൻ തുടങ്ങി , ഒഴുകിയത് നിലത്ത് പതിച്ചാൽ ഉണ്ടാകുന്ന ആപത്ത് മനസിലാക്കിയ ശാസ്താവ് അത് രണ്ടു കയ്യും നീട്ടി കുടിച്ചു. ദേവലോകത്ത് രക്ഷിച്ചു. അശുദ്ധി അകത്തു ചെന്നതിനാൽ ദേവന്മന്മാർ ശാസ്താവിന് ഭ്രഷ്ട് കൽപ്പിച്ചു ദേവലോകത്തുനിന്നും പോകുവാൻ പറയൂ കയും ചെയ്തു. ചതിമനസിലാക്കിയ ശാസ്താവ് ആയുധം കയ്യിലെടുത്ത് ദേവന്മാരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ഭയന്നോടിയ ദേവന്മാർ മഹാദേവന്റെ കാൽക്കൽ വീണു. മഹാദേവൻ ശാസ്താവിനോട് കൽപ്പിച്ചു, എന്റെ വാക്കുകേൾക്കാതെ ചതിയിൽ നീ പെട്ടു. അത് കൊണ്ട് ഇനിമുതൽ നീ ഭൂമിയിൽ വസിക്കുക. ദേവന്മാരോട് പറഞ്ഞു , ശാസ്താകോപത്തിന് ഗുരുതി നൽക്കുക. അങ്ങിനെയാണ് ശാസ്താവ് ഭൂമിയിൽ അയ്യപ്പന്റെ അവതാരം എടുക്കുവാൻ കാരണം. അങ്ങിനെ പന്തളരാജാവിന്റെ പുത്രനായി പിറന്നത്.
ഇതാണ് ശനി-ശാസ്താ-അയ്യപ്പ ബന്ധം . ശനിശ്വരനേയും ശാസ്താവിനെയും പൂജിക്കുന്ന വിധി താന്ത്രികവിധിയാണ്. എന്നാൽ അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് ഭഗവാൻ നൽകിയിരിക്കുന്നത് നിസ്സാരവും എന്നാൽ ശക്തിയേറിയതും ആയ ഒരേ ഒരു മന്ത്രത്തിൽ ആണ് " സ്വാമിയേ ശരണമയ്യപ്പ" . വേറെ ഒന്നും വേണ്ട , ഈ മന്ത്രത്തിനും പകരം. എല്ലാ ദേവതകളും ദുർദേവതകളും ഈ മന്ത്രത്തിൽ ലയിക്കും, അംഗീകരിക്കും. ശബരിമല വ്രതത്തിൽ പോകുന്ന ഭക്തൻ ഈ ഒരു ശരണമന്ത്രം മാത്രം ഏതൊരു ദേവതയുടെ മുൻപിൽ ജപിച്ചാൽ ചൊല്ലിയാൽ മതി. ആദേവത, ദേവൻ ഇത് അംഗീകരിക്കും...

സ്വാമി  ശരണം

Tuesday, September 9, 2025

ജലധാര

*പരമശിവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്*.

*

*ജലധാര* 

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
*ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..
ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്..
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതി യുടെയുംശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു..
ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തിയെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്...* *ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്.. വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം*,  *ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..
ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും..
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്..
*സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ* സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്....* *അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്..
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

ശങ്കരനാരായണൻ

ശങ്കരനാരായണൻ

🌹🕉️🌹🕉️🌹🕉️🌹

മഹാദേവനും മഹാവിഷ്ണുവും ഒന്ന് തന്നെ ആണെന്നതാണ് സത്യം. കാലങ്ങൾക്ക് മുമ്പ് മുതലേ, ആചാര്യ സ്വാമികൾക്കും മുമ്പേ മഹാ ഗുരുക്കന്മാർ ഒന്നെന്ന ബോധ്യത്തോടെ ഈ രണ്ട് ആചാരങ്ങളെയും ഒന്നിപ്പിച്ചുള്ള ഏക രൂപ സങ്കല്പ ആരാധനാ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. കാല ക്രമത്തിൽ പലതും ഇല്ലാതായെങ്കിലും ശിവൻ തന്നെയാണ് സുദർശനമായി മഹാവിഷ്ണുവിനോട്‌ എന്നും ചേർന്നുള്ളത് എന്നും തൃശുലം മഹാവിഷ്ണു ആണ് എന്നതും 
നരസിംഹ മൂർത്തിയെ തൃക്കണ്ണുള്ള രുദ്ര ഭാവത്തിലും പണ്ട് മുതലേ ആരാധിക്കുന്ന സംപ്രദായം ഉണ്ട്.
ശ്രീരാമനോട് ഒപ്പം രുദ്രനായ ഹനുമാൻ സദാ ഉള്ളതും കേവലം കാവ്യ പ്രയോഗങ്ങൾ മാത്രമല്ല മഹാവിഷ്ണുവിനൊപ്പം എപ്പോഴും ശ്രീദേവിയായി ലക്ഷ്മിയും മഹാദേവനൊപ്പം ഉമയും എന്നത് പോലെ തന്നെ എപ്പോഴും മഹാദേവനും മഹാവിഷ്ണുവും എവിടെയും ഒരുമിച്ചെ ഉണ്ടാവു. കാരണം ഏകമാണ് ഈശ്വരൻ. അവതാരങ്ങളോ അംശാവതാരങ്ങളോ ഈശ്വരൻ ധരിക്കുമ്പോഴും ഇത് ദർശിക്കാനാവും.

ഇത്തരം സങ്കൽപ്പങ്ങളും പദ്ദതികളും ജ്ഞാന മാർഗ്ഗികൾക്കും വേദാന്തികൾക്കുമുള്ളതല്ല ഭക്തി മാർഗ്ഗ പ്രധാനമാണ് എന്നത് മറക്കാതിരിക്കുക. സംസാര ദുഖത്തിൽ പെട്ടുഴലുന്ന മർത്യ ജീവിതത്തിൽ ഭക്തി മാർഗ്ഗം പരമ പ്രാധാന്യമുള്ള മാർഗ്ഗവുമാണ്.

ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിലും പ്രസിദ്ധമാണ്.

കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, കാലടിയിലെ ക്ഷേത്രം. തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം,നായത്തോട് ശങ്കരനാരായണ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.

ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം (തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്.

ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ശങ്കരനാരായണ ക്ഷേത്രങ്ങൾ🕉️

മങ്ങാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രം

ചക്കരക്കൽ കണയന്നൂർ ശ്രീ ശങ്കരനാരായ‌ണ ക്ഷേത്രം

തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രം

പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രം

തിരു നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം.

പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം

രാമന്തളി ശങ്കരനാരായണ ക്ഷേത്രം.

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം

നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, വൈപ്പിൻ

തിരു: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

പെരുമ്പടപ്പ് ശ്രീ.ശങ്കരനാരായണ ക്ഷേത്രം

ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം, പറവന്നൂർ 

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം 

പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം പള്ളുരുത്തി

വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രം തൃശൂർ

തിനൂര് ശ്രീ ശങ്കരനാരായണ ക്ഷേത്രം

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രം, ശ്രീവില്ലി

കുലശേഖരം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം
കടപ്പാട്
സോഷ്യൽ മീഡിയ

പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്

*പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്*
🔱🔱🔱🔱🔱🔱🔱🔱🔱🔱

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ പൂജകള്‍ നടത്തി. സന്തുഷ്ടനായ ബ്രഹ്മാവ് നേരിട്ട് ദേവര്‍ഷിമാരുടെ മുമ്പിലെത്തി. അവരുടെ ദിവ്യപൂജകളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ദേവര്‍ഷിമാര്‍ പൂജകള്‍ക്കുശേഷം നമസ്ക്കാരങ്ങളും സ്തുതിഗീതങ്ങളും നടത്തി. എന്നിട്ട് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു.

“ബ്രഹ്മദേവാ, ഭഗവാന്‍ ജയിച്ചാലും! ഞങ്ങള്‍ക്ക് ചിലത് അവിടെനിന്ന് അറിയാനുണ്ട്.”
ദേവര്‍ഷിമാരേ! നമുക്ക് വിസ്മയം തോന്നുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്തതായി ഇനി എന്താണ് അവശേഷിക്കുന്നത്? നിങ്ങള്‍ക്ക് അറിയാത്ത ഒരുകാര്യം നമുക്കും അറിവുണ്ടാകുമോ?
ഏതായാലും അത് കേള്‍ക്കാന്‍ ജിജ്ഞാസയുണ്ട്. എന്തായാലും പറയൂ…..!”

“ബ്രഹ്മദേവാ! വിവിധ ശാസ്ത്രവിഷയങ്ങളെക്കുറിച്ചും ഗൂഢവിദ്യകളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി. സത്യം തന്നെ. എങ്കിലും അതിഗൂഢവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉപനിഷത്‍തത്ത്വം അങ്ങയില്‍ നിന്ന് ഉപദേശിച്ചു കേള്‍ക്കണമെന്ന് ഞങ്ങള്‍ ഏവര്‍ക്കും മോഹമുണ്ട്. ദയവായി ഉപനിഷത്തുകളുടെ തത്ത്വം ഉപദേശിച്ചു തന്നാലും.”
ഇതുകേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു: “ഉപനിഷത്തുകളുടെ തത്ത്വം അന്ത്യന്തം രഹസ്യവും ഉത്തമവും തന്നെ. ഞാനൊരു സംഭവം പറയാം. പണ്ടൊരിക്കല്‍ സര്‍വ്വവേദജ്ഞനും മഹാതേജസ്വിയും തപോനിഷ്ഠനുമായ വേദവ്യാസന്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കൈലാസത്തില്‍ ചെന്നുകണ്ട് നമസ്ക്കരിച്ചു.”
തന്റെ മുമ്പില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്ന വേദവ്യാസമഹര്‍ഷിയെ കണ്ടിട്ട് പാര്‍വ്വതീപരമേശ്വരന്‍മാര്‍ സന്തുഷ്ടരായി. മന്ദഹാസത്തോടെ ഭഗവാന്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

“മഹാമുനേ, അവിടുത്തെ ആഗമനംകൊണ്ട് ശിവലോകം ഇന്ന് ധന്യമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് നാം അവിടേയ്ക്കു വേണ്ടി ചെയ്യേണ്ടത്?”
അതുകേട്ട് വേദവ്യാസന്‍ പരമശിവനെ വീണ്ടും നമസ്ക്കരിച്ച് സ്തുതീഗീതങ്ങള്‍ പാടി.
“ഹേ ദേവദേവ! ദേവദേവ! മഹാപ്രാജ്ഞ!!! ജീവന്റെ വിശ്വപാശത്തെ വിച്ഛേദിക്കുന്ന മഹാപ്രഭോ, ജയിച്ചാലും. ജയിച്ചാലും. ഒരഭ്യര്‍ത്ഥനയുമായിട്ടാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്?”
“ആകട്ടെ, നമുക്ക് സന്തോഷമേയുള്ളൂ. എന്താണ് ചെയ്തു തരേണ്ടത്?”
“മഹാദേവാ ശ്രീശുകദേവന്‍ എന്നൊരു പുത്രന്‍ നമുക്കുള്ള വൃത്താന്തം അവിടുത്തേയ്ക്ക് അറിവുള്ളതാണല്ലോ. അവന് ഇപ്പോള്‍ ഉപനയനാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ സമയമായി. വേദാദ്ധ്യയനത്തിനു കാലമായിരിക്കുന്ന അവന്റെ യാജ്ഞോപവീകര്‍മ്മത്തില്‍ പ്രണവഗായത്രീമന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”
“ഉചിതം. മഹാമുനിയായ താങ്കള്‍ അതെല്ലാം യഥാവിധി തന്നെ നടത്തിക്കൊടുത്താലും. എല്ലാം പിതാവിന്റെ ധര്‍മ്മങ്ങള്‍ തന്നെ.” പരമശിവന്‍ ചിരിച്ചു.
“ഭഗവാനേ, അങ്ങാണ് യഥാര്‍ത്ഥ ജഗദ്ഗുരു. അതിനാല്‍ ബ്രഹ്മത്തെപ്പറ്റിയും പരമാത്മതത്ത്വത്തെപ്പറ്റിയും അവിടുന്ന് എന്റെ പുത്രന് ഉപദേശിച്ചു കൊടുത്താലും. എങ്കില്‍ ഞാനും എന്റെ പുത്രനും ഒന്നുപോലെ ധന്യരായി.”
“മഹാമുനേ, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അറിവ് സ്വയമേവ നേടിവനാണ് താങ്കളുടെ പുത്രന്‍. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളില്‍ വലിയ ആസക്തിയൊന്നും കാണിക്കുന്നുമില്ല. ജിജ്ഞാസുവുമാണ്. ഈ നിലയില്‍ സാക്ഷാത് സനാതനമായ പരബ്രഹ്മത്തെപ്പറ്റി അങ്ങയുടെ പുത്രന് ഉപദേശം കൊടുത്താല്‍ അവന്‍ സര്‍വ്വസ്വവും വെടിഞ്ഞ് വിരക്തനായിത്തീരും. വൈരാഗ്യബുദ്ധിയോടെ സന്ന്യാസം സ്വീകരിച്ച് താങ്കളെ ഉപേക്ഷിക്കും. സ്വയം പ്രകാശസ്വരൂപത്തില്‍ സ്ഥിതിചെയ്യും. അതുകൊണ്ട് അത്തരമൊരു ഉപദേശം നാം തന്നെ ശ്രീശുകന് നല്‍കണമോ? പിതാവെന്ന നിലയിലും മഹര്‍ഷിയെന്ന നിലയിലും താങ്കള്‍ തന്നെ ഉപദേശിക്കുന്നതാണ് ഉത്തമം.”
പരമശിവന്‍ നല്കിയ താക്കീത് വേദവ്യാസനില്‍ കൂടുതല്‍ സന്തുഷ്ടി നല്കി.
“പ്രഭോ! എന്തോ ആയിക്കൊള്ളട്ടെ, ഈ യാജ്ഞോപവീതസമയത്ത് അങ്ങയില്‍ നിന്നുതന്നെ നമ്മുടെ പുത്രന് ബ്രഹ്മജ്ഞാനോപദേശം ഉണ്ടാകണം. അവന്‍ വളരെ ചെറുപ്പമാണ്. മഹാദേവനില്‍ നിന്ന് നേരിട്ട് ബ്രഹ്മജ്ഞാനോപദേശം നേടാന്‍ കഴിയുന്നതില്‍പരം ശ്രേഷ്ഠമായി മറ്റൊന്നില്ല. അതുവഴി അവന്‍ വളരെ വേഗം സര്‍വ്വജ്ഞനായിത്തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങയുടെ അനുഗ്രഹത്താല്‍ അവന് ചതുര്‍വിധമായ മോക്ഷപ്രാപ്തി കൈവരികയും ചെയ്യും.”

“എങ്കില്‍ താങ്കളുടെ ഹിതംപോലെയാകട്ടെ.” വേദവ്യാസന്റെ അഭ്യര്‍ത്ഥനകേട്ട് ഭഗവാന്‍ ശ്രീപരമേശ്വരന്‍ അത്യന്തം പ്രസന്നനായിത്തീര്‍ന്നു. ഭഗവാന്‍ ലോകേശ്വരിയായ ഭഗവതി ഉമയുമൊന്നിച്ച് ദേവര്‍ഷിമാരുടെ സഭയില്‍ ഉപദേശം കൊടുക്കുവാനായി ഒരു ദിവ്യാസനത്തില്‍ ഉപവിഷ്ടനായി.
കൃതകൃത്യനും മഹാഭക്തനും മുമുക്ഷുവുമായ ശ്രീശുകന്‍ അവിടെയെത്തി. ഭഗവാന്‍ ശ്രീപരമേശ്വരനെ നേരില്‍ വന്നു കണ്ടു. ദീര്‍ഘദണ്ഡ നമസ്ക്കാരം അത്യന്തഭക്തിയോടെ ചെയ്തു. ഭഗവാന്‍ സുപ്രസന്നനായിട്ട് ശുകന് പ്രണവദീക്ഷ നല്കി അനുഗ്രഹിച്ചു ദീക്ഷ സ്വീകരിച്ചു കൊണ്ട് ശ്രീശുകന്‍ ഗദ്ഗദകണ്ഠനായി.
“ഭഗവാനേ, ദേവാദിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സച്ചിദാനന്ദപ്രഭോ, ഉമാപതേ, ഭൂതേശ, കരുണാനിധേ, എന്നില്‍ പ്രസാദിച്ചാലും. അങ്ങ് എനിക്ക് പ്രണവാത്മസ്വരൂപത്തെപ്പറ്റിയും അതിലും അതീതമായി സ്ഥിതിചെയ്യുന്ന പരബ്രഹ്മത്തെപ്പറ്റിയുംഉപദേശിച്ചു തന്നു. ഇനി എനിക്ക് ‘തത്ത്വമസി’, ‘പ്രജ്ഞാനം ബ്രഹ്മ’ തുടങ്ങിയ മഹാവാക്യങ്ങളെ ഷഡംഗന്യാസ ക്രമസഹിതം കേള്‍ക്കുവാനാഗ്രഹമുണ്ട്. മഹാപ്രഭോ, എന്നില്‍ ദയവുണ്ടായി അതിരഹസ്യങ്ങളായ ആ മഹാവാക്യങ്ങളെപ്പറ്റി ഉപദേശിച്ചാലും.”
ശുകദേവന്റെ അതിരറ്റ ജിജ്ഞാസയില്‍ സന്തുഷ്ടനായി. അപ്പോള്‍ പരമശിവന്‍ പറഞ്ഞു:
“ശുകദേവാ, നിങ്ങള്‍ ജ്ഞാനനിധിയാണ്. അങ്ങ് യഥാര്‍ത്ഥത്തില്‍ മേധാവിയാണ്. വേദങ്ങളുടെയെല്ലാം രഹസ്യവും മനീഷികളാല്‍ ജ്ഞാതവ്യവുമായ കാര്യങ്ങളാണ് ചോദിച്ചത്. നല്ലത് നമുക്ക് വളരെ സന്തോഷമായി. നാലുമഹാവാക്യങ്ങളെയും അവയുടെ ഷഡംഗന്യാസ ക്രമസഹിതം ഞാന്‍ വിസ്തരിച്ച് ഉപദേശിച്ചു തരാം. എങ്ങനെയാണ്. മഹാവാക്യങ്ങളുടെ ഉപാസനയെന്നും മനസിലാക്കിയാലും. രഹസ്യങ്ങളില്‍വെച്ച് രഹസ്യമായിരിക്കുന്ന ഈ വിദ്യയെ രഹസ്യോപനിഷത്ത് എന്നു പറയുന്നു.”
തുടര്‍ന്ന് പരമശിവന്‍ ‘പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, തത്ത്വമസി, അഹം ബ്രഹ്മാസ്മി’ എന്നീ നാലു മഹാവാക്യങ്ങളേയും ഷഡംഗന്യാസ സഹിതം ശുകന് ഉപദേശിച്ചു നല്‍കി. അവകളുടെ അര്‍ത്ഥവും രഹസ്യോപാസനയും ധ്യാനശ്ലോകങ്ങളും കൂടി ഭഗവാന്‍ വ്യക്തമാക്കി.

ശ്രീപരമേശ്വരനെ തന്റെ ഗുരുവായി ലഭിച്ചതിലും അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് രഹസ്യോപദേശം ലഭിച്ചതിലും ശ്രീശുകന്‍ സന്തുഷ്ടനായിത്തീര്‍ന്നു.
ഭഗവാന്‍ പറഞ്ഞു:- “അങ്ങയുടെ പിതാവിന് ഇതെല്ലാം അറിവുള്ളതുതന്നെ. അദ്ദേഹം ബ്രഹ്മജ്ഞാനിയുമാണ്. നിന്റെ പിതാവായ വേദവ്യാസനില്‍ പ്രീതനായിട്ടാണ് ഈ രഹസ്യോപനിഷത്ത് ഞാന്‍ ഉപദേശിച്ച് നല്‍കിയത്. ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം തന്നെയാണ്. അങ്ങ് ആ ബ്രഹ്മത്തെ നിത്യവും ധ്യാനിച്ച് ജീവന്‍മുക്തനായി ഭവിച്ചാലും.”

ഭഗവാന്‍ ശ്രീശങ്കരന്റെ ഈ ഉപദേശം കേട്ട് ശ്രീശുകദേവന്‍ സമസ്തവിശ്വത്തിലും തന്മയനായിത്തീര്‍ന്നു. അദ്ദേഹം ഭക്തിയോടെ എഴുന്നേറ്റു. പാര്‍വ്വതീപരമേശ്വന്‍മാരെപ്രണമിച്ചു.
“മഹാദേവീ, എന്റെ മായാമോഹത്തെ നശിപ്പിച്ചാലും.”
“നല്ലതു വരും.” പാര്‍വ്വതീദേവിയും അനുഗ്രഹിച്ചു.
ശ്രീശുകദേവന്‍ എഴുന്നേറ്റു ശാന്തനായി നടന്നകന്നു. തന്റെ സര്‍വ്വപരിഗ്രഹങ്ങളെയും അദ്ദേഹം ത്യജിച്ചു. നഗ്നനും നിസ്സംഗനും ശുദ്ധനും വിരക്തനുമായിത്തീര്‍ന്നു. മോഹാന്ധകാരത്തെയകറ്റി ആത്മജ്ഞാനത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു. പരബ്രഹ്മസ്വരൂപത്തെയറിഞ്ഞ് പരമാനന്ദസാഗരത്തില്‍ മുങ്ങിയവനായി. ആനന്ദക്കടലില്‍ അദ്ദേഹം ആറാടി. ആനന്ദനിമഗ്നനായി തന്റെ പുത്രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ വേദവ്യാസമുനി അത്യധികം സന്തോഷിച്ചു. മറ്റാരാലും അപ്രാപ്യമായ ആനന്ദാനുഭൂതിയാല്‍ മതിമറന്നുവരുന്ന പുത്രനെക്കുറിച്ച് അദ്ദേഹം ഹര്‍ഷപുളകിതഗാത്രനായി.
എന്നാല്‍ ശ്രീശുകന്‍ പിതാവിനെയും മറികടന്ന് നിസ്സംഗനായി നടന്നകലുന്നതു കണ്ടപ്പോള്‍ വേദവ്യാസന്‍ ഞെട്ടി. ഭൗതിക ബന്ധനങ്ങളുടെയും കെട്ടുകള്‍ അറുത്തുകളഞ്ഞ പുത്രന്‍ തന്നില്‍ നിന്ന് അകന്നു പോകുന്ന സത്യം വ്യാസമുനി അറി‍ഞ്ഞു. ആ അറിവ് അല്പനേരത്തേയ്ക്കെങ്കിലും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

പുത്രവിരഹകാതരനായി വ്യാസമുനി വേദനയോടെ ശ്രീശുകദേവന്റെ പിന്നാലെ പുറപ്പെട്ടു. വിരക്തിയുടെ അവസ്ഥയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുപോയി.
ശ്രീശുകന്റെ പിന്നാലെയെത്തിയ വ്യാസമുനി ഹൃദയവ്യഥയോടെ നീട്ടിവിളിച്ചു.
“മകനേ, ശ്രീശുകദേവാ!” ആ വിളി പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് പ്രതിധ്വനിച്ചു.
ഒരു നിമിഷം ശ്രീശുകദേവന്‍ നിന്നു. വ്യാസമുനി അരികിലെത്തി. ഗദ്ഗദകണ്ഠനായി പരമജ്ഞാനിയായ മകന്‍ കണ്‍മുമ്പില്‍ നില്കുകയാണ്. എന്തൊക്കെയോ പറയുന്നതിനുവേണ്ടി വ്യാസമഹര്‍ഷി പുത്രനെ വാത്സല്യത്തോടെ വിളിച്ചു.
“മകനേ!”
ആ വിളിക്ക് മറുപടിയുണ്ടായി. പക്ഷേ അത് ശ്രീശുകനില്‍ നിന്നായിരുന്നില്ല. പ്രപഞ്ചത്തിലെ ജഡവും ചേതനങ്ങളുമായ സമ്പൂര്‍ണ്ണ വസ്തുക്കളും ആ വിളി കേട്ടു. പ്രത്യുത്തരം നല്കി. അതുകേട്ട് വ്യാസമഹര്‍ഷി വിസ്മയിച്ചു നിന്നു. ചുറ്റു പാടുകളില്‍ നിന്നെല്ലാം വിളി കേള്‍ക്കുന്നു! സ്വപുത്രന്‍ സമ്പൂര്‍ണ്ണമായും വിശ്വമയനായിത്തീര്‍ന്നിരിക്കുന്നു. അവനില്‍ നിന്ന് വേറിട്ട് ഇനിയൊരു പ്രപഞ്ചസത്തയില്ല. എല്ലാം ഒന്നുതന്നെ. രണ്ടെന്ന ഭേദം അവനില്ല.
ഒരല്പനേരം ചിന്താവിഷ്ടനായി നിന്ന വ്യാസമഹര്‍ഷിയില്‍ ആത്മതത്ത്വത്തിന്റെ അന്തഃസത്ത ഉദയം കൊണ്ടു. അപ്പോള്‍ തന്റെ മകന്റെ പരിപൂര്‍ണ്ണാവസ്ഥയെ മനസ്സിലാക്കി ആനന്ദിച്ചു. ജ്ഞാനികളുടെ പരമപദത്തിലെത്തിയ പുത്രനെയോര്‍ത്ത് ആത്മാഭിമാനമുണ്ടായി. മനനം ചെയ്ത് ശുകദേവനെപ്പോലെ വ്യാസഭഗവാനും സന്തുഷ്ടനായി. പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്തു .

ഗുരുവിന്റെ മുഖത്തുനിന്ന് ‘രഹസ്യോപനിഷത്ത്’ പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നവന്‍ സര്‍വപാപവിമുക്തനായിത്തീര്‍ന്ന് കൈവല്യം പ്രാപിക്കുന്നു... 🔱
കടപ്പാട് 
സോഷ്യൽ മീഡിയ