Pages

Tuesday, March 31, 2020

ആലുവ ശിവക്ഷേത്രം

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 39_* 

*ആലുവ ശിവക്ഷേത്രം* 

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ, പെരിയാർ രണ്ടായി പിരിയുന്ന സ്ഥലത്ത് സർവ്വത്രചൈതന്യം വർഷിച്ചുകൊണ്ട് പ്രകൃതിയിൽ ലയിച്ച് മഹാദേവൻ കിഴക്കോട്ട് ദർശനമായി ശോഭിക്കുന്നു.

തറയിൽ ഒരു ശിവലിംഗം മാത്രം ! അമ്പലമില്ല. ശ്രീകോവിലില്ല. അവിടെയാണ് പ്രസിദ്ധമായ ആലുവ ശിവരാത്രി നടക്കുന്ന ക്ഷേത്രം. ശിവരാത്രി ഉത്സവം പ്രമാണിച്ച് അവിടെ താൽക്കാലിക ക്ഷേത്രം ഉയരും. മകരം ഒന്നു മുതൽ മേടം ഒന്ന് വരെ അത്താഴപൂജയും ബാക്കി മാസങ്ങളിൽ നിവേദ്യവും മാത്രം ! നിവേദ്യം കവുങ്ങിൻ പാളയിലാണ്. അതിന്റെ ഐതിഹ്യച്ചാർത്ത് ഇങ്ങനെയാണ് :

ഒരിക്കൽ വില്വമംഗലം ഈ സ്ഥലത്ത് വന്നപ്പോൾ മഹാദേവന്റെ സാന്നിധ്യം മനസ്സിലാക്കി ഭഗവാനെ പൂജിച്ചു. മഹാദേവൻ വില്വമംഗലത്തിനു ദർശനം നൽകി !പിറ്റേന്ന് പോട്ടയിൽ ഇളയതും തോട്ടത്തിൽ നമ്പ്യാരും ഇടമനനമ്പൂതിരിയും പെരിയാറിൽ കുളിക്കുവാനെത്തിയപ്പോൾ വില്വമംഗലം പൂജിക്കുന്നത് കണ്ടു. ഉടനെ അവിടെ ചെന്ന് മൂവരും ചേർന്ന് പൂജയ്ക്ക് സൗകര്യമൊരുക്കി. കവുങ്ങിൻ പാളയിൽ നിവേദ്യവും ഒരുക്കി. വില്വമംഗലം പാളയിലെ നിവേദ്യം പൂജിച്ചു. ആ രീതി ഇന്നും തുടർന്നുവരുന്നു. അതാണ് പാള നിവേദ്യത്തിന്റെ രഹസ്യം.

സ്വാമിയാർ അധ്യക്ഷനായി, ഇളയതും നമ്പ്യാരും നമ്പൂതിരിയും ചേർന്ന് അവിടെ ക്ഷേത്രം പണിതു. എന്നാൽ അത് ഉറച്ചു നിന്നില്ല. വെള്ളപ്പൊക്കത്തിൽ നാമാവശേഷമായി തീർന്നു. പിന്നീട് ആരും അവിടെ ക്ഷേത്രം പണിതിട്ടില്ല. പ്രകൃതിയെ അതിജീവിക്കാൻ ദൈവിക ശക്തിക്ക് മാത്രമേ കഴിയൂ. പ്രകൃതിയോട് മല്ലടിച്ച് ഓളങ്ങളുടെ ആലിംഗനമേറ്റ് ആ ശിവലിംഗ വിഗ്രഹം ഒന്നും സംഭവിക്കാത്തമട്ടിൽ ഇന്നും നിലകൊള്ളുന്നു.

കുംഭമാസത്തിലെ മഹാശിവരാത്രിയും മീനമാസത്തിലെ ഉത്സവവും കൊണ്ടാടുന്നു. ശിവരാത്രി കൂടാതെ കർക്കിടകവാവിനും തുലാവാവിനും ക്ഷേത്രസന്നിധിയിൽ ബലിയിടാറുണ്ട്. ശ്രീരാമൻ ശിവരാത്രിയോടനുബന്ധിച്ച് അമാവാസിനാളിൽ ഇവിടെ വന്ന് ജടായുവിന്റെ ബലികർമ്മങ്ങൾ ചെയ്തു എന്നാണ് വിശ്വാസം.

മലപ്പുറത്തുള്ള തറയും ശിവലിംഗവുമാണ് ആദി പ്രതിഷ്ഠയുടെ മൂലസ്ഥാനം. പ്രതിഷ്ഠ പരശുരാമനാണെന്നും വില്വമംഗലമാണെന്നും അഭിപ്രായമുണ്ട്. എ.ഡി 1343 ലെ മഹാ പ്രളയത്തിൽ പെട്ട് നശിച്ചുപോയ മൂല ക്ഷേത്രത്തിനു പകരം തൊട്ടു വടക്കുവശത്തെ ഉയർന്ന ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇന്ന് കാണുന്ന പൂജയും മറ്റും നടത്തുന്ന ശിവക്ഷേത്രം. ഇതിനെ ബാലക്ഷേത്രം എന്ന് വിളിക്കുന്നത് ഇവിടെ മറ്റൊരു മൂലക്ഷേത്രം ഉള്ളതുകൊണ്ടാണ്. എന്നാൽ ഏറെ പ്രസിദ്ധി ആലുവാമണപ്പുറത്തു ശോഭിക്കുന്ന മഹാദേവനു തന്നെയാണ്. ക്ഷേത്രം ഭരണം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വകയാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

No comments:

Post a Comment