Pages

Monday, December 9, 2019

ശിവഭക്തിപഞ്ചകം

*ശിവഭക്തിപഞ്ചകം*
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ത്വൽപാദചിന്തനകൾ ദേവ,യിനിക്കു യോഗ-
ശിൽപങ്ങളായ് വരിക നിൻ ചരിതാമൃതങ്ങൾ

കൽപങ്ങളായ് വരികയെൻ കരണേന്ദ്രിയങ്ങൾ
പുഷ്പങ്ങളായ് വരിക നിൻ പദപൂജചെയ്‌വാൻ.   
   
അത്യന്തമത്ഭുതമതായറിവുള്ള ലോകം
നിത്യം പുകഴ്ത്തുമൊരു നിന്റെ കഥാമൃതങ്ങൾ

ബദ്ധാരം ബഹു നുകർന്നിനിയെന്നു ശംഭോ!
ചിത്തം കുളിർത്തു ചൊരിയുന്നിഹ കണ്ണുനീർ ഞാൻ.   
  
രുദ്രാക്ഷവും രജതകാന്തി കലർന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാർശ്വമാർന്നു

ചിദ്രൂപ! നിൻ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു നയിക്കുമീ ഞാൻ.    
  
ചിന്തിച്ചു നിന്റെ പദമേറെയലിഞ്ഞു ചിത്തം
വെന്തേറിടുന്ന വിരഹാർത്തി പൊറുത്തിടാതെ

അന്തസ്സിടിഞ്ഞു കരയും പൊഴുതശ്രുധാര
ചിന്തി സ്വയം ശിശിരമാവതുമെന്നിനിക്ക്:?     

ഇദ്ദേഹവുമിന്ദ്രിയവുമർത്ഥവുമേകമാക്കു-
മുദ്ദാമമായറിവെഴുന്നറിവും വെടിഞ്ഞു

അദ്വൈതമായൊഴുകുമമ്പതിലാഴ്ന്നഴിഞ്ഞെൻ
ചിദ്ദേവതേ! ചിരമിരിപ്പതുമെന്നഹോ! ഞാൻ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment