Pages

Saturday, November 23, 2019

തിരുകാച്ചാംകുറിശ്ശി പെരുമാൾ

🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ🙏*

*ഓം നമഃശിവായ*

*⚜ ക്ഷേത്രം -5⃣*

 *തിരുകാച്ചാംകുറിശ്ശി പെരുമാൾ*


 അനേകം ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പോലും സാധിക്കുന്ന ക്ഷേത്രമാണ് കശ്യപ മഹർഷി പ്രതിഷ്ഠിച്ച ഈ മഹാവിഷ്ണു ക്ഷേത്രം. കശ്യപകുറിച്ചി (കശ്യപക്ഷേത്രം) ലോപിച്ചാണ് കാച്ചാംകുറിശ്ശി ആയത് എന്നാണ് വിശ്വാസം.

പാലക്കാട് ജില്ലയിൽ കൊല്ലങ്കോടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുട്ടികളില്ലാത്തവർ ഇവിടെ ഒരു അന്നദാനം നടത്തിയാൽ ഒരു വർഷത്തിനകം സന്താനഭാഗ്യം ഉണ്ടാകുന്നത് പതിവാണ്. അതിന് കഴിയാത്തവർക്ക് കുട്ടികൾക്ക് പാൽപ്പായസ വിതരണം നടത്തുകയും ആകാം. തൊട്ടിൽ കെട്ടുന്ന വഴിപാടും ഇവിടെ പതിവാണ്. തൊട്ടിലുകൾ നിറഞ്ഞത് ഈ അടുത്ത് നവീകരണം നടന്നപ്പോഴാണ് അഴിച്ചു മാറ്റിയത്.


 ഇവിടെ കുടവും കയറും നടയ്ക്കു സമർപ്പിച്ചാൽ വലിവ്, ശ്വാസംമുട്ട് തുടങ്ങി ശ്വാസകോശസംബന്ധമായ രോഗങ്ങൾ വരെ ശമിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്.
സന്താനസൗഭാഗ്യ പൂജയും വിശേഷ വഴിപാടാണ്. സന്താനസൂക്തം ജപിച്ച് ഈ ക്ഷേത്രത്തിൽ നിന്നും നെയ്യ് (നെയ്യ് വാങ്ങി കൊടുക്കണം) കഴിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും.
ഈ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് കുഷ്ഠംകുഴി എന്നൊരു കുളം ഉണ്ട്. ഇവിടെ കുളിച്ചാൽ കുഷ്ഠരോഗം പോലും മാറും എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് അടുത്ത് സീതാർകുണ്ടം എന്നൊരു കുളം ഉണ്ട്. വനവാസകാലത്ത് ഇവിടെ താമസിച്ചപ്പോൾ സീത കുളിച്ചിരുന്നതിനാലാണ് കുളത്തിന് ഈ പേര് വന്നത് എന്നാണ് ഐതീഹ്യം.


 ക്ഷേത്രത്തിന് അടുത്തുള്ള ഗോവിന്ദമലയിലാണ് കശ്യപ മഹർഷി തപസ്സു ചെയ്തിരുന്നത്. ഇപ്പോഴവിടെ വിഷ്ണുപാദവും ശംഖും ഉണ്ട്. മൂകാംബികയിൽ പോകുന്നവർ കൊല്ലൂർക്ക് പോകുന്നപോലെ ഇവിടെ ഭക്തർ ഗോവിന്ദമലയിലും ദർശനം നടത്തുന്നു. എന്നാൽ ഇപ്പോൾ ജീപ്പ് സൗകര്യം ഒന്നും ഇല്ല. നടന്ന് തന്നെ കയറണം. മകരമാസത്തിലെ തൈപ്പൂയ്യത്തിന് ഗോവിന്ദമലയില്‍ ആളുകൾ എത്തി തീർത്ഥം സംഭരിച്ചു പോകുന്നു.
കേരളത്തിൽ എവിടെ യാഗം നടക്കുമ്പോഴും അതിന് വേണ്ട സോമലത ഇവിടെ നിന്നാണ് നൽകുന്നത്. ചതുർബാഹുവായ മഹാവിഷ്ണു വിഗ്രഹം അനന്തന്റെ മുകളിൽ ഇരിക്കുന്ന രൂപത്തിലുള്ള ദാരുവിഗ്രഹത്തിന് ഏതാണ്ട് അഞ്ചരയടി ഉയരം ഉണ്ട്. വിഗ്രഹത്തിൽ അഭിഷേകം ഇല്ല. മന്ത്രം ജപിച്ച് മയിൽപീലികൊണ്ട് ഉഴിയും. മഹാലക്ഷ്മിയും ഭൂമിദേവിയും ഇടത്തും വലത്തും ഉള്ളത് കണ്ണാടിയിലൂടെ കാണാൻ കഴിയും. അഭിഷേകത്തിനായി മറ്റൊരു വിഗ്രഹമാണുള്ളത്. ഈ വിഗ്രഹമാണ് ശീവേലിക്കായി എഴുന്നള്ളിക്കുന്നത്. കൊടുങ്ങല്ലൂരിലും തിരുമാന്ധാംകുന്നിലും ദാരുവിഗ്രഹമാണ്. സാധാരണ ദേവീക്ഷേത്രങ്ങളിലാണ് ദാരുവിഗ്രഹം ഉണ്ടാവുക. കൃഷ്ണശിലയിലോ പഞ്ചലോഹത്തിലോ ആണ് ക്ഷേത്രങ്ങളിൽ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നദിയിൽ കുളിക്കാം. ആദ്യം കശ്യപത്തറയിൽ തൊഴുതശേഷം വേണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ഗായത്രിനദിയും ഇക്ഷുമതി നദിയും ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്നു. രാവിലെ അഞ്ചിന് നടതുറക്കും. പത്തു മുപ്പത് വരെ നട തുറന്നിരിക്കും. വൈകിട്ട് അഞ്ചിന് തുറന്ന് ഏഴേമുക്കാലിന് നടയടക്കും.


 ക്ഷേത്രത്തിന് രണ്ട് തന്ത്രിമാരുണ്ട്. കരിയന്നൂർമന വാസുദേവൻ നമ്പൂതിരിയും, അണ്ടലാടിമന ശങ്കരൻ നമ്പൂതിരിപ്പാടും. മാനേജിങ് ട്രസ്റ്റി രവിവർമ്മ തമ്പാൻ വെങ്ങനാട് കോവിലകത്തെയാണ്.
ക്ഷേത്രത്തിന് നാൽപത്തി ആറായിരം പറ നിലം ഉണ്ടായിരുന്നു. ഭൂപരിഷ്കരണശേഷം അതൊക്കെ കൈവിട്ടു പോയി. എല്ലാ മാസവും തിരുവോണനാളിൽ അന്നദാനം പതിവാണ്. മേടമാസത്തിലെ അത്തത്തിന് കൊടിയേറ്റം തിരുവോണത്തിന് ആറാട്ട്. വൈശാഖോത്സവം എന്നാണിത് അറിയപ്പെടുന്നത്.
തുലാമാസത്തിൽ കറുത്തവാവിന് കർഷകർ ആദ്യ വിളവെടുപ്പിന് ധാന്യങ്ങളും പച്ചക്കറിയും നെല്ലും ക്ഷേത്രത്തില്‍ സമർപ്പിക്കുന്നു. ആ നെല്ല് ക്ഷേത്രത്തിൽ നേദിക്കാനായി എടുക്കുന്നു.
തുലാമാസം അവസാന ഞായറാഴ്ച സർപ്പബലി നടത്തുന്നു. കർക്കടകത്തിൽ നിറ, ഗണപതിപൂജ, ചിങ്ങത്തിൽ പുത്തരി, കന്നിയിൽ നവരാത്രിപൂജ, വൃശ്ചികത്തിൽ മണ്ഡലകാലത്ത് 44 ദിവസം വേദപാരായണ പുരസ്സരം രാത്രിയിൽ നടക്കുന്നു. ശിവൻ, ശാസ്താവ്, സർപ്പസുബ്രഹ്മണ്യൻ എന്നിവര്‍ ഉപദേവൻമാരാണ്. ക്ഷേത്രമതിലിനകത്തുള്ള ദേവനിർമ്മിതം എന്നു വിശ്വസിക്കുന്ന കൊക്കര്‍ണിയിലെ ജലമാണ് പൂജയ്ക്കെടുക്കുന്നത്. പാൽപന്തീരാഴി വഴിപാട് കഴിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല എന്നാണ് വിശ്വാസം.
മലയാളികൾ പഴനിക്ക് പോകുമ്പോൾ തമിഴർ കാച്ചാംകുറിശ്ശിയിലേക്ക് വരുന്നു. പഴനിക്ക് പോകുന്നവർക്ക് മാത്രമല്ല നെന്മാറ വേല കാണാൻ പോകുന്നവർക്കും നെല്ലിയാംപതിയിൽ പോകുന്നവർക്കും ഒക്കെ അതിനോടൊപ്പം സന്ദര്‍ശിക്കാവുന്ന ഒരു പുണ്യസ്ഥലമാണിത്.
ട്രെയിനിൽ വരുന്നവർ ഊട്ടറ (കൊല്ലങ്കോട്) ഇറങ്ങുക. പാലക്കാട്ട് നിന്നും ഇലവഞ്ചേരി ബസിൽ കയറി കാച്ചാംകുറിശ്ശി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. കൊല്ലങ്കോട് ബസിറങ്ങി മൂന്ന് കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാലും ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രത്തിന് മുന്നിലൂടെ ബസ് റൂട്ടുണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

No comments:

Post a Comment